| Tuesday, 24th October 2023, 8:20 am

കൊച്ചുകുട്ടിയായിരുന്ന ഞാൻ കൈ ചൂണ്ടി 'മമ്മൂട്ടി' എന്ന് പറഞ്ഞു: അഭിരാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവം പങ്കുവെക്കുകയാണ് നടി അഭിരാമി. കൊച്ചിയിലെ വൈറ്റ് ഫോർട്ട് ഹോട്ടലിൽ വെച്ച് ദുബായിലെ ഒരു ഷോക്ക് വേണ്ടിയുള്ള റിഹേഴ്സൽ പരിപാടിയിൽ വെച്ചാണ് താൻ ആദ്യമായി മമ്മൂട്ടിയെ കാണുന്നതെന്ന് അഭിരാമി പറഞ്ഞു.

മമ്മൂട്ടിയെ താൻ കണ്ട സമയത്ത് ആദ്യം ഓട്ടോഗ്രാഫാണ് വാങ്ങിയതെന്നും അഭിരാമി കൂട്ടിച്ചേർത്തു. എന്നാൽ താൻ കുട്ടികാലത്ത് മമ്മൂട്ടിയെ കണ്ടിട്ടുണ്ടെന്നും അന്ന് തനിക്ക് രണ്ടര വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്നും അഭിരാമി ഓർത്തെടുത്തു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘മമ്മൂക്കയോട് സംസാരിക്കാൻ ഒക്കെ ഇത്തിരി പേടിയായിരുന്നു. ദുബായിലെ ഒരു ഷോക്ക് വേണ്ടിയിട്ടുള്ള റിഹേഴ്സൽ കൊച്ചിയിൽ വെച്ച് നടന്നിരുന്നു. അവിടെ വെച്ചിട്ടാണ് ഞാൻ ആദ്യമായി മമ്മൂക്കയെ കണ്ടത്. വൈറ്റ് ഫോർട്ടിൽ എല്ലാവരും താമസിക്കുകയും അവിടെ വെച്ച് റിഹേഴ്‌സലൊക്കെ ചെയ്തു.

ആദ്യം കണ്ടപ്പോൾ ‘അയ്യോ മമ്മൂട്ടി’ എന്നൊക്കെ പറഞ്ഞു. എനിക്ക് നല്ല പരിഭ്രാന്തി ആയിരുന്നു, കാരണം ഞാൻ ഒരു പടം മാത്രമേ ചെയ്തിട്ടുള്ളൂ. പുള്ളി ഇരുപത്തഞ്ച് 30 വർഷമായിട്ട് സിനിമയിലുള്ള ആളാണ്. ആദ്യം ഞാൻ മമ്മൂക്കയുടെ കൂടെ ഫോട്ടോ അല്ല എടുത്തത് ഓട്ടോഗ്രാഫാണ് വാങ്ങിയത്. അതൊക്കെ എടുത്തുവെക്കണമായിരുന്നു. അത് ഏതെങ്കിലും ബോക്സിനകത്ത് എവിടെയെങ്കിലും ഉണ്ടായിരിക്കും.

എനിക്ക് മമ്മൂക്കയുമായിട്ടുള്ള വേറൊരു മെമ്മറി കൂടിയുണ്ട്. ഞാൻ കുട്ടിയായിരുന്ന സമയത്ത് കൊച്ചിയിൽ പനമ്പള്ളി നഗർ ഭാഗത്ത് താമസിച്ചിട്ടുണ്ട്. ഞാനും എന്റെ ഗ്രാൻഡ് ഫാദറും കൂടെ നടക്കാൻ പോയി. ഇത് എന്റെ അപ്പൂപ്പൻ പറഞ്ഞ കഥയാണ്. എനിക്ക് ഓർമ്മയില്ല കാരണം ഞാൻ അന്ന് കുട്ടിയായിരുന്നു.

അന്ന് എനിക്ക് രണ്ട് രണ്ടര വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ അങ്ങനെ നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു കാർ പാസ് ചെയ്തു. മമ്മൂക്കയായിരുന്നു കാറോടിച്ചിരുന്നത്. ഗ്ലാസ്സിനുള്ളിലൂടെ അദ്ദേഹം തലയിട്ട് പുറത്തേക്ക് നോക്കി. എന്തിനോ നോക്കിയതാണ്. കൊച്ചുകുട്ടിയായിരുന്ന ഞാൻ കൈ ചൂണ്ടി കൊണ്ട് ‘മമ്മൂട്ടി’ എന്ന് പറഞ്ഞു. അത് കണ്ടിട്ട് മമ്മൂക്ക എന്നെ നോക്കി ചിരിച്ചു എന്ന് അപ്പൂപ്പൻ എന്നോട് പറഞ്ഞിരുന്നു. അന്നാണ് ഞാൻ മമ്മൂക്കയെ ആദ്യമായി കണ്ടത്,’ അഭിരാമി ഓർക്കുന്നു.

Content Highlight: Actress Abhirami shares her experience of seeing Mammootty for the first time

We use cookies to give you the best possible experience. Learn more