Film News
സ്റ്റാര്‍ കിഡ്‌സിന് കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വരില്ല, ഷൂട്ടിനിടയില്‍ ജനക്കൂട്ടത്തിനിടയില്‍ നിന്നും അശ്ലീല കമന്റുകള്‍ കേട്ടിട്ടുണ്ട്: ഐശ്വര്യ ഭാസ്‌കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 16, 03:28 pm
Thursday, 16th June 2022, 8:58 pm

താരങ്ങളുടെ മക്കള്‍ക്ക് ഒരിക്കലും കാസ്റ്റിങ് കൗച്ചിലൂടെ കടന്നുപോവേണ്ട അവസ്ഥ ഉണ്ടായിട്ടില്ലെന്ന് നടി ഐശ്വര്യ ഭാസ്‌കര്‍. 90കളില്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ജനക്കൂട്ടത്തിനിടിയില്‍ നിന്നും അശ്ലീല കമന്റുകള്‍ കേള്‍ക്കേണ്ടി വന്ന അനുഭവവും ഐശ്വര്യ ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘രാമരാജന്‍ സാറിന്റെ ഒരു സിനിമ. പാവാടയും ബ്ലൗസുമൊക്കെ ഇട്ട് ഞാന്‍ സാറിന്റെ പുറകെ പോവുകയാണ്. രാമരാജന്‍ സാര്‍ പോയപ്പോള്‍ ജനങ്ങളെല്ലാം കയ്യടിച്ചു. അദ്ദേഹം പോയി കഴിഞ്ഞപ്പോള്‍ ഞാന്‍ തല കുനിച്ച് ഒന്നും മിണ്ടാതെ അതുവഴി പോവുകയാണ്. അപ്പോള്‍ ജനകൂട്ടത്തിനിടയില്‍ നിന്നും ഒരു ശബ്ദം, ഐസ് വരുന്നോ എന്ന്. 90കളിലേ ഞാന്‍ ഇത് കേട്ടു. ഒരു സാധാരണ വീട്ടമ്മ നല്ല ഒരു സാരി ഉടുത്ത് പോയാലും ആരാ വാങ്ങികൊടുത്തതെന്ന് ആളുകള്‍ കമന്റ് ചെയ്യും.

സ്റ്റാര്‍ കിഡ്‌സ് ഒരിക്കലും കാസ്റ്റിങ് കൗച്ചിലൂടെ കടന്നുപോവുന്നില്ല. ഞാന്‍ വലിയ ലെവലിലൊന്നും വളര്‍ന്നിട്ടില്ല. എന്റെ പ്രിന്‍സിപ്പിള്‍സിലൊന്നും ഞാന്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ല. കോമ്പ്രമൈസ് ചെയ്തവര്‍ സമാധാനമായി ഉറങ്ങുന്നുണ്ടെന്ന് തോന്നിയിട്ടില്ല,’ ഐശ്വര്യ ഭാസ്‌കര്‍ പറഞ്ഞു.

താന്‍ ഇപ്പോള്‍ സോപ്പ് വിറ്റാണ് ഉപജീവനം നടത്തുന്നതെന്നും സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും ഐശ്വര്യ പറഞ്ഞു.

‘എനിക്ക് ജോലിയില്ല. സാമ്പത്തികമായി ഒന്നുമില്ല. തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടങ്ങളില്ല. എന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമേയുള്ളൂ. മകള്‍ വിവാഹം കഴിഞ്ഞ് പോയി. എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല. നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും ഞാന്‍ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാന്‍ തിരികെപ്പോകും. സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമുണ്ട്. ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

Content Highlight: Actress Aishwarya Bhaskar has said that star kids have never had to go through a casting couch