ലാലേട്ടനും പ്രണവുമായി ഒരുപാട് കാര്യത്തില്‍ സാമ്യമുണ്ട്; ലാലേട്ടന്റെ കാര്യത്തില്‍ അങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല: അതിഥി രവി
Movie Day
ലാലേട്ടനും പ്രണവുമായി ഒരുപാട് കാര്യത്തില്‍ സാമ്യമുണ്ട്; ലാലേട്ടന്റെ കാര്യത്തില്‍ അങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല: അതിഥി രവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 16th April 2022, 12:24 pm

ആദി എന്ന ചിത്രത്തില്‍ പ്രണവിനൊപ്പവും ഇപ്പോള്‍ ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പവും സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ അവസരം ലഭിച്ച താരമാണ് നടി അതിഥി രവി. ഇതിനൊപ്പം തന്നെ റിലീസിനൊരുങ്ങുന്ന പത്താം വളവ് എന്ന ചിത്രത്തിലും വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് അതിഥി അവതരിപ്പിക്കുന്നത്. ലാലേട്ടനൊപ്പവും പ്രണവിനൊപ്പവും സിനിമ ചെയ്യാന്‍ കഴിഞ്ഞത് കരിയറിലെ വലിയ ഭാഗ്യമാണെന്നാണ് അതിഥി പറയുന്നത്. ലാലേട്ടനും പ്രണവും തമ്മില്‍ പല കാര്യങ്ങളിലും സാമ്യമുണ്ടെന്നും രണ്ടുപേരും ഭയങ്കര സിംപിളാണെന്നും അതിഥി പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അതിഥി രവി.

‘രണ്ട് പേരും ഭയങ്കര സിംപിളാണ്. നമ്മള്‍ ദൂരെ നിന്ന് നോക്കി കാണുന്നതുപോലെയല്ല. പ്രണവൊക്കെ നമ്മുടെ ഒരു നെക്സ്റ്റ് ഡോര്‍ ബോയ് പോലെയാണ്. അതുപോലെ തന്നെയാണ് ലാലേട്ടന്‍ സെറ്റില്‍ വരുമ്പോഴും. ലാലേട്ടനെ ഞാന്‍ അങ്ങനെ എക്‌സ്‌പെക്ട് ചെയ്തിരുന്നില്ല. സെറ്റില്‍ ആദ്യത്തെ ഒരു ആഴ്ച ഞാന്‍ ലാലേട്ടനോട് സംസാരിച്ചിട്ടേ ഇല്ല. മാറി നിന്ന് സാര്‍ ഗുഡ്‌മോണിങ് എന്നൊക്കെ പറയുമായിരുന്നു. പിന്നീട് ഞങ്ങള്‍ ഒരുമിച്ചുള്ള സീക്വന്‍സ് ഒക്കെ വന്നപ്പോഴാണ് ഇത്രയും ഒരു സിംപിളും ജം ആയിട്ടുള്ള വ്യക്തിയാണ് അദ്ദേഹമെന്ന് മനസിലായത്.

പ്രണവിന്റെ സിംപ്ലിസിറ്റി തന്നെയാണ് അദ്ദേഹത്തിന്റെ ഹൈലൈറ്റ്. എന്ന് കരുതി ഒട്ടും സംസാരിക്കാത്ത ആളൊന്നുമല്ല അദ്ദേഹം. വര്‍ക് ചെയ്ത എല്ലാവര്‍ക്കും അത് മനസിലായിട്ടുണ്ടാകും. മിംഗിള്‍ ചെയ്യാത്ത ആളുമല്ല. അത്യാവശ്യം കുറുമ്പുള്ള ഭയങ്കര രസമുള്ള ആളാണ്. അതേസമയം ഭയങ്കര കൂളായി ഇരിക്കുകയും ചെയ്യും. രണ്ടും രണ്ട് എക്‌സ്ട്രീം ആണ്.

