| Tuesday, 9th March 2021, 6:07 pm

പൃഥ്വിരാജിന്റെ കടുത്ത ആരാധികയാണ് ഞാന്‍, അദ്ദേഹവുമായി ബന്ധപ്പെട്ട് ഇത്തരം വാര്‍ത്തകള്‍ വരുന്നത് അംഗീകരിക്കാനാവില്ല: അഹാന കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ ഏറെ ആരാധിക്കുന്ന നടനാണ് പൃഥ്വിരാജെന്നും അദ്ദേഹത്തിന്റെ പേര് വെച്ച് വാര്‍ത്തകള്‍ ഉണ്ടാകുന്നത് അംഗീകരിക്കാനാവുന്നില്ലെന്നും നടി അഹാന കൃഷ്ണ. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ ഭ്രമം എന്ന ചിത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനെ തുടര്‍ന്നുണ്ടായ വാര്‍ത്തകളില്‍ പ്രതികരിക്കുകയായിരുന്നു അഹാന. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു അഹാനയുടെ പ്രതികരണം.

നേരത്തെ മകള്‍ അഹാനയെ സിനിമയില്‍ നിന്നും ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നുമുള്ള പ്രസ്താവനയുമായി നടനും ബി.ജെ.പി പ്രവര്‍ത്തകനുമായ കൃഷ്ണകുമാര്‍ രംഗത്തെത്തിയിരുന്നു. പൃഥ്വിരാജാണ് അഹാനയെ ഒഴിവാക്കുന്നതിന് പിന്നിലെന്നും ചില ആരോപണങ്ങളുയര്‍ന്നിരുന്നു. ഇപ്പോള്‍ ഈ വാര്‍ത്തകളെയെല്ലാം നിഷേധിച്ചാണ് അഹാന രംഗത്തെത്തിയിരിക്കുന്നത്.

‘ഞാന്‍ പൃഥ്വിരാജിന്റെ കടുത്ത ആരാധികയാണ്. അല്ലാതെ വേറെ കാര്യമൊന്നുമില്ല. എനിക്ക് ഇതിലൊന്നും ഒരു പങ്കുമില്ല. ഞാന്‍ എപ്പോഴും അദ്ദേഹത്തിന്റെ ഫാനാണ്. ഞാന്‍ അത്രയും ബഹുമാനിക്കുന്ന വ്യക്തി കൂടിയാണ് പൃഥ്വിരാജ്. അദ്ദേഹം എല്ലാത്തിനും എനിക്ക് പിന്തുണ നല്‍കാറുമുണ്ട്. അദ്ദേഹത്തിന്റെ പേര് വെച്ച് ഇത്തരം വാര്‍ത്തകള്‍ ഉണ്ടാവുന്നത് അംഗീകരിക്കാന്‍ ആവുന്നില്ല.

അതുകൊണ്ട് അദ്ദേഹത്തിന്റെ പേര് വെച്ച് ഇത്തരത്തില്‍ തെറിവിളിക്കാന്‍ പോകുന്നവര്‍ ലെഫ്റ്റ് ആണെങ്കിലും റൈറ്റ് ആണെങ്കിലും ആദ്യം നേരെ നോക്കണം. ഇവിടെ എനിക്ക് ഒരു യാതൊരു പ്രൊഫഷണല്‍ പ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടില്ല. ഞാന്‍ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. ആരോടും ഒന്നും പറഞ്ഞിട്ടില്ല. ആരെയും കുറ്റപ്പെടുത്തുന്നതില്‍ വിശ്വസിക്കുന്ന ഒരാളുമല്ല ഞാന്‍,’ അഹാന പറഞ്ഞു.

ഭ്രമം എന്ന സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ വന്നു കാണുന്നു. ദയവ് ചെയ്ത് ഇത്തരം വാര്‍ത്തകളില്‍ തന്റെ പേര് വലിച്ചിഴക്കരുതെന്നാണ് നടി അഹാന കൃഷ്ണ പറയുന്നത്. താന്‍ ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെന്നും ഈ നാടകത്തില്‍ തനിക്കൊരു പങ്കുമില്ലെന്നും അഹാന കൃഷ്ണ പറഞ്ഞു.

കൃഷ്ണകുമാറിന്റെ പ്രസ്താവനകള്‍ക്ക് പിന്നാലെ സംവത്തില്‍ വിശദീകരണവുമായി ഭ്രമം സിനിമയുടെ നിര്‍മ്മാതാക്കളായ ഓപ്പണ്‍ ബുക്ക്സ് പ്രൊഡക്ഷന്‍സ് രംഗത്തെത്തിയിരുന്നു. ഭ്രമം എന്ന സിനിമയില്‍ അഭിനേതാക്കളുടെ തെരഞ്ഞെടുപ്പിലോ ടെക്‌നിഷ്യന്മാരെ നിര്‍ണ്ണയിക്കുന്നതിലോ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പരിഗണനകള്‍ ഇല്ലായിരുന്നുവെന്നാണ് ഓപ്പണ്‍ ബുക്ക്‌സ് പുറത്തുവിട്ട കുറിപ്പില്‍ പറയുന്നത്. അഹാനയെ ഒഴിവാക്കിയത് രാഷ്ട്രീയ നിലപാടുകള്‍ മുന്‍നിര്‍ത്തിയാണെന്ന ആരോപണത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.

സിനിമക്ക് അനുയോജ്യമായ അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നത് സംവിധായകനും എഴുത്തുകാരനും ക്യാമറമാനും നിര്‍മ്മാതാക്കളുമാണെന്നും നടന്‍ പൃഥ്വിരാജ് സുകുമാരനോ സിനിമയുടെ ടീമിലെ മറ്റ് അംഗങ്ങള്‍ക്കോ കാസ്റ്റിംഗുമായി ബന്ധമില്ലെന്നും ഓപ്പണ്‍ ബുക്ക്സ് പ്രൊഡക്ഷന്‍സ് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Actress Ahaana Krishna about Prithviraj and Bhramam movie controversy

We use cookies to give you the best possible experience. Learn more