| Thursday, 9th July 2020, 12:22 pm

'ശനിയാഴ്ച അഴിമതി പുറത്ത് വരുന്നു, ഞായറാഴ്ച ട്രിപ്പിള്‍ ലോക്ക് ഡൗണ്‍'; നടി അഹാന കൃഷ്ണയുടെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ് വിവാദത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് സ്വര്‍ണ വേട്ട നടന്നതുകൊണ്ടാണെന്ന് നടി അഹാനാ കൃഷ്ണയുടേതായി വന്ന സ്റ്റാറ്റസ് വിവാദത്തില്‍. തിരുവനന്തപുരം ജില്ലയില്‍ സമൂഹ വ്യാപന സാധ്യതയുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകരടക്കം പറയുന്ന സാഹചര്യത്തിലാണ് സ്വര്‍ണവേട്ടയില്‍ സര്‍ക്കാരിന്റെ പങ്കിനെ മറയ്ക്കാനാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്ന തരത്തിലുള്ള നടിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ്.

‘ശനിയാഴ്ച- ഒരു പ്രധാന രാഷ്ട്രീയ അഴിമതി പുറത്ത് വരുന്നു, ഞായറാഴ്ച അത്ഭുതമെന്ന് പറയട്ടെ തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നു,’എന്നായിരുന്നു അഹാനകൃഷ്ണയുടെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ്.

സ്വര്‍ണവേട്ടയെ പൊളിറ്റിക്കല്‍ സ്‌കാം എന്നാണ് നടി വിശേഷിപ്പിച്ചതെന്നതും സ്‌ക്രീന്‍ ഷോട്ടില്‍ കാണാം. അതേസമയം അഹാനാകൃഷ്ണന്റെ സ്റ്റാറ്റസിനെതിരെ നിരവധി പേരാണ് വിമര്‍ശങ്ങളുമായി രംഗത്തെത്തുന്നത്.

അഹാന കൃഷ്ണ പറഞ്ഞത് അങ്ങേയറ്റം നിരുത്തരവാദപരവും ജനദ്രോഹവുമായ സംഗതിയാണെന്നാണ് മാധ്യപ്രവര്‍ത്തകന്‍ സനീഷ് ഇളയടത്ത് പ്രതികരിച്ചത്.

സംസ്ഥാനത്ത് കൊവിഡ് ബാധ അതീവ ഗുരുതരമായി പടര്‍ന്ന കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിനെ നിസ്സാരീകരിക്കുന്ന നടപടിയാണ് ഇതെന്ന് സനീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

‘ഞാനിരിക്കുന്ന കഴക്കൂട്ടത്ത് നിരത്തൊക്കെ ശൂന്യമാണ്, ഭയമുണ്ട് അന്തരീക്ഷത്തില്‍. ഇതേ തിരുവനന്തപുരത്താണ് ഈ നടിയും ജീവിക്കുന്നതെന്നാണ് മനസിലാക്കുന്നത്,’ സനീഷ് പറഞ്ഞു. തിരുത്തേണ്ടതാണ് ഇമ്മാതിരി ശരിയല്ലാത്ത കാര്യങ്ങള്‍ എന്നു പറഞ്ഞു കൊള്ളട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രത്തിന്റെയും കേരളത്തിന്റെയും ആരോഗ്യ സംവിധാനങ്ങള്‍ നിശ്ചയിച്ച മാനദണ്ഡങ്ങളൊക്കെ പാലിച്ചേ ഒരു സ്ഥലത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഒക്കെ പ്രഖ്യാപിക്കാവൂ. തിരുവനന്തപുരത്ത് അത്തരമൊരു സ്ഥിതി യഥാര്‍ത്ഥത്തില്‍ ഉണ്ട്. പൂന്തുറ സമൂഹ വ്യാപന ഭീഷണയിലാണ്. അവിടെ കമാന്‍ഡോകളെയടക്കം വിന്യസിച്ചിരിക്കുകയാണെന്നും സനീഷ് പറഞ്ഞു.

സ്വര്‍ണം പിടിച്ച ദിവസം തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 301 പേര്‍ക്കാണ്. തിരുവനന്തപുരത്ത് മാത്രം 64 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ 60ഉം സമ്പര്‍ക്കം വഴിയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് അവിടെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

അതീവ ജാഗ്രത വേണ്ട സാഹചര്യമാണ് പൂന്തുറയിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരം മേയര്‍ കെ.ശ്രീകുമാറും നേരത്തെ പറഞ്ഞിരുന്നു.

പൂന്തുറയില്‍ ബുധനാഴ്ച രോഗം സ്ഥിരീകരിച്ച 54 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധ. ഒരാളുടെ മാത്രം പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത് 120 പേരാണ്. ഇതില്‍ നാലു മാസം പ്രായമുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നു. അഞ്ചു ദിവസത്തിനിടെ ഇവിടെ നിന്ന് ശേഖരിച്ച 600 സാംപിളുകളില്‍ 119 എണ്ണവും കോവിഡ് പോസിറ്റീവായി.

We use cookies to give you the best possible experience. Learn more