2016ല്‍ ഇറങ്ങിയ തമിഴ് ചിത്രമായ അരുവിയിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അദിതി ബാലന്‍. അരുവി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന സിനിമക്ക് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.
എച്ച്.ഐ.വി ബാധിതരോട് സമൂഹമെങ്ങനെയാണ് പെരുമാറുന്നതെന്നതിന്റെ നേര്‍ ചിത്രമായിരുന്നു അരുവി. അരുവി എന്ന കഥാപാത്രത്തെയാണ് അദിതി സിനിമയില്‍ അവതരിപ്പിച്ചത്. കോള്‍ഡ് കേസ് എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് അദിതി മലയാളത്തിലെത്തുന്നത്. നിവിന്‍ പോളി നായകനാകുന്ന പുതിയ ചിത്രത്തില്‍ അദിതിയാണ് നായിക.
സെലിബ്രിറ്റി അഭിമുഖങ്ങളില്‍ സ്ത്രീകളോടും പുരുഷന്മാരോടും രണ്ട് രീതിയിലാണ് ചോദ്യങ്ങള്‍ ചോദിക്കുന്നതെന്ന് പറയുകയാണ് നടി അദിതി ബാലന്‍. സ്ത്രീകളോട് ചോദിക്കുന്ന ചോദ്യങ്ങള്‍ പലപ്പോഴും ക്ലിക്ക് ബൈറ്റിനെ മുന്നില്‍ കണ്ടുകൊണ്ടുള്ള രീതിയിലുള്ളതാണെന്ന് അദിതി പറഞ്ഞു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് അദിതി തന്റെ അഭിപ്രായം പറഞ്ഞത്.
”നടിമാരോട് ചോദിക്കുന്ന ചോദ്യങ്ങളും നടന്മാരോടുള്ള ചോദ്യങ്ങളും പരിശോധിച്ചാല്‍ നമുക്ക് ഒരു കാര്യം മനസിലാകും. രണ്ടും രണ്ട് രീതിയിലുള്ളതാണ്. എനിക്ക് എപ്പോഴും അതിലൊരു സംശയം ഉണ്ടാകാറുണ്ട്. എന്തിനാണ് ആ രീതിയില്‍ ചോദിക്കുന്നതെന്ന് പലപ്പോഴും തോന്നാറുണ്ട്.
‘ഏത് താരത്തിന്റെ കൂടെ അഭിനയിക്കാനാണ് നിങ്ങള്‍ക്ക് കൂടുതല്‍ കംഫേര്‍ട്ട് ഉള്ളത്’ എന്നൊക്കെ ചോദിക്കുന്നത് എന്തുകൊണ്ടാകും. ഉത്തരം പറയുന്നതിന് ബുദ്ധിമുട്ട് തോന്നാറില്ല, പക്ഷേ അത്തരം ചോദ്യങ്ങള്‍ ക്ലിക്ക് ബൈറ്റിന് വേണ്ടിയാണ്.
ഞാന്‍ മനസിലാകുന്നത്, ചോദ്യം ചോദിക്കുന്നവര്‍ നല്ല ഉദ്ദേശത്തോടെ സമീപിക്കണമെന്നാണ്. അതിനോടൊപ്പം ഉത്തരം പറയുന്ന വ്യക്തി നല്ല രീതിയില്‍ മറുപടി പറയുക.
ഇമോഷണലി അത്തരം ചോദ്യങ്ങളെ എടുക്കാതെ ജസ്റ്റ് മറുപടി പറയുക. പക്ഷേ ഒരുപാട് അഭിമുഖങ്ങള്‍ കഴിഞ്ഞ് എത്തുന്ന ഒരു വ്യക്തിക്ക് ചിലപ്പോള്‍ അങ്ങനെ റെസ്‌പോണ്ട് ചെയ്യാന്‍ കഴിഞ്ഞെന്ന് വരില്ല. അത് ഇന്റര്‍വ്യൂ ചെയ്യുന്നവരും മനസിലാക്കുക,” അദിതി ബാലന്‍ പറഞ്ഞു.