ബോഡി ഷെയ്മിംഗ് നടത്തുന്ന വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമമായ ഫില്‍മിബീറ്റിനെതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് നടി അഭിരാമി. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു അഭിരാമി വിഷയത്തില്‍ പ്രതികരണവുമായെത്തിയത്. ഇതിന് പിന്നാലെ വാര്‍ത്ത നല്‍കിയ ഫില്‍മിബീറ്റ് മാപ്പ് പറഞ്ഞുവെന്നും അതിനെ താന്‍ അംഗീകരിക്കുന്നുവെന്നും നടി മറ്റൊരു വീഡിയോയിലൂടെ അറിയിച്ചു.
‘വിവാഹം കഴിച്ച് കുടുംബമായതോടെ പുതിയ മാറ്റങ്ങള്‍ വന്നുതുടങ്ങി; വയസാകുന്നത് പോലും ശരീരം അറിയിക്കുമെന്ന് അഭിരാമി’ എന്ന തലക്കെട്ടോട് കൂടി വന്ന വാര്‍ത്തക്കെതിരെയായിരുന്നു അഭിരാമി വീഡിയോയില്‍ വിമര്‍ശനമുന്നയിച്ചത്.
‘ഒരു സുഹൃത്താണ് എന്നെ കുറിച്ചുവന്ന ആര്‍ട്ടിക്കിളിന്റെ ലിങ്ക് അയച്ചുതന്നത്. ഈ തലക്കെട്ടിനൊപ്പം രണ്ട് ഫോട്ടോസ് ഇതില്‍ വാര്‍ത്തയില്‍ നല്‍കിയിട്ടുണ്ട്. എന്താണ് ഇത് തമ്മിലുള്ള വ്യത്യാസമെന്ന് എനിക്ക് മനസ്സിലായില്ല.
കാരണം രണ്ടിലും ഒരേ പോലത്തെ കോണ്‍ഫിഡന്‍സ്, ഒരേ പോലത്തെ സ്‌മൈല്‍, ഒരേ പോലത്തെ പച്ച ഡ്രസ്. പിന്നെ ഇയാള്‍ ഉദ്ദേശിച്ച മാറ്റമെന്താണ്? മൈ മുടി?’ അഭിരാമി ചോദിച്ചു. കഴിഞ്ഞ ദിവസം വന്ന ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
വീഡിയോക്ക് പിന്നാലെ ഫില്‍മിബീറ്റ് തന്നെ സമീപിച്ചുവെന്നും ഔദ്യോഗികമായി മാപ്പ് പറഞ്ഞുവെന്നും അഭിരാമി മറ്റൊരു വീഡിയോയിലൂടെ അറിയിച്ചു. അബദ്ധംകൊണ്ടു സംഭവിച്ചുപോയതാണെന്നും ആരെയും വേദനിപ്പിക്കുകയെന്ന ഉദ്ദേശമില്ലായിരുന്നെന്നും ഇവര്‍ അറിയിച്ചതായും അഭിരാമി പറഞ്ഞു.
തെറ്റ് ചൂണ്ടിക്കാണിക്കുമ്പോള്‍ ഒരു സോറി പറഞ്ഞ് അത് തിരുത്താന്‍ തയ്യാറാകുന്നത് മികച്ച ശീലമാണെന്നും അഭിരാമി പറഞ്ഞു. അതേസമയം സമൂഹത്തില്‍ പൊതുവിലും മാധ്യമങ്ങളിലും നിലനില്‍ക്കുന്ന ബോഡി ഷെയ്മിംഗ് രീതികളെ കുറിച്ചും അഭിരാമി പുതിയ വീഡിയോയില്‍ സംസാരിച്ചു.
പല മാധ്യമങ്ങളിലും ഒരാളുടെ ശരീരത്തിനും സൗന്ദര്യസങ്കല്‍പങ്ങള്‍ക്കും ഊന്നല്‍ നല്‍കികൊണ്ടാണ് തലക്കെട്ടുകള്‍ നല്‍കാറുള്ളതെന്ന് അഭിരാമി പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ അത് ആരെപ്പറ്റിയാണോ വരുന്നതോ അവരെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് ആരും ചിന്തിക്കാറില്ല.
എനിക്ക് എന്നെ കുറിച്ച് തന്നെ ഒരു ആത്മവിശ്വാസമുണ്ടാതുകൊണ്ട് പ്രതികരിക്കാന്‍ സാധിച്ചു. എല്ലാവര്‍ക്കും അങ്ങനെയാകണമെന്നില്ല. ആളുകളുടെ ലുക്ക്‌സിനെ ഫോക്കസ് ചെയ്യാതെ അവരുടെ കഴിവിനെയും ആത്മവിശ്വാസത്തെയും മനസ്സിലെ നന്മയെയും ഫോക്കസ് ചെയ്യാമെന്നും അഭിരാമി കൂട്ടിച്ചേര്‍ത്തു.