Movie Day
നായികയെ അപമാനിച്ചുവെന്നായിരുന്നു ഇന്നലത്തെ തലക്കെട്ട്, എയറിലായിരുന്നു: ആര്‍ഷ ബൈജു
രാമചന്ദ്ര ബോസ് ആന്‍ഡ് കോ എന്ന സിനിമയുടെ ഭാഗമായി നടന്ന പത്രസമ്മേളനത്തിന് ശേഷം താന്‍ എയറിലായിരുന്നെന്ന് നടി ആര്‍ഷ. നായികയെ അപമാനിച്ചുവെന്നും വിഷമിപ്പിച്ചെന്നുമൊക്കെ തലക്കെട്ടിട്ട് ചിലര്‍ തന്നെ എയറിലാക്കിയെന്നായിരുന്നു ആര്‍ഷ പറഞ്ഞത്.
മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. നിവിനും വിനയ് ഫോര്‍ട്ടും ചേര്‍ന്ന് പണി തന്ന് ആര്‍ഷ എയറില്‍ കയറിയല്ലോ എന്ന ചോദ്യത്തിന് ഇടക്കിടെ എയറില്‍ കയറാറുണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി.
നായികയെ അപമാനിച്ചുവെന്നായിരുന്നു ചില തലക്കെട്ടുകള്‍. ചില കമന്റുകളൊക്കെ വായിച്ചു. സംഭവം എന്താണെന്നാല്‍ ബോസ് ആന്‍ഡ് കോ എന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കേണ്ട ഒരു പാട്ടുസീനുണ്ടായിരുന്നു. അത് പിന്നീട് കട്ട് ചെയ്തു. അതിന് ശേഷം ഷൂട്ട് തീരുന്നതുവരെയുള്ള രണ്ട് മാസം എന്നെ നിവിന്‍ ചേട്ടനും വിനയ് ചേട്ടനും വെറുതെ വിട്ടിട്ടില്ല. രാവിലെ സെറ്റില്‍ വരുമ്പോള്‍ തന്നെ വിനയ് ചേട്ടന്റെ ചോദ്യം വിഷമിച്ചിരിക്കുകയായിരിക്കും അല്ലേ എന്നാണ് എന്ന് ആര്‍ഷ പറഞ്ഞപ്പോള്‍ താന്‍ കളിയാക്കിയതല്ലെന്നും ഒരു സുഹൃത്തിന്റെ വിഷമത്തില്‍ പങ്കുചേര്‍ന്നതാണെന്നുമായിരുന്നു ചിരിയോടെയുള്ള വിനയ് ഫോര്‍ട്ടിന്റെ മറുപടി.
എന്നാല്‍ വിനയ് പറയുന്നത് കേട്ടിട്ട് ഒരു സുഹൃത്തിന്റെ സങ്കടത്തില്‍ സമാധാനിപ്പിച്ചതാണെന്ന് നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും തോന്നിയോ എന്നായിരുന്നു ആര്‍ഷയുടെ മറുചോദ്യം. വിഷമത്തില്‍ പങ്കുവചേരുകയല്ല ഇതെന്നും ഇതിനെ തേജോവധം ചെയ്തുവെന്നാണ് പറയേണ്ടതെന്നുമായിരുന്നു ആര്‍ഷയുടെ മറുപടി.
ഞാന്‍ ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ സിനിമയാണ് ഇത്. കഥ കേട്ട് ഇഷ്ടപ്പെട്ട് തന്നെയാണ് സിനിമയിലേക്ക് എത്തിയത്. രണ്ട് മാസത്തോളം ദുബായിലായിരുന്നു ഷൂട്ട്. ഞാന്‍ ഏറ്റവും ഫണ്‍ ആയി ചെയ്ത സിനിമയാണ് ഇത്.
സെറ്റില്‍ എപ്പോഴും ജോളി മൂഡായിരുന്നു. ആരും മസിലുപിടിച്ച് ഇരുന്നിട്ടില്ല. ജസീക്ക എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ഇവര്‍ക്കിടയില്‍ വന്നുപെടുന്ന കഥാപാത്രമാണ് എന്റേത്. പിന്നെ സീനിയറായിട്ടുള്ള ആളുകളുമായി വര്‍ക്ക് ചെയ്യാന്‍ പറ്റിയെന്നതാണ് മറ്റൊരു കാര്യം. വിനയ് ഫോര്‍ട്ടൊക്കെ സീന്‍ ഇംപ്രവൈസ് ചെയ്യുന്നത് കാണുമ്പോള്‍ രസമാണ്. അദ്ദേഹം സീനൊക്കെ പഠിച്ച് അതില്‍ നന്നായി വര്‍ക്ക് ചെയ്തിട്ടാണ് അത് ചെയ്യുക. അത്തരത്തില്‍ ഒരുപാട് കാര്യങ്ങള്‍ എനിക്ക് ഈ സിനിമയിലൂടെ പഠിക്കാന്‍ പറ്റി,’ ആര്‍ഷ പറഞ്ഞു.
സിനിമയിലെ തങ്ങളുടെയൊക്കെ കഥാപാത്രം ശ്രദ്ധിക്കപ്പെടുന്നെങ്കില്‍ അതിന്റെ ക്രെഡിറ്റ് സംവിധായകന്‍ ഹനീഫിനാണെന്നും അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളെ എല്ലാവരേയും അഴിച്ചുവിട്ട സിനിമയാണ് ഇതെന്നുമായിരുന്നു വിനയ് ഫോര്‍ട്ട് അഭിമുഖത്തില്‍ പറഞ്ഞത്.
ബോസ് & കോ ഒരു കൊളളയുടെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ട്രെയ്ലര്‍ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. പ്രവാസി ഹൈസ്റ്റ് എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്.
നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.
Content Highlight: Actress Aarsha baiju about the trolls