ബാലു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ബേസില്‍ ജോസഫ്, ഗണപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് ജാന്‍ എ മന്‍. പൂര്‍ണമായും ഹാസ്യത്തിന് പ്രധാന്യം നല്‍കികൊണ്ടാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.
തിയേറ്ററുകളില്‍ പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ് ചിത്രം. സിനിമയെ കുറിച്ച് ഇതിനോടകം പല അഭിപ്രായങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്.
സിനിമയ്ക്ക് ആശംസകളറിയിച്ച് പലരും ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ സംവിധായകരായ ജീത്തു ജോസഫ്, രഞ്ജിത്ത് ശങ്കര്‍ തുടങ്ങിയവരും സിനിമയ്ക്ക് അഭിനന്ദനമറിയിച്ചിരുന്നു.
യുവതാരങ്ങളായ ടൊവിനോ തോമസ്, അജു വര്‍ഗീസ് എന്നിവരും സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലൂടെ സിനിമയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിട്ടുണ്ട്.
‘ചിരി ചിന്ത ചിരി അടിപൊളി പടം ചിദംബരം’ എന്നാണ് അജു വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചത്. ”എല്ലാ അഭിനേതാക്കളും അവരുടെ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും, അത് നന്നായി കാപ്ചര്‍ ചെയ്യുകയും അതിന് മികച്ച സംഗീതത്തിന്റെ പിന്തുണ കൂടെയുണ്ടാവുമ്പോള്‍, അത് നല്ലൊരു വിരുന്നാണ്,’ അജു വര്‍ഗീസ് പറഞ്ഞു.
ജാന്‍ എ മന്‍ സിനിമയെ കുറിച്ച് ഷൂട്ടിങ് തുടങ്ങിയ അന്ന്‌തൊട്ട് ബേസിലിന്റെ അടുത്ത് നിന്ന് കേള്‍ക്കുന്നതാണെന്നും, സിനിമ കണ്ട് ചിരിച്ച് വയറുവേദനയെടുക്കുന്ന അവസ്ഥയിലായെന്നും ടൊവിനോ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു.
”നടന്മാരുടെ കഞ്ഞിയില്‍ പാറ്റ ഇടാതെ പോയി സംവിധാനം ചെയ്യടേയ്, ” എന്ന് ബേസില്‍ ജോസഫിനെ ടാഗ് ചെയ്തുകൊണ്ട് ടൊവിനോ കുറിച്ചു.
ഒരുപാട് പോസിറ്റീവ് റിവ്യൂ കണ്ടാണ് ജാന്‍ എ മന്‍ കാണാന്‍ പോയതെന്നും വളരെ രസകരമായ സിനിമയാണ് ഇതെന്നും മുഴുവന്‍ ടീമിനും അഭിനന്ദനം അറിയിക്കുന്നു എന്നുമാണ് ജീത്തു ജോസഫ് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.
ഏതുവഴി നോക്കിയാലും ജാന്‍ എ മന്‍ ഒരു വിജയമാണെന്ന് രഞ്ജിത്ത് ശങ്കര്‍ പറയുന്നു. ‘ നന്നായി എഴുതി, മികച്ച രീതിയില്‍ എക്‌സിക്യൂട്ട് ചെയ്ത്, മികച്ച രീതിയില്‍ അവതരിപ്പിച്ച ഒരു സൂപ്പര്‍ സ്മാര്‍ട്ട് സിനിമയാണ്. സ്വതന്ത്ര വാണിജ്യസിനിമ, സിനിമാതിയേറ്ററുകളില്‍ മാത്രമാണ് നടക്കുന്നത്. സിനിമ ഹാളുകളിലെ ഹൗസ് ഫുള്‍ ബോര്‍ഡുകളും പൊട്ടിച്ചിരിയും കണ്ണീരും സന്തോഷവും അതിന് ഒന്നുകൂടെ അടിവരയിടുന്നു. അഭിനന്ദനങ്ങള്‍,’ രഞ്ജിത്ത് ശങ്കര്‍ കുറിച്ചു.
മലയാളത്തിലെ യുവതാരങ്ങളായ അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ എന്നിവരാണ് സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.
ചിദംബരവും ഗണപതിയും, സപ്‌നേഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ‘വികൃതി’ എന്ന സിനിമക്ക് ശേഷം ചിയേഴ്സ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍, സജിത്ത് കൂക്കള്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: actors congratulates Jan A man movie