| Sunday, 5th February 2023, 1:28 pm

അര്‍ജുനും സൗബിനും തകര്‍ക്കുമ്പോള്‍, നത്തും കൂട്ടരും ആറാടുകയാണ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മനസ് നിറഞ്ഞ് ചിരിക്കാന്‍ പാകത്തിലൊരു സിനിമ അതായിരിക്കും രോമാഞ്ചമെന്ന ജിത്തു മാധവ് സിനിമക്ക് കൊടുക്കാന്‍ പറ്റുന്ന ഏറ്റവും മികച്ച ടാഗ് ലൈന്‍. വെറുതെ ചിരിപ്പിക്കുക മാത്രമല്ല തിയേറ്ററിലെത്തുന്ന പ്രേക്ഷകനെ പേടിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് രോമാഞ്ചം. കോമഡി ഹൊറര്‍ ഴോണറില്‍ കഥപറയുന്ന സിനിമ സ്വാഭാവിക നര്‍മങ്ങള്‍ വിതറി പ്രേക്ഷകനെ തിയേറ്ററില്‍ പിടിച്ചിരിത്തുന്നതില്‍ കൃത്യമായി വിജയിക്കുന്നുണ്ട്.

സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവായി പറയേണ്ടത് പ്രകടനങ്ങള്‍ തന്നെയാണ്. അത്രയേറെ മികവോടെയാണ് ഓരോരുത്തരും തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബെംഗളൂരിലെ ഒരു വീട്ടില്‍ ഒരുമിച്ച് കഴിയുന്ന ഏഴ് ചെറുപ്പക്കാരുടെ വീട്ടിലേക്ക് ക്യാമറ കൊണ്ടുവെച്ചാല്‍ എങ്ങനെയിരിക്കും. അത് തന്നെയാണ് സിനിമ. അത്രയേറെ സ്വാഭാവികമായാണ് സിനിമ മുമ്പോട്ട് പോകുന്നത്.

തമാശക്ക് വേണ്ടി തമാശ പറയുന്ന രീതിയില്‍ നിന്നും മാറി, അത്രയേറെ സീരിയസായ സീനുകളില്‍ പോലും പ്രേക്ഷകരെ ചിരിപ്പിക്കുന്നതില്‍ രോമാഞ്ചം വിജയിക്കുന്നുണ്ട്. ഹൊറര്‍ കഥകള്‍ പറയുന്ന സിനിമകള്‍ ഇതിനുമുമ്പും മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും സ്വാഭാവിക നര്‍മമാണ് ആ സിനിമകളില്‍ നിന്നും രോമാഞ്ചത്തെ വ്യത്യസ്തമാക്കുന്നത്.

സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നീ താരങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാവരും സിനിമയില്‍ പുതുമുഖങ്ങളാണെന്ന് പറയാം. ഇരു താരങ്ങളെയും രണ്ടറ്റത്ത് നിര്‍ത്തി ബാക്കിയുള്ളവര്‍ക്ക് നിറഞ്ഞാടാനുള്ള സ്‌പേസാണ് സംവിധായകനും തിരക്കഥാകൃത്തുമായ ജിത്തു ഒരുക്കി കൊടുക്കുന്നത്. ഇവരൊക്കെ സിനിമയില്‍ പുതുമുഖങ്ങളാണെന്ന് പറയുമ്പോഴും, സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വൈറലായിട്ടുള്ള ഇവരെ അറിയാത്ത മലയാളി ഉണ്ടാവില്ല.

‘ഒതളങ്ങ തുരുത്ത്’ എന്ന വെബ് സീരീസിലൂടെ മലയാളിക്ക് സുപരിചിതനായ നത്ത്(അബിന്‍ ജോര്‍ജ്) ജഗദീഷ് എന്നിവരുടെ പ്രകടനത്തെ കുറിച്ച് പരാമര്‍ശിക്കാതെ രോമാഞ്ചം പൂര്‍ണമാവില്ല. സിനിമയെ അത്രയേറെ രസകരമാക്കി തീര്‍ക്കുന്നതില്‍ ഇരുവരും വഹിക്കുന്ന പങ്ക് ചെറുതല്ല. സിനിമയിലെ നായികയാണ് മറ്റൊരു പോസിറ്റീവ്. അത് തിയേറ്ററില്‍ കണ്ടറിയുക തന്നെ വേണം.

മലയാളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആരാധകരുള്ള കരിക്ക് എന്ന ചാനലിന്റെ തേരാ പാരാ വെബ്സീരീസിന്റെ ലൈനിലാണ് സംവിധായകനും തിരക്കഥാകൃത്തുമായ ജിത്തു മാധവ് രോമാഞ്ചത്തെ രൂപപ്പെടുത്തിയിട്ടുള്ളതെന്ന് കണ്ടിരിക്കുന്ന പ്രേക്ഷകന് ഒരുവേള തോന്നും. എന്നാല്‍ രോമാഞ്ചം സിനിമക്ക് കരിക്കുമായി സാമ്യമുണ്ടന്നോ തേരാ പാരയുടെ കോപ്പിയാണന്നോ ഒന്നും പറയാന്‍ കഴിയില്ല. സിറ്റുവേഷണല്‍ കോമഡിയും സ്വാഭാവിക അഭിനയവുമാണ് കരിക്കിന്റെ വിജയ ഫോര്‍മുല അത് തന്നെയാണ് ഇവിടെ ജിത്തുവും പിന്തുടരുന്നത്.

content highlight: actors of romancham movie from social media

We use cookies to give you the best possible experience. Learn more