സാമ്പത്തികമായി ബുദ്ധിമുട്ടിയ സമയത്ത് തന്റെ കുടുംബം നേരിട്ട അനുഭവങ്ങളെക്കുറിച്ചും അമ്മയെക്കുറിച്ചും പറയുകയാണ് നടി അഹാന കൃഷ്ണ. കൂട്ടുകാരി കൊടുക്കുന്ന വസ്ത്രങ്ങളും കയ്യിലുള്ള പഴയ വസ്ത്രങ്ങളുമായിരുന്നു തന്റെ അമ്മ ധരിച്ചിരുന്നതെന്നും സ്വന്തം ഇഷ്ടത്തിന് അനുസരിച്ചുള്ള നല്ല വസ്ത്രങ്ങള്‍ ധരിക്കുകയെന്നത് തന്റെ അമ്മയുടെ വലിയ ആഗ്രഹമായിരുന്നെന്നും അഹാന പറഞ്ഞു.
കോളേജില്‍ പഠിക്കുമ്പോള്‍ ട്രിപ്പ് പോവാനുള്ള പൈസ ഇല്ലാതിരുന്നപ്പോള്‍ അമ്മ തന്റെ സ്വര്‍ണം പണയം വെച്ചാണ് പൈസ തന്നതെന്നും അതോര്‍ത്ത് തനിക്ക് വല്ലാതെ വിഷമം ആയെന്നും അഹാന പറഞ്ഞു. ഐ ആം വിത്ത് ധന്യ വര്‍മ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഹാന ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”പിള്ളേരുടെ ചിലവൊക്കെ കഴിഞ്ഞ് കടയില്‍ പോയി പുതിയ ഡ്രസ് വാങ്ങുകയെന്നത് എന്റെ അമ്മ ചിന്തിക്കാത്ത കാര്യമാണ്. അമ്മയുടെ സുഹൃത്തുക്കള്‍ കുറേ വസ്ത്രങ്ങള്‍ വാങ്ങിക്കുമ്പോള്‍ ചിലത് അവര്‍ അമ്മക്ക് അയക്കും.
ഒരു സമയത്ത് അമ്മ ഒന്നുകില്‍ പഴയ വസ്ത്രം ധരിക്കും അല്ലെങ്കില്‍ സുഹൃത്ത് അയക്കുന്ന വസ്ത്രം ധരിക്കും. അതല്ലാതെ അമ്മ പോയി വസ്ത്രം വാങ്ങിക്കാറില്ലായിരുന്നു. എന്നാണാവോ എന്റെ ആഗ്രഹത്തിന് അനുസരിച്ചുള്ള ഡ്രസ് കടയില്‍ പോയി വാങ്ങാന്‍ പറ്റുകയെന്ന് അമ്മ എപ്പോഴും എന്നോട് പറയാറുണ്ടായിരുന്നു.
അതെന്റെയും വലിയ ആഗ്രഹമായിരുന്നു. അമ്മയെ കടയില്‍ കൊണ്ടുപോയിട്ട് ഇഷ്ടമുള്ളത് വാങ്ങിച്ചു കൊടുക്കണം. ഇന്ന് എനിക്ക് അത് സാധിക്കുന്നുണ്ട്. ഷോപ്പില്‍ കൊണ്ടുപോയി അമ്മക്ക് ഇഷ്ടമുള്ളതൊക്കെ എടുത്തോളൂയെന്ന് ഇന്ന് പറയാന്‍ പറ്റുന്നുണ്ട്.
നമുക്ക് കാശൊന്നും ഇല്ലാത്ത സമയത്ത്. ഞാന്‍ കോളേജില്‍ സെക്കന്‍ഡ് ഇയറില്‍ പഠിക്കുമ്പോള്‍ ഗ്യാങ് ടോക്കില്‍ ഒരു ഫോട്ടോഗ്രഫി ട്രിപ്പുണ്ടായിരുന്നു. നാല്പ്പതിനായിരം രൂപയാണ് അതിന് വേണ്ടി കുട്ടികളുടെ അടുത്ത് നിന്ന് വാങ്ങുക. ഇവര്‍ ഇത് അനൗണ്‍സ് ചെയ്തപ്പോള്‍ ഞാനും സ്‌കൂളിലെ കുറച്ച് പാവം പിള്ളേരും ഞെട്ടിപ്പോയി.
നമ്മള്‍ സ്‌കൂളില്‍ അയ്യായിരം രൂപ കൊടുത്തൊക്കെയാണ് അതുവരെ ടൂര്‍ പോയിരുന്നത്. ആരെങ്കിലും നാല്പ്പത്തി അയ്യായിരം രൂപ കൊടുത്തിട്ട് ഫ്‌ളൈറ്റില്‍ ട്രിപ്പ് പോയിട്ടുണ്ടോ. ഞാന്‍ ഇത് അമ്മയുടെ അടുത്ത് പറഞ്ഞു. പോവുകയാണെങ്കില്‍ പൈസ വേണ്ടി വരുമെന്ന്.
എന്നാല്‍ പിന്നീട് ഞങ്ങള്‍ കുറച്ചു പേര് പോവുന്നില്ലയെന്ന് തീരുമാനിച്ചു. ക്ലാസ് കഴിഞ്ഞ് അമ്മയെ വിളിച്ചപ്പോള്‍ അതിന് പേര് കൊടുത്തോളൂ, കയ്യിലുണ്ടായിരുന്ന കുറച്ച് സ്വര്‍ണം പണയം വെച്ചുവെന്ന് അമ്മ പറഞ്ഞു. അയ്യോ അമ്മേ കൂട്ടുകാരൊന്നും പോവുന്നില്ലെന്ന് ഞാന്‍ പറഞ്ഞു.
എനിക്ക് വല്ലാത്ത വിഷമം തോന്നി. അല്ലെങ്കില്‍ തന്നെ കയ്യിലുണ്ടായിരുന്ന സ്വര്‍ണമൊക്കെ ബാങ്കില്‍ വേച്ചേക്കുകയായിരുന്നു. കാശില്ലാത്തതുകൊണ്ട് എനിക്ക് പോവാന്‍ പറ്റിയില്ലല്ലോയെന്ന് ഫീലാവാതിരിക്കാനാണ് പെട്ടെന്ന് അമ്മ അങ്ങനെ ചെയ്തത്. അമ്മക്ക് പലപ്പോഴും ഒരു ഓസ്‌കാര്‍ കൊടുക്കണമെന്ന് ഞാന്‍ കരുതിയിട്ടുണ്ട്,” അഹാന കൃഷ്ണ പറഞ്ഞു.
content highlight: actress ahana krishna about her mother