| Sunday, 12th June 2022, 12:19 am

കമ്മ്യൂണിസത്തെ മയക്കുന്ന 'മദമാണ്' കറുപ്പെന്നാണ് ജോയ് മാത്യു; ഒരു ഫാസിസ്റ്റിന് നേരെയുള്ള പ്രതിഷേധമെന്ന് ഹരീഷ് പേരടി; കറുപ്പണിഞ്ഞ് നടന്മാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ മുന്നില്‍ക്കണ്ട് കറുത്ത മാസ്‌ക്കിനടക്കം വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പരിഹാസ കുറുപ്പുമായി നടന്‍മാരായ ജോയ് മാത്യുവും ഹരീഷ് പേരടിയും.

മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്ന് കമ്മ്യൂണിസത്തിന്റെ മൂത്താപ്പ മാര്‍ക്‌സ് പറഞ്ഞിട്ടുണ്ടെങ്കില്‍ കമ്മ്യൂണിസത്തെ മയക്കുന്ന ‘മദമാണ്’ ഇപ്പാള്‍ കറുപ്പെന്നാണ് ജോയ് മാത്യുവിന്റെ കുറുപ്പ്. പേടിതൂറിയനായ ഒരു ഫാസിസ്റ്റിന് നേരെയുള്ള പ്രതിഷേധമെന്ന് പറഞ്ഞായിരുന്നു ഹരീഷ് പേരടിയുടെ പോസ്റ്റ്. ഫേസ്ബുക്കിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം.

‘മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്ന് കമ്മ്യൂണിസത്തിന്റെ മൂത്താപ്പ മാര്‍ക്‌സ്!. സത്യത്തില്‍ കമ്മ്യൂണിസത്തെ മയക്കുന്ന ‘മദമാണ്’ ഇപ്പോള്‍ കറുപ്പ് –

അതിനാല്‍ ഞാന്‍ ഫുള്‍ കറുപ്പിലാണ്
കറുപ്പ് എനിക്കത്രമേല്‍ ഇഷ്ടം.

അത് ധരിക്കാനോ തരിമ്പും പേടിയുമില്ല.
കാരണം കയ്യില്‍ സാക്ഷാല്‍ ഷെര്‍ലക് ഹോംസാണ് .
പോലീസുകാരെക്കൊണ്ട് ‘ക്ഷ’
വരപ്പിക്കുന്ന ആളാണ് കക്ഷി.
ഞമ്മളെ സ്വന്തം ആള്,’ എന്നാണ് ജോയ് മാത്യു കുറിച്ചത്.

‘ജീവിച്ചിരിക്കുന്ന കുണ്ടിയില്‍ അപ്പിയുള്ള മലയാളികള്‍ (ഇന്ന് തിന്ന രാഷ്ട്രിയം ദഹിച്ചവര്‍) രണ്ട് ദിവസത്തേക്ക് എങ്കിലും കറുത്ത കുപ്പായവും കറുത്ത മാസ്‌ക്കും ധരിക്കുക. ഇത് പേടിതൂറിയനായ ഒരു ഫാസിസ്റ്റുനു നേരെയുള്ള പ്രതിഷേധമാണ്,’ എന്നാണ് ഹരീഷ് പേരടി എഴുതിയത്.

അതേസമയം, സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചയിലും ‘കറുപ്പ്’ ട്രന്റിങായി. ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചാ പരിപാടിയില്‍ കറുത്ത ഷര്‍ട്ടണിഞ്ഞാണ് അവതാരകന്‍ വിനു വി. ജോണ്‍ എത്തിയത്.

‘കറുത്ത മാസ്‌ക്ക് അഴിപ്പിച്ചും കറുത്ത വസ്ത്രം ധരിച്ചവരെ കസ്റ്റഡിയിലെടുത്തും മുഖ്യമന്ത്രിക്ക് സുരക്ഷ തീര്‍ക്കുന്നത് എന്തിനാണ്. കറുപ്പ് ഇഷ്ടമുള്ള നിറമാണെന്നും ഇന്ന് കറുത്ത വസത്രം ധരിച്ചത് മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം പന്തുണ പ്രഖ്യാപിച്ചാണെന്നും പറഞ്ഞായിരുന്നു വിനു വി. ജോണ്‍ ചര്‍ച്ച ആരംഭിച്ചത്.

മാതൃഭൂമി ചാനലിലെ ചര്‍ച്ചയിലായിരുന്നു കറുത്ത മാസ്‌ക്കും വസ്ത്രവും ധരിച്ച് കോണ്‍ഗ്രസ് പ്രതിനിധി ജ്യോതികുമാര്‍ ചാമക്കാലയെത്തിയത്.

‘ഇന്നോളം കാണാത്ത കിരാത ഭരണത്തിന് കേരളം സാക്ഷിയാകുന്നു. വോട്ട് ചെയ്ത ജനത്തിനെ ബന്ദിയാക്കി മഹാപീഡ കൊടുക്കുന്ന പിണറായി ഭരണകൂടം,’ എന്ന ക്യാപ്ഷനൊടെ ചര്‍ച്ചയുമായി ബന്ധപ്പെട്ട വീഡിയോ ചാമക്കാല ഫേസ്ബുക്കില്‍ പങ്കുവെച്ചു.

കറുത്ത വസ്ത്രം ധരിച്ച യുവാക്കളുടെ കൂടെ നില്‍ക്കുന്ന ചിത്രം ഷാഫി പറമ്പില്‍ എം.എല്‍.എയും ഫേസ്ബുക്കിലുടെ ഷെയര്‍ ചെയ്തു. ‘അവര് കല്യാണത്തിന് വന്നതാണ് ഭായ്,’ എന്ന് ക്യാപ്ഷനോട് കൂടെയായിരുന്നു ഷാഫിയുടെ പോസ്റ്റ്. ശ്രദ്ധിച്ചോ, എന്ന ക്യാപ്ഷനില്‍ കാക്കയുടെ ചിത്രവും മറ്റൊരു പോസ്റ്റില്‍ ഷാഫി പങ്കുവെച്ചു.

CONTENT HIGHLIGHTS:  Actors Joy Mathew and Hareesh Peradi Protest at the ban on black masks in the face of protests against the Chief Minister

We use cookies to give you the best possible experience. Learn more