കഥാപാത്രത്തിന് അനുയോജ്യയല്ലാത്തത് കൊണ്ടാണ് അഹാനയെ മാറ്റിയത്; പൃഥ്വിരാജിന് അതുമായി ഒരു ബന്ധവുമില്ല: ഭ്രമം നിര്‍മ്മാതാക്കള്‍
Entertainment
കഥാപാത്രത്തിന് അനുയോജ്യയല്ലാത്തത് കൊണ്ടാണ് അഹാനയെ മാറ്റിയത്; പൃഥ്വിരാജിന് അതുമായി ഒരു ബന്ധവുമില്ല: ഭ്രമം നിര്‍മ്മാതാക്കള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 9th March 2021, 11:47 am

പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായ ഭ്രമം എന്ന ചിത്രത്തില്‍ നിന്നും നടി അഹാനയെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. മകള്‍ അഹാനയെ സിനിമയില്‍ നിന്നും ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയ നിലപാടുകളാണെന്ന പ്രസ്താവനയുമായി നടനും ബി.ജെ.പി പ്രവര്‍ത്തകനുമായ കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ വിശദീകരണവുമായി നിര്‍മ്മാതാക്കളായ ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ് രംഗത്തെത്തിയത്.

ഭ്രമം എന്ന സിനിമയില്‍ അഭിനേതാക്കളുടെ തെരഞ്ഞെടുപ്പിലോ ടെക്‌നിഷ്യന്മാരെ നിര്‍ണ്ണയിക്കുന്നതിലോ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പരിഗണനകള്‍ ഇല്ലായിരുന്നുവെന്ന് ഓപ്പണ്‍ ബുക്ക്‌സ് പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. അഹാനയെ ഒഴിവാക്കിയത് രാഷ്ട്രീയ നിലപാടുകള്‍ മുന്‍നിര്‍ത്തിയാണെന്ന ആരോപണത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.

അഹാനയെ പരിഗണിച്ചിരുന്നുവെന്നും എന്നാല്‍ ക്യാമറ ടെസ്റ്റിനും ട്രയലിനും ശേഷം കഥാപാത്രത്തിന് അനുയോജ്യയല്ലെന്ന് മനസ്സിലായതോടെയാണ് ഒഴിവാക്കിയതെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. ഇക്കാര്യം അഹാനയെ ഔദ്യോഗികമായി അറിയിച്ചിരുന്നുവെന്നും ക്ഷമാപണം നടത്തുകയും അടുത്ത പ്രോജക്ടില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാം എന്ന് പറയുകയും ചെയ്തതാണെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.

അന്തിമ തീരുമാനമാകുന്നതുവരെ സിനിമയില്‍ പരിഗണിക്കുന്ന കാര്യം പുറത്തുപറയരുതെന്ന് അഹാനയോട് അറിയിച്ചിരുന്നെങ്കിലും ചില മാധ്യമങ്ങളില്‍ നടിയുടെ പേര് വരികയായിരുന്നുവെന്നും നിര്‍മ്മാതാക്കള്‍ കുറിപ്പില്‍ പറയുന്നുണ്ട്.

സിനിമക്ക് അനുയോജ്യമായ അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നത് സംവിധായകനും എഴുത്തുകാരനും ക്യാമറമാനും നിര്‍മ്മാതാക്കളുമാണെന്നും നടന്‍ പൃഥ്വിരാജ് സുകുമാരനോ സിനിമയുടെ ടീമിലെ മറ്റ് അംഗങ്ങള്‍ക്കോ കാസ്റ്റിംഗുമായി ബന്ധമില്ലെന്നും ഓപ്പണ്‍ ബുക്ക്‌സ് പ്രൊഡക്ഷന്‍സ് പറഞ്ഞു.

ഓപ്പണ്‍ ബുക്ക്‌സിന്റെ വിശദീകരണ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ബഹുമാന്യരെ, ഞങ്ങള്‍ ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ‘ഭ്രമം’ എന്ന സിനിമയില്‍ അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിലോ ടെക്നിഷ്യന്‍മാരെ നിര്‍ണ്ണയിക്കുന്നതിലോ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പരിഗണനകള്‍ ഇല്ല എന്ന് ആദ്യം തന്നെ ഓപ്പണ്‍ ബുക്കിന്റെ സാരഥികള്‍ എന്ന രീതിയില്‍ ഞങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ന് ചില മാധ്യമങ്ങളില്‍ അഹാനയെ സിനിമയില്‍ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ നിലപാടുകള്‍ മുന്‍നിര്‍ത്തിയാണെന്ന വാര്‍ത്ത ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. ഈ വാര്‍ത്തയില്‍ ഉദ്ദേശിച്ച ചിത്രം ഞങ്ങള്‍ നിര്‍മ്മിച്ച ‘ഭ്രമം’ എന്ന സിനിമയാണെങ്കില്‍ ആ ആരോപണത്തെ ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ് ശക്തമായി എതിര്‍ക്കുന്നു

