തുല്യതയുടെ ലോകത്താണ് താന്‍ വളര്‍ന്നുവന്നതെന്ന് പറയുകയാണ് നടി അഹാന കൃഷ്ണ. തന്റെ വീട്ടില്‍ നിന്നുമാണ് ഇത്തരം കാര്യങ്ങള്‍ പഠിച്ചതെന്നും താരം പറഞ്ഞു. പെണ്‍കുട്ടിയായത് കൊണ്ട് അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നൊന്നും തന്നോട് ആരും പറഞ്ഞിട്ടില്ലെന്നും അത്തരം വേര്‍തിരുവുകള്‍ തന്റെ വീട്ടിലുണ്ടായിരുന്നില്ലെന്നും അഹാന പറഞ്ഞു.
പെണ്‍കുട്ടികള്‍ എന്ത് കാര്യം ചെയ്യാനും പ്രാപ്തരാണെന്നും എന്തെങ്കിലും കാര്യം ചെയ്യുമ്പോല്‍ ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നൊന്നും നോക്കേണ്ടതില്ലെന്നും ഐ ആം വിത്ത് ധന്യ വര്‍മ എന്ന പരിപാടിയില്‍ സംസാരിക്കവെ അഹാന പറഞ്ഞു.
‘ചെറുപ്പത്തില്‍ അച്ഛന്‍ തമാശക്ക് പറയുമായിരുന്നു ഞാന്‍ മരിച്ചാല്‍ എന്റെ ചടങ്ങുകളൊക്കെ നിങ്ങള്‍ തന്നെ ചെയ്താല്‍ മതിയെന്ന്. അല്ലാതെ നിങ്ങളുടെ ഭര്‍ത്താക്കന്മാരെ കൊണ്ടൊന്നും ചെയ്യിക്കരുതെന്ന്. ഞങ്ങള്‍ അങ്ങനെയാണ് വളര്‍ന്നത്. ഒരിക്കലും പെണ്‍കുട്ടിയായത് കൊണ്ട് അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നൊന്നും ഞങ്ങളോട് പറഞ്ഞിട്ടില്ല. എന്റെ അച്ഛന്റെ പ്രിയ വിനോദമായിരുന്നു നമ്മളെ കൊണ്ട് മരത്തില്‍ കയറ്റിക്കുന്നത്.
ഞാന്‍ കയറില്ലായിരുന്നു. പക്ഷെ നമ്മളെ നിര്‍ബന്ധിക്കുമായിരുന്നു. കൊച്ചിലെ മരത്തിലിരിക്കുന്ന ഫോട്ടോയൊക്കെ ഇപ്പോവും ഞങ്ങളുടെവീട്ടിലുണ്ട്. ഞങ്ങള്‍ വളര്‍ന്നത് തുല്യതയുടെ ലോകത്താണ്. അത് ഉറപ്പായും നമ്മുടെ ചിന്താഗതികളില്‍ പ്രതിഫലിക്കും. ഇതുകൊണ്ടൊക്കെ തന്നെ ഞങ്ങള്‍ എല്ലാവരും ആത്മവിശ്വാസമുള്ള വ്യക്തികളായിട്ടാണ് വളര്‍ന്നത്.
ഞങ്ങളുടെ വീട്ടില്‍ അച്ഛനും അമ്മയും നാല് പിള്ളേരും മാത്രമെയുള്ളു. അച്ഛന്‍ വീട്ടിലില്ലാത്തപ്പോള്‍ ഞങ്ങള്‍ നാലുപേരാണല്ലോ ഉണ്ടാവുക. അപ്പോള്‍ എന്തെങ്കിലും അത്യാവശ്യം വന്നാല്‍ ഞാനോ എന്റെ അനിയത്തിമാരോ ഡ്രൈവ് ചെയ്ത് പോയി കാര്യം നടത്തണം. അല്ലാതെ അയ്യോ അപ്പുറത്തെ വീട്ടിലെ ചേട്ടന്മാര്‍ വല്ലം ഉണ്ടോയെന്ന് നോക്കാന്‍ പറ്റില്ലല്ലോ. കാരണം നമുക്ക് സഹാദരന്മാര്‍ ഒന്നുമില്ലല്ലോ.
പെണ്‍കുട്ടികള്‍ എല്ലാ കാര്യത്തിലും പ്രാപ്തരാണ്. എന്തെങ്കിലും കാര്യം ചെയ്യാന്‍ നമ്മള്‍ ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്ന കാര്യത്തിന് പ്രസക്തിയില്ല. ആ ഒരു ചിന്ത നമ്മുടെ മനസിലുണ്ട്. എന്റെ അനിയത്തി ഹന്‍സികക്ക് ഏതാണ്ട് പത്ത് വയസുള്ളപ്പോള്‍ തന്നെ എന്താണ് ഫെമിനിസം എന്നൊക്കെ അറിയാം. കാരണം അവള്‍ കണ്ട് വളരുന്നത് അങ്ങനെയായിരുന്നു,’ അഹാന കൃഷ്ണ പറഞ്ഞു.
പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന അടിയാണ് അഹാനയുടേതായി റിലീസിനൊരുങ്ങുന്ന സിനിമ. ഷൈന്‍ ടോം ചാക്കോയാണ് സിനിമയില്‍ നായകനായെത്തുന്നത്. യുവ താരം ധ്രുവനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏപ്രില്‍ 14നാണ് സിനിമ തിയേറ്ററിലെത്തിയത്.
content highlight: actress ahana krishna about her family