| Wednesday, 13th October 2021, 1:45 pm

എന്റെ ആദ്യത്തെ കുഞ്ഞ് എന്ന് ഇതിനെ വിളിക്കാം; ജന്മദിനത്തില്‍ 'തോന്നലി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അഹാന കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാജീവ് രവിയുടെ സംവിധാനത്തില്‍ 2014ല്‍ പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് അഹാന കൃഷ്ണ. പിന്നീട് ടൊവിനോ തോമസിനൊപ്പം ചെയ്ത ലൂക്ക എന്ന സിനിമയാണ് താരത്തിന് വഴിത്തിരിവാകുന്നത്.

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ കൂടിയായ അഹാനയുടെ ജന്മദിനമാണ് ഇന്ന്. താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന തോന്നല്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ ജന്മദിനത്തില്‍ പുറത്തുവിട്ടിരിക്കുകയാണ് അഹാന.

ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരു ഷെഫിന്റെ വേഷത്തില്‍ അഹാന നില്‍ക്കുന്ന ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.

ഒക്ടോബര്‍ 30നാണ് അഹാനയുടെ ആദ്യ സംവിധാനസംരംഭം റിലീസ് ചെയ്യുന്നത്.

”തോന്നല്‍ എല്ലാവര്‍ക്കും മുന്നില്‍ അവതരിപ്പിക്കുന്നു. എന്റെ ആദ്യ സംവിധാനസംരംഭം. ആറ് മാസം മുന്‍പ് എന്റെ തലയിലെ ഒരു ചെറിയ വിത്തായിരുന്നു ഇത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങളതിന് സ്‌നേഹവും പരിചരണവുമെല്ലാം നല്‍കി. അതിന് ജീവന്‍ വെയ്ക്കുന്നത് നിരീക്ഷിച്ചു. അതു കൊണ്ടു തന്നെ എന്റെ ആദ്യത്തെ കുഞ്ഞെന്നും ഇതിനെ വിളിക്കാം.

ഞാന്‍ സ്‌നേഹിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഇതിനൊപ്പം നിന്നു. ഒക്ടോബര്‍ 30ന് ഞങ്ങളുടെ ഹൃദയത്തില്‍ നിന്നും തോന്നല്‍ പുറത്തുകടക്കും. നിങ്ങളുടെ ഹൃദയങ്ങളിലേയ്ക്ക് അത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എനിക്ക് ജന്മദിനാശംസകള്‍” എന്നായിരുന്നു അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ഗോവിന്ദ് വസന്തയാണ് തോന്നലിന്റെ സംഗീതം നിര്‍വഹിക്കുന്നത്. നിമിഷ് രവിയുടേതാണ് സിനിമാറ്റോഗ്രഫി.

കഴിഞ്ഞ ദിവസം താന്‍ സംവിധായികയാവുന്ന കാര്യം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അഹാന പുറത്തുവിട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actress Ahaana Krishna release the first look poster of her directorial debut

Latest Stories

We use cookies to give you the best possible experience. Learn more