| Sunday, 16th April 2023, 3:58 pm

ലോണ്‍ അടക്കേണ്ട സമയം ആകുമ്പോള്‍ ആരുടെ അടുത്ത് പൈസ ചോദിക്കുമെന്ന് ഞാനും അമ്മയും ചിന്തിക്കും, കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്: അഹാന കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ ഉണ്ടായ സമയത്തെക്കുറിച്ച് പറയുകയാണ് നടി അഹാന കൃഷ്ണ. ഇന്ന് തനിക്ക് സിനിമ ഇല്ലെങ്കിലും വരുമാനം കിട്ടുന്ന മറ്റ് സോഴ്‌സുകളുണ്ടെന്നും തന്റെ അച്ഛന് അങ്ങനെയല്ലായിരുന്നെന്നും അഹാന പറഞ്ഞു.

മാസത്തിന്റെ അവസാനത്തോട് അടുക്കുമ്പോള്‍ ലോണ്‍ അടക്കാനും മറ്റ് ചെലവുകള്‍ക്കും വേണ്ടി പലരില്‍ നിന്നായും കടം വാങ്ങേണ്ടി വന്നിട്ടുണ്ടെന്നും അഹാന പറഞ്ഞു. ഐ ആം വിത്ത് ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തിലാണ് അഹാന ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഇന്ന് ഇപ്പോള്‍ എനിക്ക് അധികം സിനിമകളില്ല, പക്ഷെ എനിക്ക് വരുമാനമുണ്ട്. ആക്ടീവ് സോഴ്‌സായിട്ടുള്ള മറ്റൊരു ഇന്‍കം ഞാന്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട്. നല്ല സിനിമകള്‍ വരുന്നതുവരെ എനിക്ക് കാത്തിരിക്കാന്‍ പറ്റുന്നുണ്ട്. എന്റെ അച്ഛനൊന്നും അങ്ങനെയല്ലായിരുന്നു.

സിനിമ ചെയ്താല്‍ കാശുണ്ട്, ഇല്ലെങ്കില്‍ കാശില്ല. ആ സമയത്ത് പരസ്യത്തിന്റെ ബിസിനസ് ഉണ്ടായിരുന്നു. അച്ഛന് അധികം സിനിമകളില്ലാത്ത സമയത്ത് നമ്മുടെ ഡീസന്റ് വരുമാനം അതായിരുന്നു.

സാമ്പത്തികമായ ബുദ്ധിമുട്ട് ഉണ്ടെന്ന് വിചാരിച്ച് റോഡില്‍ ഇറങ്ങി ഒരു നേരത്തെ ഭക്ഷണം അന്വേഷിക്കേണ്ട അവസ്ഥയില്ലായിരുന്നു. തട്ടീം മൂട്ടീം പോവുമായിരുന്നു. പക്ഷെ അത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.

മാസത്തിന്റെ അവസാനസമയത്ത് ലോണ്‍ അടക്കേണ്ട സമയം ആകുമ്പോള്‍ ഞാനും അമ്മയും ഇരുന്ന് ചിന്തിക്കുമായിരുന്നു. മറ്റൊന്നുമല്ല, ഈ മാസം ആരുടെ അടുത്ത് പൈസ ചോദിക്കുമെന്നാണ്.

നമുക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ വരുമായിരിക്കും. പക്ഷെ ഒരു ദിവസം ജീവിതം മാറും. ഇതാണ് ഞാന്‍ എന്റെ സുഹൃത്തുക്കളോട് എപ്പോഴും പറയുന്ന കാര്യം,” അഹാന പറഞ്ഞു.

content highlight: actress ahana krishna about financial strugles

We use cookies to give you the best possible experience. Learn more