നിറത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ട അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി അഭിരാമി. താന്‍ പതിനേഴു വര്‍ഷത്തോളം അമേരിക്കയിലായിരുന്നെന്നും അവിടെ വെച്ചാണ് തനിക്ക് ഇത്തരമൊരു അനുഭവം ഉണ്ടായതെന്നും താരം പറഞ്ഞു.
ഇന്ത്യയില്‍ തനിക്ക് നിറത്തിന്റെ അടിസ്ഥാനത്തിലുള്ള മാറ്റിനിര്‍ത്തലുകള്‍ നേരിടേണ്ടി വന്നിട്ടില്ലെങ്കിലും മറ്റു പല രീതികളിലുള്ള വേര്‍തിരിവുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും നടി പറഞ്ഞു.
ഒരാളെ നമ്മള്‍ വിലയിരുത്തേണ്ടത് അയാളുടെ കഴിവിന്റെ അടിസ്ഥാനത്തിലാണെന്നും മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിരാമി പറഞ്ഞു.
‘ഇന്ത്യന്‍ കളര്‍ സ്പെക്ട്രം വെച്ച് നോക്കുമ്പോള്‍ ഞാന്‍ കുറച്ച് ഫെയര്‍ ആയിട്ടുള്ള ഒരാളായി തോന്നാം. പക്ഷേ ഞാന്‍ പതിനേഴു വര്‍ഷം അമേരിക്കയിലാണ് ജീവിച്ചിരുന്നത്. അവിടെ വെച്ചു നോക്കുമ്പോള്‍ ഞാനൊരു ഡാര്‍ക്ക് ആയുള്ള ഒരാളാണ്. അതിന്റെ അടിസ്ഥാനത്തില്‍ മാറ്റി നിര്‍ത്തുന്ന ഒരുപാട് അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്.
കൂടുതലായും അമേരിക്കയില്‍ വെച്ചാണ് കളറിന്റെ അടിസ്ഥാനത്തില്‍ മാറ്റിനിര്‍ത്തുന്ന ഒരനുഭവം ഉണ്ടായിട്ടുള്ളത്. അത് തികച്ചും വ്യക്തിപരമായിട്ടുള്ള ഒരു അനുഭവമായിരുന്നു. അതുകൊണ്ട് അവരുടെ മനസിലിരുപ്പ് ഇങ്ങനെയാണെന്ന് മനസിലാക്കിയതോടുകൂടി ഞാന്‍ ആ വ്യക്തിയില്‍ നിന്നും മാറി നിന്നു. ആ ഒരു ബന്ധം ഞാന്‍ കട്ട് ചെയ്തു.
ഇവിടെ എനിക്ക് കളറിന്റെ അടിസ്ഥാനത്തില്‍ അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. പക്ഷേ അല്ലാത്ത രീതിയില്‍ മാറ്റിനിര്‍ത്തപ്പെടുന്ന ഒരു പ്രവണത തീര്‍ച്ചയായും ഞാന്‍ അനുഭവിച്ചിട്ടുണ്ട്. സിനിമയിലല്ല എന്റെ വ്യക്തിപരമായുള്ള ജീവിതത്തിലാണ് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുള്ളത്.
എന്റെ ജീവിതത്തിലെ ഒരു ഭാഗം മാത്രമാണ് സിനിമ. ഞാന്‍ വളരെയധികം സമൂഹത്തില്‍ ഇടപഴകുന്ന ഒരാളാണ്. അതുകൊണ്ട് അത്തരത്തിലുള്ള ഒരു സന്ദര്‍ഭത്തിലാണ് മാറ്റിനിര്‍ത്തപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളത്. അത് അവിടെ തുറന്നു പറഞ്ഞിട്ടുമുണ്ട്.
ഒരാളെ നമ്മള്‍ വിലയിരുത്തേണ്ടത് അവരുടെ കഴിവിന്റെ അടിസ്ഥാനത്തിലാണ്. അതില്‍ വേറെ നിറം,ജാതി എന്നിങ്ങനെയുള്ള ഘടകങ്ങള്‍ വരുന്നത് തെറ്റായ ഒരു കാര്യമാണ്,’ അഭിരാമി പറഞ്ഞു.
സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ഗരുഡന്‍ ആണ് അഭിരാമിയുടെ പുതിയ ചിത്രം. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ വര്‍മയാണ്.
Content Highlight: Actress Abhirami about she faced Discrimination based on skin colour