'ക്യാമറ, സംവിധാനം ഉണ്ണി മുകുന്ദന്‍', 12th മാന്‍ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ പങ്കുവെച്ച് സൈജു കുറുപ്പ്; പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുമായി കുഞ്ചാക്കോ ബോബന്‍
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം 12th മാന്റെ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രീകരണം ആരംഭിച്ച സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോകളും ഫോട്ടോകളുമെല്ലാം ജീത്തു ജോസഫും മറ്റു അഭിനേതാക്കളും പങ്കുവെക്കാറുണ്ട്.
ലൊക്കേഷനില്‍ ബാഡ്മിന്റണ്‍ കളിക്കുന്ന സൈജു കുറുപ്പിന്റെയും ജീത്തു ജോസഫിന്റെയും വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നടന്‍ ഉണ്ണി മുകുന്ദന്‍ ക്യാമറയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് സൈജു കുറുപ്പ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ത്രില്ലിംഗ് ഫീല്‍ തരുന്ന പാട്ടിന്റെ പശ്ചാത്തലത്തില്‍ സ്ലോ മോഷനും വ്യത്യസ്ത ആംഗിളുകളില്‍ നിന്നുള്ള ഷോട്ടുകളുമെല്ലാം ചേര്‍ന്നാണ് വീഡിയോ എത്തിയിരിക്കുന്നത്.
ജീത്തു ജോസഫും സൈജു കുറുപ്പും ചേര്‍ന്ന് അടിച്ചുതകര്‍ക്കുന്നുവെന്ന കുറിപ്പോടെയാണ് ഉണ്ണി മുകുന്ദന്‍ വീഡിയോ പങ്കുവെച്ചത്. കുഞ്ചാക്കോ ബോബന്‍ ഈ ചാന്‍സ് മിസ് ആക്കിയെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ലൊക്കേഷനില്‍ നിന്നുള്ള മറ്റൊരു വീഡിയോ ജീത്തു ജോസഫ് പങ്കുവെച്ചിരുന്നു. ഇടുക്കി കുളമാവിലുള്ള ഗ്രീന്‍ബര്‍ഗ് റിസോര്‍ട്ടില്‍ നിന്നുള്ള വീഡിയോ ആണ് ജീത്തു ജോസഫ് പങ്കുവെച്ചത്. മോണിങ് വാക്ക് എന്ന തലക്കെട്ടിലാണ് മഞ്ഞുമൂടിയ വഴിയിലൂടെ നടക്കുന്ന വീഡിയോ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസമാണ് 12th മാന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. മിസ്റ്ററി ത്രില്ലറായിട്ടാണ് ചിത്രമൊരുങ്ങുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. നിഗൂഢത നിറഞ്ഞ ഒരു വീടിന്റെ പശ്ചാത്തലത്തിലായിരുന്നു പോസ്റ്റര്‍. വീടിനകത്തുള്ള 11 പേരുടെ രൂപവും അവിടേയ്ക്ക് നടന്ന് എത്തുന്ന മോഹന്‍ലാലിന്റെ രൂപവുമായിരുന്നു പോസ്റ്ററിലുള്ളത്.
ദൃശ്യം 2വാണ് ജീത്തുവും മോഹന്‍ലാലും ഒന്നിച്ച അവസാന ചിത്രം. നേരത്തെ മോഹന്‍ലാലിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ചായിരുന്നു നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ 12വേ മാന്‍ അനൗണ്‍സ് ചെയ്തത്. ദൃശ്യം 2 വിന്റെ ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് തന്നെ മറ്റൊരു കഥയും ജീത്തു പറഞ്ഞിരുന്നെന്നും ദൃശ്യം 2 കഴിഞ്ഞ ശേഷം ഇതിനെ കുറിച്ച് ആലോചിക്കാം എന്നായിരുന്നു തങ്ങളുടെ തീരുമാനം എന്നുമായിരുന്നു ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്.
അതേസമയം ജീത്തു ജോസഫ് മോഹന്‍ലാല്‍ ടീമിന്റെ റാം എന്ന സിനിമ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനുണ്ട്. വിദേശത്തടക്കം ചിത്രീകരിക്കേണ്ടതിനാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ തല്‍ക്കാലം ചിത്രം മാറ്റി വെയ്ക്കുകയായിരുന്നു.