ആദിയില്‍ ചിലപ്പോള്‍ എന്റെ ഷോട്ടൊക്കെ എടുക്കുമ്പോള്‍ പ്രണവ് സജഷന്‍നില്‍ നില്‍ക്കുന്ന സമയമായിരിക്കും. ഞാനായിരിക്കും ഫോക്കസില്‍. ഈ സമയത്ത് അവന്‍ നമ്മളെ നോക്കി ഇങ്ങനെ ചിരിക്കും. ഞാന്‍ സീരിയസ് ആയി ചെയ്യേണ്ട സീനായിരിക്കും. എന്നാല്‍ എന്നെ നോക്കി.. മ് മ് ചെയ്‌തോ എന്ന മട്ടില്‍ നോക്കി ചിരിക്കും. പിന്നെ അദ്ദേഹം നന്നായി ഗിറ്റാര്‍ വായിക്കുന്ന ആളാണ്. സിനിമയിലും അത്തരത്തിലൊരു സീനുണ്ട്. അന്ന് ഞങ്ങള്‍ എല്ലാവരും കൂടി സെറ്റിലിരുന്ന് പാട്ടൊക്കെ പാടിയിരുന്നു.

ട്വല്‍ത്ത് മാന്റെ കാര്യം പറഞ്ഞാല്‍ സെറ്റില്‍ വെച്ച് ലാലേട്ടനുമായി അധികം സംസാരിക്കാന്‍ പറ്റിയിട്ടില്ല. കാരണം ഞാന്‍ അധികം സംസാരിക്കാത്ത ആളാണ്. ആളുകളുമായി കമ്പനിയാവാന്‍ സമയമെടുക്കും. ഒരു സിനിമ മുഴുവന്‍ തീരുമ്പോഴേക്ക് ഒക്കെയായിരിക്കും ഞാന്‍ എല്ലാവരുമായി കമ്പനി ആയി വരുന്നത്. ഇനി രണ്ട് ദിവസം കൂടിയേ ഷൂട്ടുള്ളൂ എന്ന് പറയുമ്പോഴായിരിക്കും അയ്യോ എന്ന് തോന്നുക. അത് വരെ ഞാന്‍ മിണ്ടത്തേ ഇല്ല.

12ത് മാനിലേക്ക് എന്നെ വിളിച്ചത് ജീത്തു സാറാണ്. ഞാനും അനുശ്രീയും ആദിയില്‍ ചെയ്തിരുന്നു. ആദ്യം അനുശ്രീയെ വിളിച്ചു അതിന് ശേഷമാണ് എന്നെ വിളിച്ചത്. പല ക്യാരക്ടേഴ്‌സുണ്ട്. ഏതാണ് ഇഷ്ടപ്പെട്ടതെന്ന് ചോദിച്ചു. ഡെപ്ത്തുള്ള ക്യാരക്ടേഴ്‌സുണ്ട്. എന്നാല്‍ അത്രയും ഡെപ്തുള്ള റോള്‍ വേണ്ട എന്ന് പറഞ്ഞു. ഈ പടത്തിന്റെ ഒരു ഭാഗമായാല്‍ മതിയെന്നാണ് സാറിനോട് പറഞ്ഞത്.

ലോക്ഡൗണ്‍ സമയത്ത് പ്ലാന്‍ ചെയ്ത മൂവിയാണ്. ചെറിയ പടമായിരിക്കും എന്നാണ് പറഞ്ഞത്. ആരാണ് ഹീറോ എന്ന് പറഞ്ഞിട്ടുണ്ടായിരുന്നില്ല. സാറിന്റെ രീതി അങ്ങനെയാണ്. ആദി ചെയ്യുമ്പോഴും ആരാണ് ഹീറോ എന്ന് പറഞ്ഞിരുന്നില്ല.

സാറുമായി മീറ്റ് ചെയ്തുകൊണ്ടിരിക്കെ ഒരാള്‍ ഡോര്‍ തുറന്ന് വരുന്നു, നോക്കുമ്പോള്‍ പ്രണവ്. ഷോക്കായിപ്പോയി. അതുപോലെ തന്നെയാണ് ട്വല്‍ത്ത് മാനും. ആദ്യ കോളില്‍ ആരാണ് നായകന്‍ എന്ന് പറഞ്ഞിരുന്നില്ല. രണ്ടാമത്തെ കോളിലാണ് ചിലപ്പോള്‍ ലീഡ് ചെയ്യുന്നത് ലാലേട്ടന്‍ ആയിരിക്കുമെന്ന് പറഞ്ഞത്. അപ്പോഴും ഞെട്ടി. ജീത്തു സാറിന്റെ മൂവി എന്ന് പറയുമ്പോള്‍ അത് തന്നെ ഹാപ്പിയാണ്. പിന്നെ ലാലേട്ടന്‍ എന്ന് കൂടി കേട്ടപ്പോള്‍ മധുരം കൂടി, അതിഥി പറയുന്നു.

Content Highlight: Actress Aditi Ravi Shares her Experiance with Pranav and Mohanlal