സ്ത്രീ കേന്ദ്രീകൃത തിരക്കഥകളിലോ ഒരു പ്രത്യേക വിഭാഗത്തിലോ മാത്രമായി ഒതുങ്ങി നില്‍ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടി അതിഥി ബാലന്‍. ശക്തമായ റോള്‍ ചെയ്യുന്ന പ്രോജക്റ്റുകള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും, അരുവിയ്ക്കു ശേഷം ഇരയായിത്തീരുന്ന കഥാപാത്രങ്ങളാണ് കൂടുതലായി തേടി വരുന്നതെന്നും അതിഥി പറഞ്ഞു.
ഒരേ തരത്തിലുള്ള കഥാപാത്രങ്ങള്‍ തന്നെ ചെയ്യേണ്ടി വരുന്നത് വഴി തന്റെ മറ്റ് കഴിവുകളൊന്നും പ്രകടിപ്പിക്കാന്‍ കഴിയുന്നില്ലെന്നും താരം പറഞ്ഞു. തന്റെ കഥാപാത്രത്തിന് പ്രധാന്യമുണ്ടെങ്കില്‍ ഫണ്ണി ചിയര്‍ഫുള്‍ കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും കളി ചിരിയോടെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് താനെന്നും അതിഥി പറഞ്ഞു.
‘സ്ത്രീ കേന്ദ്രീകൃത തിരക്കഥയിലോ പ്രത്യേക വിഭാഗങ്ങളിലോ മാത്രം സിനിമ ചെയ്ത് ഒതുങ്ങി നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് ശക്തമായ റോളുകളുള്ള പ്രൊജക്ടുകള്‍ക്ക് ഉറപ്പായും മുന്‍ഗണന നല്‍കും. അരുവി എന്ന സിനിമക്ക് ശേഷം വരുന്ന കഥാപാത്രങ്ങളെല്ലാം ഏതാണ്ട് ഒരുപോലെയുള്ളതാണ്. മിക്കതും ഇരയാക്കപ്പെടുന്ന സ്ത്രീകളുടെ കഥയായിരിക്കും.
അങ്ങനെയുള്ള സിനിമകള്‍ ചെയ്യുമ്പോള്‍ എനിക്ക് എന്റെ ബാക്കി കഴിവുകളെ പ്രകടിപ്പിക്കാന്‍ കഴിയാതെ വരും. എല്ലാം ഒരേപോലെയുള്ള കഥാപാത്രങ്ങളായിരിക്കും. അതുകൊണ്ട് തന്നെ കൂടുതലൊന്നും ചെയ്യാനില്ലാതെ വരും. ഫണ്ണി ചിയര്‍ഫുള്ള കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് ഞാനിപ്പോള്‍ കാത്തിരിക്കുന്നത്. എന്നാല്‍ അങ്ങനെയുള്ള സിനിമകള്‍ ചെയ്യുമ്പോഴും എന്റെ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം കിട്ടണം. കളി ചിരികളോടെ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള തിരക്കിലാണ് ഞാനിപ്പോള്‍,’ അതിഥി ബലന്‍ പറഞ്ഞു.
2016ല്‍ അരുണ്‍കുമാര്‍ പുരുഷോത്തമന്‍ സംവിധാനം ചെയ്ത അരുവി എന്ന സിനിമയിലൂടെയാണ് അതിഥി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. സിനിമയിലെ ടൈറ്റില്‍ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. തുടര്‍ന്ന് തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചു. 2022ല്‍ പുറത്തിറങ്ങിയ പടവെട്ട് എന്ന നിവിന്‍ പോളി സിനിമയിലും നായികയായെത്തിയത് അതിഥിയായിരുന്നു.
താങ്കര്‍ ബച്ചന്‍ സംവിധാനം ചെയ്യുന്ന കരുമേഘങ്ങള്‍ കലൈഞ്ചിരാനയാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ. ഭാരതിരാജ, ഗൗതം മേനോന്‍, യോഗി ബാബു, എസ്.എ.ചന്ദ്രശേഖര്‍ എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
content highlight: actress adhithi talks about her movie