| Monday, 30th December 2019, 2:20 pm

2019 ല്‍ സംവിധായകരായ താരങ്ങള്‍, സിനിമകള്‍

അശ്വിന്‍ രാജ്

2019 ന്റെ അവസാന ലാപ്പിലാണ് നമ്മള്‍. ഈ വര്‍ഷം ഇറങ്ങേണ്ട അവസാന സിനിമയും തിയേറ്ററുകളില്‍ എത്തി. മറ്റ് വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു പ്രത്യേകത കൂടി ഈ വര്‍ഷത്തിന് ഉണ്ടായിരുന്നു. നമ്മുടെ പ്രിയ നടന്മാരില്‍ പലരും സംവിധായകരായ വര്‍ഷം കൂടിയായിരുന്നു ഇത്.

നടന്‍ ഹരിശ്രീ അശോകനാണ് മാര്‍ച്ചില്‍ ആദ്യ സിനിമ തിയേറ്ററുകളില്‍ എത്തിച്ചത്. ഒന്നിലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഗീതു മോഹന്‍ദാസ്, നാദിര്‍ഷ, ക്യാപ്റ്റന്‍ രാജു, എന്നിവരുടെയും ചിത്രങ്ങള്‍ ഇതേ വര്‍ഷം തന്നെയാണ് തിയേറ്ററുകളില്‍ എത്തിയത്.

2019 ല്‍ റിലീസ് ആയ ഈ സംവിധായകരുടെ ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഹരിശ്രീ അശോകന്‍ – ഒരു ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി – മാര്‍ച്ച് 1, 2019\

ഈ വര്‍ഷം സംവിധായകരായ താരങ്ങളില്‍ ആദ്യമായി തിയേറ്ററില്‍ എത്തിയ ചിത്രം ഹരിശ്രീ അശോകന്‍ സംവിധാനം ചെയ്ത ഒരു ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറിയായിരുന്നു.

രാഹുല്‍ മാധവ്,ക്വീന്‍ ഫെയിം അശ്വിന്‍ ജോസ് , ധര്‍മ്മജന്‍ ബോള്‍ഗാട്ടി, കലാഭവന്‍ ഷാജോണ്‍, ടിനി ടോം, മനോജ് കെ. ജയന്‍, ബിജുക്കുട്ടന്‍, ദീപക് പരമ്പോല്‍, സുരേഷ് കൃഷ്ണ, നന്ദു തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

രഞ്ജിത്, എബിന്‍, സനീഷ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ചിത്രത്തില്‍ ഹരിശ്രീ അശോകന്റെ മകനും നടനുമായ അര്‍ജുന്‍ അശോക് ഒരു ഗാനം ആലപിച്ചിരുന്നു.

പൃഥ്വിരാജ് – ലൂസിഫര്‍ – മാര്‍ച്ച് 27, 2019

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍. 200 കോടി രൂപയുടെ ബിസിനസ് നടന്ന ആദ്യ മലയാള ചിത്രം ലൂസിഫറായിരുന്നു.

നെടുമ്പള്ളി സ്റ്റീഫന്‍ എന്ന അബ്‌റാം ഖുറേഷിയുടെ കഥ പറഞ്ഞ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.എമ്പുരാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും.

മോഹന്‍ലാല്‍, വിവേക് ഒബ്‌റോയ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സായികുമാര്‍, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, ബൈജു സന്തോഷ്, ഫാസില്‍, സച്ചിന്‍ ഖേദേകര്‍, ശിവജി ഗുരുവായൂര്‍, ബാല, ശിവദ തുടങ്ങിയ വന്‍ താരനിരയെക്കൂടാതെ പൃഥ്വിരാജും സിനിമയില്‍ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിരുന്നു.

ധ്യാന്‍ ശ്രീനിവാസന്‍ – ലൗ ആക്ഷന്‍ ഡ്രാമ – സെപ്തംബര്‍ 5, 2019

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെയും നിവിനെയും പ്രധാനതാരങ്ങളാക്കി ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ. ഓണക്കാല ചിത്രങ്ങളില്‍ ഏറ്റവും വലിയ വിജയം ഈ ചിത്രമായിരുന്നു.