ഒരു സിനിമയില്‍ കഥാപാത്രത്തിന് അനിയോജ്യമായ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത് ആ സിനിമയുടെ സംവിധായകനും, എഴുത്തുക്കാരനും, ക്യാമറമാനും, നിര്‍മ്മാതാക്കളും മാത്രമാണ്. അഹാനയെ ഞങ്ങള്‍ പരിഗണിച്ചുവെന്നത് ശരിയാണ്, പക്ഷേ അന്തിമ തീരുമാനം ക്യാമറ ടെസ്റ്റിനും കോസ്റ്റ്യൂം ട്രയലിനും ശേഷം മാത്രമായിരിക്കും എന്നും ഞങ്ങള്‍ അഹാനയെ അറിയിച്ചിരുന്നു. അതുവരെ ഈ സിനിമയില്‍ പരിഗണിച്ച കാര്യം പുറത്തു പറയരുത് എന്നും നിര്‍മ്മാതാക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ അവരെ അറിയിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അഹാനയുടെ പേര് ചില മാധ്യമങ്ങളില്‍ വരുകയും ചെയ്തു.

അഹാന മറ്റൊരു സിനിമയുടെ ജോലിയില്‍ ആയിരുന്നതിനാല്‍ ക്യാമറ ടെസ്റ്റിനും കോസ്റ്റ്യൂം ട്രയലും ആദ്യം നിശ്ചയിച്ച ഡേറ്റില്‍ നടന്നില്ല; അഹാനയ്ക്ക് കോവിഡ്-19 ബാധിച്ചതിനാല്‍ വീണ്ടും അത് വൈകുകയായിരുന്നു. അവര്‍ രോഗമുക്ത ആയ ശേഷം 2021 ജനുവരി 10ന് ക്യാമറ ടെസ്റ്റും കോസ്റ്റ്യൂം ട്രയലും നടത്തി. കോസ്റ്റ്യൂം ട്രയലിന്റെ ചിത്രങ്ങള്‍ കണ്ട ശേഷം സംവിധായകാനും എഴുത്തുക്കാരനും നിര്‍മ്മാതാക്കളും അഹാന ഈ കഥാപാത്രത്തതിനു അനുയോജ്യ അല്ല എന്ന നിഗമനത്തില്‍ എത്തിയിരുന്നു. ഈ വിവരം അഹാനയെ വിളിച്ച് ഔദ്യോഗികമായി അറിയിക്കുകയും ക്ഷമാപണം നടത്തുകയും അടുത്ത പ്രോജക്ടില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാം എന്ന് പറയുകയും ചെയ്തു.

ഈ തീരുമാനം തികച്ചും തൊഴില്‍പരമായ തീരുമാനമാണെന്നും അതില്‍ ഒരു രാഷ്ട്രീയ പ്രേരണയും കലര്‍ന്നിട്ടില്ലെന്നും ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്. ഞങ്ങള്‍ 25 വര്‍ഷമായി സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. സിനിമ ഞങ്ങളുടെ തൊഴിലിടമാണ്, തൊഴില്‍ ഞങ്ങള്‍ക്ക് ദൈവമാണ്. ഞങ്ങളുടെ തൊഴിലിടങ്ങളില്‍ ജാതി, മതം, വംശീയം, വര്‍ണ്ണം, ലിംഗഭേദ്, കക്ഷി രാഷ്ട്രീയം എന്നീ ഒരു വിവേചനങ്ങളും ഉണ്ടാവാതിരിക്കാന്‍ എന്നും ശ്രദ്ധിക്കാറുണ്ട്, ഉറപ്പുവരുത്താറുണ്ട്. ഇനിയും അത് തന്നെ ആയിരിക്കും ഞങ്ങളുടെ നയം.

ആരുടെ എന്ത് താത്പര്യങ്ങള്‍ക്ക് വേണ്ടിയാണെങ്കിലും ഞങ്ങളുടെ തൊഴിലിടങ്ങളെ ഇത്തരം വിവേചനങ്ങളിലേക്ക് വലിച്ചിഴക്കരുത് എന്ന് ഞങ്ങള്‍ താഴ്ചയായി അഭ്യര്‍ത്ഥിക്കുന്നു, അപേക്ഷിക്കുന്നു. ഈ കത്തിന്റെ അവസാനം ഒരു കാര്യം കൂടെ കൂട്ടിച്ചേര്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ശ്രീ പഥ്വിരാജ് സുകുമാരനോ ഭ്രമം സിനിമ ടീമിലെ മറ്റ് അംഗങ്ങള്‍ക്കോ ഭ്രമത്തിന്റെ കാസ്റ്റിംഗ് തീരുമാനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് ഞങ്ങള്‍ വ്യക്തമായി പറയാന്‍ ആഗ്രഹിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Actress Ahaana Krishna removed from Prithviraj movie Bhramam controversy, Producers’ explanation