'അയിത്തം കല്‍പ്പിക്കപ്പെട്ട് പുറത്തു നില്‍ക്കുന്നു'; അംഗീകരിക്കാന്‍ ആരും തയ്യാറല്ലെന്നും കോട്ടയം നസീര്‍
Kerala News
'അയിത്തം കല്‍പ്പിക്കപ്പെട്ട് പുറത്തു നില്‍ക്കുന്നു'; അംഗീകരിക്കാന്‍ ആരും തയ്യാറല്ലെന്നും കോട്ടയം നസീര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 8th November 2019, 8:38 am

കൊച്ചി: മിമിക്രി കലാകാരന്മാരോട് സര്‍ക്കാരിനും കേരള സംഗീത നാടക അക്കാദമിക്കും അയിത്തമാണെന്ന് നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീര്‍. മിമിക്രി കലാകാരന്മാരെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്നും നസീര്‍ പറഞ്ഞു.

നടന്‍ മുകേഷ് കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായിരുന്ന കാലത്തായിരുന്നു മിമിക്രിയെ സര്‍ക്കാര്‍ അംഗീകരിച്ചതെന്നും മുകേഷ് സ്ഥാനമൊഴിഞ്ഞതോടെ മിമിക്രി കലാകാരന്മാര്‍ വീണ്ടു സര്‍ക്കാരിന്റെ പരിഗണനയില്‍ നിന്നും പുറത്താക്കപെട്ടെന്നും നസീര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘മിമിക്രിയെ സര്‍ക്കാര്‍ അംഗീകരിച്ച ചെറിയ കാലയളവില്‍ മികച്ച മിമിക്രി കലാകാരനുള്ള അക്കാഡമി അവാര്‍ഡ് കിട്ടിയ ആളാണ് ഞാന്‍. മുകേഷ് ചേട്ടന്‍ കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായിരുന്ന കാലത്തായിരുന്നു അത്. എന്നാല്‍ അതിനു ശേഷം മിമിക്രി വീണ്ടും അക്കാഡമിയില്‍ നിന്നു പുറത്താക്കപ്പെട്ടു. ഇത് ദുഖകരമാണ്.’, കോട്ടയം നസീര്‍ പറഞ്ഞു.

‘എല്ലാ കലാരൂപങ്ങളെയും ബഹുമാനിക്കുന്നവരാണ് മിമിക്രി കലാകാരന്‍മാര്‍. പക്ഷേ, ഞങ്ങളെ അംഗീകരിക്കാന്‍ ആരും തയാറല്ലെന്ന്’ കോട്ടയം നസീര്‍ പറയുന്നു. വനിതാ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് നസീറിന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

സര്‍ക്കാര്‍ പരിപാടികളില്‍ പോലും മിമിക്രി ഉണ്ടാവുമെന്നും രാഷ്ട്രീയവുമായി അടുത്തു നില്‍ക്കുന്ന കലാരൂപമായിട്ടും എന്തുകൊണ്ടാണ് അവഗണനയെന്നു മനസ്സിലാകുന്നില്ലെന്നും നസീര്‍ പറഞ്ഞു.

‘മിമിക്രി വളരെ പെട്ടെന്നാണ് ജനപ്രീതി സ്വന്തമാക്കിയത്. നാട്ടിലായാലും വിദേശത്തായാലും കൂടുതല്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതു മിമിക്രിക്കാരാണ്. ഇപ്പോള്‍ മിക്ക പരിപാടികളിലും മിമിക്രിയും അതുമായി ബന്ധപ്പെട്ട കലാരൂപങ്ങളും പ്രധാന ഇനമാണ്.’

‘സര്‍ക്കാര്‍ പരിപാടികളില്‍ പോലും ഞങ്ങളുടെ പ്രോഗ്രാം ഉണ്ടാകും. രാഷ്ട്രീയവുമായി അടുത്തു നില്‍ക്കുന്നവരും ഞങ്ങളാണ്. മണ്‍മറഞ്ഞ എത്രയോ പ്രതിഭകള്‍ പുതുതലമുറയുടെ മനസ്സില്‍ ജീവിക്കുന്നതിന് പ്രധാന കാരണം മിമിക്രിയാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഈ അവഗണന എന്നു മനസ്സിലാകുന്നില്ല. ഞങ്ങള്‍ അയിത്തം കല്‍പ്പിക്കപ്പെട്ടവരായി പുറത്തു നില്‍ക്കുന്നതിന്റെ കാരണവും അറിയില്ല.’, കോട്ടയം നസീര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഞാനടക്കം ഭൂരിപക്ഷം മിമിക്രി കലാകാരന്‍മാരും വലിയ തുക ടാക്സ് അടയ്ക്കുന്നവരാണ്. ചാനല്‍ പരിപാടികള്‍ക്കൊക്കെ ടാക്സ് കഴിച്ചുള്ള തുകയാണ് പ്രതിഫലമായി കിട്ടുക. ഞങ്ങള്‍ തനിയെ പഠിച്ച കല, സ്വന്തമായി അവതരിപ്പിക്കുന്നതിന്റെ പങ്കാണ് സര്‍ക്കാരിന് കൊടുക്കുന്നത്. എന്നിട്ടും ഞങ്ങള്‍ സര്‍ക്കാര്‍ രേഖകള്‍ക്കു പുറത്താണ്’, നസീര്‍ പറഞ്ഞു.