നടന്‍ അജു വര്‍ഗീസും വൈശാഖ് സുബ്രഹ്മണ്യവും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ മല്ലിക സുകുമാരന്‍, ശ്രീനിവാസന്‍ ബേസില്‍ ജോസഫ്, ദുര്‍ഗ കൃഷ്ണ എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തിയത്. നിവിന്‍ ദിനേശനും നയന്‍താര ശോഭയുമായി എത്തിയ ചിത്രത്തില്‍ ഷാന്‍ റഹ്മാനാണ് സംഗീതസംവിധാനം.

കലാഭവന്‍ ഷാജോണ്‍ – ബ്രദേഴ്‌സ് ഡേ – സെപ്തംബര്‍ 6, 2019

ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു തുടങ്ങി സ്വന്തം കഴിവുകൊണ്ട് അഭിനേതാവെന്ന നിലയില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. പൃഥ്വിരാജ് നായകനായ ചിത്രത്തില്‍ വിജയരാഘവന്‍ , പ്രയാഗ , ഐശ്വര്യ ലക്ഷ്മി, മഡോണ, മിയ, തമിഴ് നടന്‍ പ്രസന്ന തുടങ്ങിയവരാണ് പ്രധാനവേഷത്തില്‍ എത്തിയത്.

ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ 4 മ്യൂസികാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ശങ്കര്‍രാമകൃഷ്ണന്‍ – പതിനെട്ടാം പടി – ജൂലായ് 5, 2019

മുമ്പ് കേരള കഫേ എന്ന പത്ത് ചിത്രങ്ങളുടെ സമാഹാരത്തില്‍ ഐലന്റ് എക്‌സ്പ്രസ് എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ഒരു മുഴുനീള ചിത്രമായി ശങ്കര്‍രാമകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം പതിനെട്ടാം പടിയായിരുന്നു. തിരക്കഥാകൃത്തായി നേരത്തെ തിളങ്ങിയ ശങ്കര്‍ നിരവധി ചിത്രങ്ങളിലും പ്രധാന വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.

മമ്മൂട്ടി ‘ജോണ്‍ എബ്രഹാം പാലയ്ക്കല്‍’ എന്ന യൂണിവേഴ്സിറ്റി പ്രൊഫസറുടെ റോളിലെത്തിയ ചിത്രത്തില്‍ 15 തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെ 65 പുതുമുഖ അഭിനേതാക്കളാണ് ഉള്ളത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ആര്യ, രാജീവ് പിള്ള എന്നിവര്‍ അതിഥി താരങ്ങളായും ചിത്രത്തില്‍ എത്തി.

ഇവരെക്കൂടാതെ അഹാന കൃഷ്ണകുമാര്‍, മണിയന്‍പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാമണി, ലാലു അലക്‌സ്, നന്ദു, മനോജ് കെ ജയന്‍, മാലാ പാര്‍വ്വതി എന്നിവരും ചിത്രത്തിലുണ്ട്. 18,000 പേരില്‍ നിന്ന് ഓഡിഷനും ഏഴ് ദിവസത്തെ ക്യാമ്പും കഴിഞ്ഞാണ് 65 പുതുമുഖങ്ങളെ തെരഞ്ഞെടുത്തത്.

ഇതിന് പുറമെ അന്തരിച്ച പ്രശ്‌സത നടന്‍ ക്യാപ്റ്റന്‍ രാജു 2012 ല്‍ സംവിധാനം ചെയ്ത മിസ്റ്റര്‍ പവനായി, ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍, നാദിര്‍ഷ സംവിധാനം ചെയ്ത മേരാ നാം ഷാജി, എന്നിവയും ഇതേ വര്‍ഷമാണ് തിയേറ്ററുകളില്‍ എത്തിയത്.

DoolNews Video

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more