| Friday, 20th October 2023, 5:07 pm

മലയാള സിനിമയിലേക്ക് വിളിക്കുന്നത് കുറഞ്ഞു; എന്തുകൊണ്ട് വിളിക്കുന്നില്ലെന്ന് ചിന്തിക്കാറില്ല: അഭിരാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിലേക്ക് മലയാളത്തില്‍ നിന്ന് ഓഫറുകള്‍ വരുന്നത് കുറവാണെന്ന് നടി അഭിരാമി. അന്യ ഭാഷകളില്‍ നിന്നാണ് കൂടുതലും അഭിനയിക്കാന്‍ വിളിക്കുന്നതെന്നും എന്തുകൊണ്ട് തന്നെ മലയാള സിനിമയിലേക്ക് വിളിക്കുന്നില്ലെന്ന് ചിന്തിക്കാറില്ലെന്നും അഭിരാമി പറഞ്ഞു.

എന്തുകൊണ്ട് ഒരു സിനിമയിലേക്ക് വിളിക്കുന്നെന്ന കാര്യത്തില്‍ ഫോക്കസ് ചെയ്യാനാണ് തനിക്ക് താത്പര്യമെന്ന് അഭിരാമി കൂട്ടിചേര്‍ത്തു. സുരേഷ് ഗോപിക്കും ബിജു മേനോനുമൊപ്പം അഭിനയിച്ച ‘ഗരുഡന്‍’ എന്ന പുതിയ സിനിമയുടെ ഭാഗമായി നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അഭിരാമി.

‘മറ്റു ഭാഷകളില്‍ കുറച്ച് തിരക്കായി പോയി. പിന്നെ മലയാളത്തില്‍ വന്ന ചില ഓഫറുകള്‍ എനിക്കെടുക്കാന്‍ പറ്റാതെയുമായി. സത്യം പറഞ്ഞാല്‍ മലയാളത്തില്‍ നിന്ന് ഓഫറുകള്‍ വരുന്നത് കുറവാണ്. അന്യ ഭാഷകളില്‍ നിന്നാണ് കൂടുതലും വിളിക്കുന്നത്.

ഇങ്ങനെ ഒരു പ്രൊജക്റ്റ് വന്നപ്പോള്‍ വലിയ സന്തോഷമുണ്ടായിരുന്നു. അതുകൊണ്ടാണ് ഈ സിനിമയില്‍ അഭിനയിച്ചത്. ആളുകള്‍ എന്തുകൊണ്ട് എന്നെ മലയാള സിനിമയിലേക്ക് വിളിക്കുന്നില്ലെന്ന് ഞാന്‍ ചിന്തിക്കാറില്ല.

എന്നാല്‍ എന്തുകൊണ്ട് എന്നെ വിളിക്കുന്നെന്ന് ആലോചിക്കാറുണ്ട്. അതില്‍ ഫോക്കസ് ചെയ്യാനാണ് എനിക്ക് താത്പര്യം. എന്തുകൊണ്ട് വിളിക്കുന്നില്ലെന്ന കാര്യത്തില്‍ ഫോക്കസ് ചെയ്യാന്‍ താത്പര്യമില്ല.

സുരേഷേട്ടന്റെ കൂടെ അഭിനയിക്കുന്ന എന്റെ ആറാമത്തെ സിനിമയാണ് ഇത്. തമിഴിലും ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. അതുകൊണ്ട് സുരേഷേട്ടനൊപ്പം വര്‍ക്ക് ചെയ്യുന്നത് ഒരുപാട് സന്തോഷമുള്ള കാര്യമായിരുന്നു. സെറ്റില്‍ നമ്മളെ വളരെയധികം കംഫര്‍ട്ടബിളായിട്ട് നിര്‍ത്തുന്ന ആളാണ്. നല്ല ഭക്ഷണം വാങ്ങി തരികയും ഉപദേശങ്ങള്‍ തരികയും ചെയ്യുന്ന ഒരു ജ്യേഷ്ഠ സഹോദരനെ പോലെയാണ് അദ്ദേഹം.

പലപ്പോഴും തീയതിയും മാസവും സമയവും ധരിച്ചിരുന്ന വസ്ത്രവും സഹിതം സുരേഷേട്ടനും സിദ്ദീക്കിക്കയും പഴയ കഥകളൊക്കെ പറയുമ്പോള്‍ ഞാന്‍ അമ്പരന്ന് പോയിട്ടുണ്ട്. പക്ഷെ എന്റെ ആദ്യ നായകനുമായി (ബിജു മേനോന്‍) ഈ സിനിമയില്‍ സീനുകളൊന്നുമില്ല,’ അഭിരാമി പറയുന്നു.

Content Highlight: Actress Abhirami Talks About Malayalm Movies

We use cookies to give you the best possible experience. Learn more