| Saturday, 7th January 2023, 1:10 pm

ജന ഗണ മനയാണ് 2022 ലെ ഇഷ്ട ചിത്രമെന്ന് സിദ്ദീഖ്; ജയ ഹേയും ജന ഗണ മനയും പ്രിയപ്പെട്ട ചിത്രമെന്ന് സുരാജും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2022ലെ തങ്ങളുടെ പ്രിയപ്പെട്ട ചിത്രത്തെ കുറിച്ച് പറയുകയാണ് നടന്മാരായ സിദ്ദീഖും സുരാജ് വെഞ്ഞാറമൂടും. ഇരുവരുടെയും കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമായ എന്നാലും ന്റളിയ എന്ന സിനിമയെ കുറിച്ച് സംസാരിക്കവെ ആയിരുന്നു ഇരുവരും പോയ വര്‍ഷത്തെ തങ്ങളുടെ ഇഷ്ട സിനിമയെ കുറിച്ച് പറഞ്ഞത്. രണ്ടു പേരും പറഞ്ഞിരിക്കുന്നത് ഒരേ സിനിമയാണെന്നതാണ് രസകരമായ മറ്റൊരു കാര്യം.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മന യാണ് 2022ലെ തങ്ങളുടെ ഇഷ്ട സിനിമ എന്നാണ് ഇരുവരും പറഞ്ഞത്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് സുരാജ് വെഞ്ഞാറമ്മൂടാണ്. ജന ഗണ മനയ്‌ക്കൊപ്പം ജയഹേയും തന്റെ പ്രിയപ്പെട്ട ചിത്രമാണെന്നും സുരാജ് പറയുന്നു. ചാനല്‍ കേരളക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ ഭാഗമാകാത്ത ചിത്രമാണ് ജന ഗണ മനയെന്നും വളരെ ആസ്വദിച്ച് താന്‍ കണ്ട സിനിമയാണ് അതെന്നുമാണ് സിദ്ദീഖ് പറഞ്ഞത്. എങ്ങനെ ഇങ്ങനെയാരു തിരക്കഥയെഴുതിയെന്ന് താന്‍ ചിത്രത്തിന്റെ തിരക്കഥാകൃത്തിനോട് ചോദിച്ചിരുന്നെന്നും അതിന് അദ്ദേഹം ഒരു മറുപടി തന്നെന്നും സിദ്ദീഖ് പറയുന്നു.

‘ഒരുപാട് നല്ല സിനിമകള്‍ 2022 ല്‍ കണ്ടിരുന്നു. അതില്‍ എനിക്ക് വളരെ ഇഷ്ടപെട്ട സിനിമയാണ് ജന ഗണ മന. ഞാന്‍ വളരെ ആസ്വദിച്ചു കണ്ട ഒരു സിനിമ കൂടിയാണ് അത്. നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രമേയമാണ് സിനിമ കൈകാര്യം ചെയ്തത്. ഒരു കോര്‍ട്ട് റൂം ഡ്രാമ പോലെ ഒരു കോര്‍ട്ടില്‍ വന്ന് വലിയൊരു ക്രൈം തെളിയിച്ച് കൊണ്ടുവരുന്ന തരത്തില്‍ ആണ് തിരക്കഥ ഒരുക്കിയത്.

എങ്ങനെയാണു ഈ കഥ നിന്റെ മനസിലേക്ക് വന്നതെന്ന് ഞാന്‍ ഷാരിസിനോട് ചോദിച്ചിരുന്നു. ഒരാള്‍ പറഞ്ഞ ഒരു ഇന്‍സിഡന്റില്‍ നിന്നാണ് ഈ കഥ രൂപപ്പെട്ടതെന്നാണ് ഷാരിസ് പറഞ്ഞത്. നാലുപേര് കൂടി കാറില്‍ ഏതോ സ്ഥലത്തു ഒരു ഡെഡ് ബോഡി കൊണ്ട് വന്നിട്ടു, എന്നിട്ട് ഇവര്‍ നാലുപേരും തിരിച്ച് പോയി. പിന്നീടാണ് അറിയുന്നത് ഈ നാലു പേര്‍ക്കും ഡ്രൈവിംഗ് അറിയില്ലെന്ന്. ഇവര്‍ എങ്ങനെ വന്നു, അപ്പോള്‍ ഒരു അഞ്ചാമനുണ്ട്. അതില്‍ നിന്നാണ് ആ ഒരു ചിന്ത ഉണ്ടാകുന്നത്. അവിടെ നിന്നാണ് വെല്‍ സ്‌ക്രിപ്റ്റഡ്, വെല്‍ ഡിറക്ടഡ്, വെല്‍ ആക്ടഡ് സിനിമ ഉണ്ടാകുന്നത്. ഞാന്‍ കഴിഞ്ഞ വര്‍ഷം കണ്ടതില്‍ ഏറ്റവും ഇഷ്ടപെട്ട സിനിമ ജന ഗണ മന തന്നെയാണ്,’ സിദ്ദീഖ് പറഞ്ഞു.

താന്‍ അഭിനയിച്ച സിനിമ ആയതുകൊണ്ടുമാത്രമല്ല ജന ഗണ മന തനിക്ക് പ്രിയപ്പെട്ടതായതെന്നും സമകാലീന സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളെ അതിന്റെ ഗൗരവത്തോടെ സിനിമയില്‍ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു സുരാജിന്റെ മറുപടി. ജന ഗണ മനയും ജയ ജയ ജയഹേയുമാണ് തന്റെ പ്രിയപ്പെട്ട ചിത്രങ്ങളെന്നും സുരാജ് പറഞ്ഞു.

‘ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മിക്ക സിനിമകളും നല്ലതാണ്. അതില്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ജന ഗണ മനയും, ജയ ജയ ജയ ജയ ഹേയുമാണ്. പിന്നെ ഞാന്‍ അഭിനയിച്ച എല്ലാ സിനിമയും എനിക്ക് പ്രിയപ്പെട്ടതാണ്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ അതിന്റെ ഗൗരവത്തോടെ സിനിമയില്‍ കൃത്യമായി എടുത്തു കാണിച്ചിട്ടുണ്ട്,’ സുരാജ് പറഞ്ഞു.

കോളേജ് അധ്യാപികയായ സഭ എന്ന യുവതിയുടെ കൊലപാതത്തിലെ ദുരൂഹതകള്‍ക്ക് പിന്നാലെ സഞ്ചരിക്കുന്ന സിനിമ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിലൂടെ സഞ്ചരിച്ച് രണ്ടാം പാതിയില്‍ ഒരു എന്‍ഗേജിംഗ് കോര്‍ട്ട് റൂം ത്രില്ലറായാണ് പ്രേക്ഷകന് മുന്നിലെത്തുന്നത്. പൃഥ്വിരാജ് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, പശുപതി രാജ്, ജി.എം സുന്ദര്‍, മംമ്ത മോഹന്‍ദാസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഈ മാസം ആറിന് തിയേറ്ററുകളില്‍ എത്തിയ ന്നാലും ന്റളിയ ആണ് താരങ്ങളുടെ ഏറ്റവും പുതിയ ചിത്രം. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ലെന, ഗായത്രി അരുണ്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

Content highlight: Actors Siddique and Suraj venjaramood about favourite movies

Latest Stories

We use cookies to give you the best possible experience. Learn more