പുതിയ വീട്ടിലേക്ക് മാറിയപ്പോള്‍ ഗോകുലിന് ഭയങ്കര അച്ചടക്കം വന്നുവെന്ന് സുരേഷ് ഗോപി, തനിക്കിഷ്ടം വയലന്റ് ബേബീസിനെയെന്ന് അജു വര്‍ഗീസ്; മക്കളുടെ ചെറുപ്പകാലത്തെ കുറുമ്പുകള്‍ പങ്കുവെച്ച് താരങ്ങള്‍
നടനായും നിര്‍മാതാവായും മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് അജു വര്‍ഗീസ്. കൂടുതലും കോമഡി വേഷങ്ങള്‍ ചെയ്തിട്ടുള്ള അജു സ്വഭാവ നടനായും നായകനായും പ്രേക്ഷകപ്രീതി പിടിച്ചുപറ്റി.
സൂര്യ ടി.വിയിലെ ഒരു പരിപാടിയ്ക്കിടെ കുടുംബവിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അജു വര്‍ഗീസ്. തന്റെ നാല് മക്കളുടെ കുറുമ്പുകളെപ്പറ്റിയാണ് താരം സംസാരിക്കുന്നത്. ഇവാന്‍, ജുവാന, ജെയ്ക്ക്, ലൂക്ക് എന്നിങ്ങനെയാണ് ഇവരുടെ പേരുകള്‍.
തനിക്ക് കുറുമ്പ് കാണിക്കുന്ന കുട്ടികളെയാണ് കൂടുതല്‍ ഇഷ്ടമെന്നാണ് അജു വര്‍ഗീസ് പരിപാടിയില്‍ പറഞ്ഞത്. പിന്നീട് തന്റെ കുഞ്ഞുങ്ങളുടെ വികൃതികളെക്കുറിച്ചാണ് താരം സംസാരിച്ചത്.
മക്കള്‍ ചെറുതായിരുന്നപ്പോള്‍ ഷൂട്ടിംഗ് തിരക്കിലായിരുന്നത് കൊണ്ട് കുറച്ച് സമയം മാത്രമേ അവരുടെ കൂടെ ചെലവഴിച്ചിട്ടുള്ളൂവെന്നും അജു പറഞ്ഞു. ആ സമയത്ത് വാടക വീട്ടില്‍ താമസിച്ചതും അവര്‍ അവിടത്തെ ചുവരില്‍ വരച്ചിട്ടത് കാരണം വീട് പെയിന്റടിച്ച് കൊടുക്കേണ്ടി വന്നതിന്റേയും രസകരമായ അനുഭവങ്ങളാണ് താരം പരിപാടിയില്‍ അവതാരകന്‍ സുരേഷ് ഗോപിയോട് പങ്കുവെച്ചത്.
ഇപ്പം കറക്ടായി. ഇപ്പം അവര് മെക്കിട്ട് കേറാനും അവരുടേതായ വ്യക്തമായ അഭിപ്രായങ്ങള്‍ പറയാനും തുടങ്ങി. ദേഹോപദ്രവം ഏല്‍പിക്കുന്നുമുണ്ട്,” അജു പറയുന്നു.
”ഇവര് ജനിച്ച സമയത്ത് താമസിച്ച ഒരു വാടക വീടുണ്ട്. മുട്ടിലിഴഞ്ഞ് അവര്‍ പതുക്കെ വരകളൊക്കെ തുടങ്ങി. ഞാന്‍ സമ്മതം കൊടുത്തു. ഭിത്തിയില്‍ വരച്ചോട്ടെ, പെയിന്റ് ചെയ്താല്‍ മതിയല്ലോ. കുറച്ച് കഴിഞ്ഞ് വീട് മാറേണ്ടി വന്നു.
അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്. ആ വീട്ടില്‍ ഓരോ മുറിക്കും ഓരോ പെയിന്റാണ്. ഇത് തിരിച്ച് അടിച്ച് കൊടുക്കാന്‍ പോയപ്പൊഴാണ് മിനക്കെട്ടത്. ഓരോ കളറിലുള്ള പെയിന്റും വാങ്ങേണ്ടി വന്നു.
അങ്ങനെ വീട് മാറുമ്പോള്‍ ഞാന്‍ തീരുമാനിച്ചു, ഇനി വീട് നോക്കുമ്പോള്‍ വെള്ള നിറത്തിലുള്ളത് മാത്രം മതി. തിരിച്ച് ഇറങ്ങിപ്പോരുമ്പോള്‍ വെള്ള മാത്രം അടിച്ച് കൊടുത്താല്‍ മതിയല്ലോ,” താരം പറയുന്നു.
”പിന്നീട് പുതിയ വീട്ടിലേക്ക് മാറിയപ്പോള്‍ ചുമരില്‍ ചിത്രം വരച്ചത് മതിയാക്കാനും പുസ്തകത്തില്‍ വരച്ച് പഠിക്കാനും ഞാന്‍ കുട്ടികളോട് പറഞ്ഞു. അപ്പോഴാണ് മുമ്പ് അവര്‍ ചുമരില്‍ വരച്ചിരുന്ന ചിത്രം ഇന്റര്‍നെറ്റില്‍ ഉണ്ടായിരുന്നത് ഇപ്പോഴത്തെ വീട്ടുടമസ്ഥന്‍ കണ്ടത്.
ഒരു ദിവസം അദ്ദേഹം വന്ന് പതിവില്ലാതെ വീട്ടിലെ എല്ലാ മുറിയും കയറിയിറങ്ങി. എന്തു പറ്റി എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവര് ഒരു ഫോട്ടോ കാണിച്ചിട്ട് പറഞ്ഞു, ‘നിങ്ങള്‍ക്ക് കൊടുക്കുന്ന വീടൊക്കെ ഇങ്ങനെയാവുന്ന അവസ്ഥയുണ്ടെന്ന് ഞാനറിഞ്ഞു. ഞാന്‍ വീടൊന്ന ചെക്ക് ചെയ്യാന്‍ വന്നതാണ്’, എന്ന്. അത് കഴിഞ്ഞു. ഇനി അങ്ങനെ ആകത്തില്ല എന്ന് ഞാന്‍ പറഞ്ഞു,” അജു ചിരിച്ചുകൊണ്ട് പറഞ്ഞു.
പരിപാടിയുടെ അവതാരകനായ സുരേഷ് ഗോപിയും മകനും നടനുമായ ഗോകുല്‍ സുരേഷിന്റെ ചെറുപ്പകാലത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. അന്ന് നാല് വയസുള്ള ഗോകുല്‍ വാടകവീട്ടിലായിരുന്നപ്പോള്‍ ചുവരില്‍ കുറച്ചേ വരച്ചിട്ടുള്ളൂവെന്നും അത് വീട്ടുടമസ്ഥന്‍ തന്നെ പെയിന്റ് ചെയ്‌തെന്നുമാണ് സുരേഷ് ഗോപി പറയുന്നത്.
പിന്നീട് പുതിയ വീട്ടിലേക്ക് മാറിയപ്പോള്‍ ഗോകുലിന് നല്ല അച്ചടക്കം വന്നുവെന്നും പുസ്തകത്തില്‍ മാത്രം വരയ്ക്കാന് തുടങ്ങിയെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. എന്നാല്‍ പിന്നീടുണ്ടായ കുട്ടികള്‍ വികൃതികളായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.