‘അന്ത പൊണ്ണ് നമ്മെ വിട്ട് പോയിർക്കവെ കൂടാത്’ എന്ന് കമലഹാസൻ നടി അഭിരാമിയെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കമലഹാസന്റെ ഡൈ ഹാർട്ട് ഫാൻ കൂടിയായ അഭിരാമി അദ്ദേഹത്തിന്റെ പ്രതികരണത്തെക്കുറിച്ച് സംസാരിക്കുകയാണ്. കമലഹാസൻ തന്നോട് അത് പ്രൈവറ്റായി പറഞ്ഞിരുന്നെന്നും ഒരുതരത്തിൽ അത് തന്നെ വഴക്കു പറഞ്ഞതാണെന്നും അഭിരാമി പറഞ്ഞു.
അത്രയും വലിയൊരു വേദിയിൽ വെച്ച് കമലഹാസൻ തന്നെക്കുറിച്ച് പറഞ്ഞത് വലിയ അഭിമാനമായി കാണുന്നെന്നും അഭിരാമി കൂട്ടിച്ചേർത്തു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘കമൽ സാർ പ്രൈവറ്റായി എന്റെയടുത്ത് പറഞ്ഞ വാക്കാണത്. ഒരുതരത്തിൽ എന്നെ വഴക്കു പറഞ്ഞതാണ്. ഞാൻ സിനിമയിൽ നിന്ന് പോകുന്നത് ആദ്യം അറിഞ്ഞ ആളുകളിൽ ഒരാളായിരുന്നു അദ്ദേഹം. പക്ഷേ അത് അത്ര സീരിയസ് ആയിട്ട് എടുത്തോ ഇല്ലയോ എന്ന് എനിക്കറിയില്ലായിരുന്നു. ഷൂട്ട് ചെയ്യുന്ന സമയത്ത് ഒന്നും ആ സിനിമയുടെ സ്കെയിൽ അറിഞ്ഞിട്ടില്ലല്ലോ നമ്മൾ ആ സിനിമയുടെ ഭാഗമാകുന്നത്.
അത്രയും വലിയൊരു വേദിയിൽ വെച്ച് ഇത്രയും വലിയൊരു സ്റ്റാമ്പ് അപ്രൂവൽ നമ്മൾ മെൻറ്റർ, ഗുരു എന്നൊക്കെ കരുതുന്ന ഒരാൾ പറയുമ്പോൾ ഭയങ്കര അഭിമാനം തോന്നുന്ന കാര്യമാണ്. നമ്മൾ എന്തോ കറക്റ്റ് ആയിട്ട് ചെയ്തിട്ടുണ്ട് എന്ന ഒരു മുദ്രകുത്തൽ എന്ന് തന്നെ വേണമെങ്കിൽ പറയാം. കുറേ വർഷം കഴിഞ്ഞിട്ട് ആരെങ്കിലും ‘അഭിരാമിക്ക് അഭിനയിക്കാൻ അറിയാമോ’ എന്ന് ചോദിച്ചാൽ ‘നോക്കടോ’ എന്ന് പറയാനുള്ള സംഭവം നമുക്ക് കിട്ടി,’ അഭിരാമി പറയുന്നു.
സിനിമയിൽ നിന്ന് എന്തുകൊണ്ടാണ് പോയതെന്ന ചോദ്യത്തിന് അതിന് കൃത്യമായിട്ടുള്ള ഉത്തരം പറയാൻ കഴിയില്ല എന്നായിരുന്നു അഭിരാമിയുടെ മറുപടി. എല്ലാം ചെയ്തുകഴിഞ്ഞെന്ന തോന്നൽ തനിക്ക് വന്നെന്നും ഇനി പഠിക്കാമെന്നായിരുന്നു കരുതിയതെന്നും അന്ന് പന്ത്രണ്ടാം ക്ലാസ് വരെയേ താൻ പഠിച്ചിരുന്നുള്ളുവെന്നും താരം കൂട്ടിച്ചേർത്തു.
‘എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ എനിക്ക് കൃത്യമായിട്ട് പറയാൻ പറ്റില്ല. ഞാൻ എല്ലാം ചെയ്തു കഴിഞ്ഞു എന്നൊരു തോന്നൽ വന്നു. ബ്രേക്ക് പോലും അല്ലായിരുന്നു, ശരിക്കും മതിയാക്കാം അടുത്ത ചാപ്റ്ററിലോട്ട് പോകാം എന്നാണ് വിചാരിച്ചത്. പഠിക്കാം എന്നായിരുന്നു കരുതിയത്. ഞാൻ പന്ത്രണ്ടാം ക്ലാസ് മാത്രം ഫിനിഷ് ചെയ്തിട്ട് നിന്ന സമയമായിരുന്നു. സിനിമകൾ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഞാൻ പ്ലസ് ടു പരീക്ഷ തന്നെ എഴുതുന്നത്.
ഇത് മാത്രം പോരാ, നമുക്ക് ഒരു പ്ലാൻ ബി വേണം എന്നൊരു ഉദ്ദേശത്തോടുകൂടിയാണ് ഞാൻ പഠിക്കാൻ വേണ്ടി പോയത്. അത് ഇത്ര വലിയ ബ്രേക്ക് ആകുമോ, തിരിച്ച് വരുമോ എന്നൊന്നും ആലോചിച്ചിട്ടല്ല പോയത്. സ്വരം നന്നാവുമ്പോൾ പാട്ട് നിർത്തണം എന്നൊരു മനോഭാവമായിരുന്നു,’ അഭിരാമി പറഞ്ഞു.
Content Highlight:Actress abhirami about kamalahasan compliment