സോഷ്യല്‍ മീഡിയയിലെ തന്റെ പോസ്റ്റുകള്‍ കണ്ട് പലരും തന്നെക്കുറിച്ച് തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് നടി അഹാന കൃഷ്ണ. താന്‍ ഏത് സെറ്റില്‍ പോയാലും ആദ്യം എല്ലാവരും തന്നെ നോക്കി കാണുക സോഷ്യല്‍ മീഡിയയില്‍ എപ്പോഴും പോസ്റ്റുകള്‍ ഇട്ട് ആക്ടീവായി നടക്കുന്ന വ്യക്തിയായിട്ടാണെന്നും അഹാന പറഞ്ഞു.
നല്ലൊരു ഫോട്ടോ ഇടുമ്പോള്‍ ആളുകള്‍ വിചാരിക്കുന്നത് താന്‍ പ്ലാസ്റ്റിക്കാണെന്നാണെന്നും തനിക്ക് അഭിനയിക്കാനറിയില്ലെന്നാണെന്നും താരം പറഞ്ഞു. ഐ ആം വിത്ത് ധന്യ വര്‍മ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഹാന ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”എല്ലാവരുടെയും മുന്നില്‍ ചെന്ന് ഞാന്‍ ഒരു പാവമാണെന്ന് പറഞ്ഞ് നടക്കാന്‍ പറ്റില്ലല്ലോ. ഞാന്‍ ഏത് സെറ്റില്‍ പോയാലും ഒരു ദിവസം കഴിഞ്ഞാല്‍ ആളുകള്‍ പറയും ഞാന്‍ നല്ല രസമുണ്ടെന്ന്. ഞാന്‍ നല്ല രസമാണ്, എന്നെക്കുറിച്ച് ആളുകള്‍ ഓരോന്ന് വിചാരിച്ചത് എന്റെ കുഴപ്പമാണോ.
സോഷ്യല്‍ മീഡിയയില്‍ ഞാന്‍ എന്റെ എല്ലാ സൈഡും കാണിക്കാറുണ്ട്. ചില സമയത്ത് വീട്ടിലിരിക്കുന്ന പോലെ തന്നെയാണ് വരുക, എന്നാല്‍ ചിലപ്പോള്‍ നല്ല ഡ്രസ് ഇട്ട് ഒരുങ്ങി ഫോട്ടോ ഇടും. അത്തരം ഫോട്ടോസ് കണ്ടിട്ട് നമ്മള്‍ എന്തോ ബാര്‍ബി ഡോളാണെന്ന് വിചാരിച്ചാല്‍ എനിക്ക് എന്ത് ചെയ്യാന്‍ പറ്റും.
ആളുകള്‍ അങ്ങനെ വിചാരിക്കുന്നത് എന്റെ കുഴപ്പമല്ലല്ലോ. ഞാന്‍ നല്ലൊരു ഫോട്ടോ ഇട്ടാല്‍ എന്തിനാണ് ആളുകള്‍ അവള്‍ പ്ലാസ്റ്റിക്കാണെന്നും അവള്‍ക്ക് അഭിനയിക്കാന്‍ അറിയില്ലെന്നൊക്കെ പറയുന്നത്,” അഹാന പറഞ്ഞു.
അടി സിനിമയുടെ സെറ്റില്‍ വെച്ച് ഷൈനിനൊപ്പമുള്ള അനുഭവത്തെക്കുറിച്ചും അഹാന പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ മുഴുവന്‍ സമയവും ചെലവഴിക്കുന്ന, എപ്പോഴും പോസ്റ്റുകളിടുന്ന ആളാണ് താന്‍ എന്നാണ് ഷൈന്‍ വിചാരിച്ചതെന്നാണ് അഹാന പറഞ്ഞത്.
”അടി സിനിമയില്‍ എന്റെ കോ ആക്ടര്‍ ഷൈന്‍ ടോം ചാക്കോയാണ്. അധികമൊന്നും ആദ്യം സംസാരിക്കാറില്ലായിരുന്നു. നമ്മള്‍ പതുക്കെ പതുക്കെ ആദ്യം സംസാരിച്ചു തുടങ്ങിയപ്പോള്‍ താന്‍ ഇങ്ങനെ ഒരാളാണ് എന്നല്ല ഞാന്‍ വിചാരിച്ചതെന്ന് പുള്ളി എന്റെ അടുത്ത് പറഞ്ഞു.
പിന്നെ എന്താണ് എന്നെക്കുറിച്ച് വിചാരിച്ചതെന്ന് ഞാന്‍ ചോദിച്ചു. പുള്ളി ഒന്നുമില്ലെന്ന് പറഞ്ഞു. ഫുള്‍ ടൈം ഇന്‍സ്റ്റഗ്രാം നോക്കി ഇരുന്ന്, വൈ ഫൈ എവിടെ എനിക്ക് പോസ്റ്റ് ഇടണം എന്ന് പറഞ്ഞു നടക്കുന്ന കുട്ടിയാണെന്ന് വിചാരിച്ചോയെന്ന് ഞാന്‍ അങ്ങോട്ട് ചോദിച്ചു.
അതെ അങ്ങനെയാണ് വിചാരിച്ചതെന്ന് പുള്ളി പറഞ്ഞു. ആളുകള്‍ എന്തൊരു ജഡ്ജ്‌മെന്റലാണ്. എല്ലാവരും വിചാരിക്കുക നമ്മള്‍ ഭയങ്കര ഹാഷ് ബൂഷ് സെറ്റപ്പിലാണെന്നാണ്. ആളുകള്‍ അങ്ങനെ വിചാരിക്കുന്നതില്‍ എനിക്ക് എന്ത് ചെയ്യാന്‍ പറ്റും,” അഹാന പറഞ്ഞു.
content highlight: actress ahana krishna about social media