| Thursday, 8th December 2022, 1:37 pm

ഓരോ ഷോട്ട് കഴിയുമ്പോഴും ഞാനിവനെ നോക്കും, ഇവന്‍ മൈന്‍ഡ് ചെയ്യില്ല; സൗദി വെള്ളക്കയില്‍ പക്ഷെ ആ പ്രശ്‌നമില്ലായിരുന്നു: ബിനു പപ്പു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓപ്പറേഷന്‍ ജാവക്ക് ശേഷം തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണ് സൗദി വെള്ളക്ക.

തിയേറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് മുന്നേറുന്ന ചിത്രത്തില്‍ ദേവി വര്‍മ, ലുക്മാന്‍ അവറാന്‍, ബിനു പപ്പു, ഗോകുലന്‍, സിദ്ധാര്‍ത്ഥ് ശിവ, സുജിത് ശങ്കര്‍, രമ്യ സുരേഷ്, ധന്യ അനന്യ, നില്‍ജ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

പുതുതായി ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ ആ പ്രോസസുമായി ഒത്തുചേരാന്‍ ആദ്യ ദിവസം നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് (ഫസ്റ്റ് ഡേ സിന്‍ഡ്രോം) സംസാരിക്കുകയാണ് ബിനു പപ്പുവും ഗോകുലനും. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

”ഞാന്‍ അഭിനയിക്കുന്ന എല്ലാ സിനിമകളിലും എനിക്ക് ഫസ്റ്റ് ഡേ സിന്‍ഡ്രോം ഉണ്ടാകാറുണ്ട്. എനിക്ക് മാത്രമല്ല എല്ലാവര്‍ക്കും ഉണ്ടാകുമെന്ന് തോന്നുന്നു. എനിക്ക് ഒരു ദിവസം മൊത്തമുണ്ടാകും, ചിലര്‍ക്ക് ഒരു ഷോട്ടില്‍ മാത്രമായിരിക്കും. മൂന്നാമത്തെ ദിവസമായിരിക്കും നമ്മള്‍ ഒരു ട്രാക്കിലേക്കൊക്കെ വരിക.

ഷൂട്ട് ചെയ്ത് തുടങ്ങുമ്പോഴാണ് നമുക്ക് കാര്യം മനസിലാകുക. കഥയും ക്യാരക്ടറുമൊക്കെ കേട്ട് അഭിനയിച്ച് തുടങ്ങുമ്പോഴാണ്, ഇവര്‍ ഉദ്ദേശിച്ച പോലെ തന്നെയാണോ ഞാന്‍ അഭിനയിക്കുന്നത്, എന്ന കണ്‍സേണ്‍ വരിക. ഈ കമ്മ്യൂണിക്കേഷന്‍ ക്ലിയറാകാത്ത സാഹചര്യമാണ് ഫസ്റ്റ് ഡേ സിന്‍ഡ്രോം. അത് ക്ലിയറായാല്‍ ട്രാക്കിലായി.

അതാണ് എന്റെ അവസ്ഥ. കമ്മ്യൂണിക്കേഷന്‍ ശരിയാകാത്തിടത്തോളം ഫസ്റ്റ് ഡേ സിന്‍ഡ്രോം നീണ്ടുപോകും,” ഗോകുലന്‍ പറഞ്ഞു.

ഓപ്പറേഷന്‍ ജാവയില്‍ അഭിനയിക്കുമ്പോള്‍ താനും ഈ പ്രശ്‌നം നേരിട്ടിട്ടുണ്ടെന്നും എന്നാല്‍ സൗദി വെള്ളക്കയില്‍ ഈ പ്രശ്‌നമില്ലായിരുന്നെന്നും ബിനു പപ്പുവും പറഞ്ഞു.

”സൗദി വെള്ളക്കയില്‍ അഭിനയിക്കുമ്പോള്‍ എനിക്കത് ഫീല്‍ ചെയ്തിട്ടില്ല. പക്ഷെ ഓപ്പറേഷന്‍ ജാവയിലുണ്ടായിരുന്നു. ജാവയില്‍ ഞാന്‍ എത്ര പ്രാവശ്യമാണ് ചില ഷോട്ടുകള്‍ എടുത്തത്. എനിക്ക് ആകെ ഒരു പിടിത്തവും കിട്ടുന്നുണ്ടായിരുന്നില്ല.

ഓരോ ഷോട്ട് അഭിനയിക്കുമ്പോഴും ഞാന്‍ ഇവന്റെ (തരുണ്‍ മൂര്‍ത്തി) നോക്കും. ഇവന്‍ പക്ഷെ വേറെ എങ്ങോട്ടെങ്കിലുമായിരിക്കും നോക്കി നില്‍ക്കുന്നത്. അയ്യോ ഇതെന്ത് മനുഷ്യനാണ് ഇത്, ഒന്ന് മുഖത്തേക്ക് പോലും നോക്കുന്നില്ലല്ലോ, എന്ന് ഞാന്‍ വിചാരിച്ചു.

പക്ഷെ അന്ന് ഞങ്ങള്‍ തമ്മില്‍ ഒരു പരിചയവുമില്ലല്ലോ.

സൗദിയില്‍ ആദ്യമെടുത്ത സീന്‍ ബോട്ടിന്റെ അടുത്ത് ലുക്മാന്‍ എന്നെ വന്ന് കാണുന്ന സീനാണ്. എനിക്കും ലുക്കുവിനും കുറേ ദിവസം അഭിനയിച്ച പോലെയായിരുന്നു ആ സീന്‍. ഒരുപാട് നേരത്തെ ചര്‍ച്ച ചെയ്തത് കൊണ്ടായിരിക്കും അങ്ങനെ തോന്നിയത്.

സൗദിയില്‍ അതുകൊണ്ട് തന്നെ ഫസ്റ്റ് ഡേയുടെ പ്രശ്‌നമില്ലായിരുന്നു. പക്ഷെ ജാവക്കും തല്ലുമാലക്കും ഇപ്പൊ അഭിനയിച്ച അയല്‍വാശിക്കുമൊക്കെ ഈ പ്രശ്‌നമുണ്ടായിരുന്നു. ഫസ്റ്റ് ഡേ അതിലേക്ക് അങ്ങോട്ട് വീഴില്ല,” ബിനു പപ്പു കൂട്ടിച്ചേര്‍ത്തു.

ഒരു കോര്‍ട്ട് റൂം ഡ്രാമ കൂടിയായാണ് സൗദി വെള്ളക്ക ഒരുക്കിയിരിക്കുന്നത്.

Content Highlight: Actors Binu Pappu and Gokulan talks about Saudi Vellakka movie in an interview with Doolnews

We use cookies to give you the best possible experience. Learn more