ന്യുദല്‍ഹി: സിനിമയിലോ സീരിയലുകളിലോ അഭിനേതാക്കള്‍ പറയുന്ന ഡയലോഗുകളില്‍ അവര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് പറയാന്‍ കഴിയില്ലെന്ന് ദല്‍ഹി ഹൈക്കോടതി. രാജീവ് ഗാന്ധിക്കെതിരായി പരാമര്‍ശം നടത്തിയെന്നാരോപിച്ച് നെറ്റ്ഫ്ളിക്സ് സീരിസായ സേക്രഡ് ഗെയിംസിനെതിരെ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.
കേസില്‍ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും കക്ഷികളാക്കി കോണ്‍ഗ്രസ് ലീഗല്‍ സെല്‍ പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം കേസില്‍ അഭിനേതാക്കള്‍ എങ്ങനെ കക്ഷികളാകുമെന്നും എല്ലാ എപ്പിസോഡുകളും പുറത്തുവിട്ടശേഷം നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ കാര്യമുണ്ടോയെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ചന്ദ്രശേഖര്‍ എന്നിവരുടെ ബെഞ്ച് ചോദിച്ചു.
നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഗണേഷ് എന്ന കഥാപാത്രം മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ “ഫട്ടു” എന്നു വിളിക്കുന്നുവെന്നും ഇത് സബ് ടൈറ്റിലില്‍ pu*** എന്നാണ് എഴുതികാണിക്കുന്നതെന്നും കാണിച്ചായിരുന്നു പരാതി നല്‍കിയിരുന്നത്. ചരിത്രസംഭവങ്ങളെ വളച്ചൊടിച്ചുകൊണ്ട് രാജീവ് ഗാന്ധിയെ അപമാനിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.
സംവിധായകരായ അനുരാഗ് കശ്യപും വിക്രമാദിത്യ മോട്‌വാനിയും ചേര്‍ന്നൊരുക്കിയിരിക്കുന്ന സേക്രഡ് ഗെയിംസ് കഴിഞ്ഞ ആഴ്ചയാണ് പ്രദര്‍ശനം ആരംഭിച്ചത്. വിക്രം ചന്ദ്ര എഴുതിയ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് സിരീസ് ചെയ്തിരിക്കുന്നത്.
അതേസമയം സേക്രഡ് ഗെയിംസ് വിവാദത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്ന “എന്റെ പിതാവ് രാജ്യത്തിന് വേണ്ടി ജീവിക്കുകയും രാജ്യത്തിന് വേണ്ടി മരിക്കുകയും ചെയ്തയാളാണ്. ഒരു വെബ് സീരീസിലുളള കെട്ടുകഥാപാത്രത്തിന്റെ കാഴ്ച്ചപ്പാട് കാരണം അതില്‍ മാറ്റം ഉണ്ടാകില്ല” എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.