2022ല്‍ ബോക്‌സോഫിസില്‍ വലിയ റെക്കോഡുകള്‍ തീര്‍ത്ത സിനിമയാണ് പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ്2. കെ.ജി.എഫ് എന്ന ആദ്യ ഭാഗത്തിന് കിട്ടിയതിനേക്കാള്‍ സ്വീകാര്യത രണ്ടാം ഭാഗത്തിന് ലഭിച്ചിരുന്നു. സിനിമയില്‍ നെപ്പോട്ടിസവുമായി ബന്ധപ്പെട്ട് നാകനായ യഷിന്റെ കഥാപാത്രം പറയുന്ന ഡയലോഗ് വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. ആ ഡയലോഗിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ യഷ്.
സിനിമാ കുടുംബങ്ങളില്‍ നിന്ന് വരുന്നവരെ കുറിച്ചല്ല പറഞ്ഞതെന്നും, മറിച്ച് മറ്റുള്ളവരെ ചവിട്ടി താഴ്ത്താന്‍ ശ്രമിക്കുന്നവരെ കുറിച്ചാണ് പറഞ്ഞതെന്നും യഷ് പറഞ്ഞു. കെ.ജി.എഫിലെ റോക്കി ഭായ് ഒരുപാട് ആളുകള്‍ക്ക് പ്രചോദനമായിരുന്നു എന്നും താരം കൂട്ടി ചേര്‍ത്തു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഞാന്‍ മുമ്പുള്ള അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് എന്താണ് വേണ്ടത് അത് സിനിമയിലൂടെ കൊടുക്കാന്‍ കഴിയണം. ജനങ്ങള്‍ക്ക് പ്രധാനമായും ആവശ്യം ഇന്‍സ്പിരേഷനാണ്. അവരെ പ്രോത്സാഹിപ്പിക്കാന്‍ മോട്ടിവേറ്റ് ചെയ്യാന്‍ അവര്‍ക്ക് ഒരാളെ ആവശ്യമാണ്. ആ പ്രോത്സാഹനം എല്ലായ്‌പ്പോഴും പുസ്തകങ്ങളില്‍ നിന്നോ പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് ക്ലാസുകളില്‍ നിന്നോ കിട്ടില്ല. പക്ഷെ ഉറപ്പായും സിനിമക്ക് അതിന് സാധിക്കും. അത്തരത്തിലുള്ള ഒരു മാധ്യമമാണ് സിനിമ.
ആക്ഷനും ഫൈറ്റിനുമൊക്കെ പ്രാധാന്യം കൊടുത്താണ് കെ.ജി.എഫ്2 സിനിമ ചെയ്തിരിക്കുന്നതെന്ന് എനിക്കറിയാം. എന്നാല്‍ കുറച്ചുകൂടി ആഴത്തില്‍ ചിന്തിക്കുമ്പോള്‍ നിങ്ങള്‍ക്ക് തന്നെ മനസിലാകും ആ സിനിമ പറയുന്നത് ഒരു സാധാരണക്കാരന്റെ കഥയാണ്. ഒരുപാട് കഷ്ടപ്പെട്ട് ഉയര്‍ന്നുവരുന്ന ഒരാളാണ് റോക്കി ഭായ്. നമ്മൂടെ ജീവിതത്തില്‍ ഒന്നും എളുപ്പമല്ലായെന്നാണ് അയാള്‍ നമുക്ക് കാണിച്ച് തരുന്നത്.
എന്നാല്‍ തന്റെ എല്ലാ പ്രശ്‌നങ്ങളെയും അതിജീവിച്ച് അയാള്‍ വലിയൊരു പ്രതീക്ഷയായി മാറുകയാണ് ചെയ്യുന്നത്. ഒരുപാട് ആളുകള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ഒരു കഥാപാത്രം കൂടിയാണത്. അതുകൊണ്ട് തന്നെയാണ് ഒരുപാട് ആളുകള്‍ക്ക് ആ സിനിമ ഇഷ്ടപ്പെടുന്നത്. നമ്മുടെ സമൂഹം ചില നിയമങ്ങളുണ്ടാക്കി വെച്ചിട്ടുണ്ട്. അങ്ങനെ വസ്ത്രം ധരിക്കണം ഇങ്ങനെ നടക്കണം എന്നൊക്കെ. അതുകൊണ്ട് തന്നെ ഞാനടക്കമുള്ള യുവാക്കള്‍ക്ക് വലിയ ആശങ്കയാണുള്ളതിപ്പോള്‍.
എന്നാല്‍ നിങ്ങളുടെ കാര്യം തീരുമാനിക്കേണ്ടത് നിങ്ങളാണ്, നിങ്ങളുടെ ജീവിതത്തില്‍ ആര്‍ക്കും ഒരു മാറ്റവും വരുത്താന്‍ കഴിയില്ല മാറ്റങ്ങള്‍ കൊണ്ടുവരേണ്ട് നിങ്ങള്‍ തന്നെയാണ്. സ്വന്തമായി തീരുമാനങ്ങളെടുത്ത് ശക്തമായി മുമ്പോട്ട് പോകണം. ആ പാഠമാണ് റോക്കി ഭായ് ഇന്നത്തെ തലമുറക്ക് നല്‍കുന്നത്. അതുകൊണ്ട് തന്നെയാണ് റോക്കിയെ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടാനുള്ള കാരണം.
എന്തിനാണ് നെപ്പോട്ടിസത്തെ കുറിച്ചുള്ള ഡയലോഗ് സിനിമയില്‍ ഉള്‍പ്പെടുത്തിയത് എന്ന് ചോദിച്ചാല്‍, ശരിക്കും പറഞ്ഞാല്‍ നമ്മുടെ ഇന്‍ഡസ്ട്രിയിലൊന്നും വലിയ പുരോഗമനങ്ങള്‍ സംഭവിച്ചിട്ടില്ല. സിനിമ ബാക്ക്ഗ്രൗണ്ടുള്ള ആളുകള്‍ക്കെതിരെയല്ല ആ ഡയലോഗ് പറഞ്ഞിരിക്കുന്നത്. നെപ്പോട്ടിസം എന്നതുകൊണ്ട് ഉദ്ദേശിച്ചത് ഏതെങ്കിലും ഇന്‍ഡസ്ട്രിയിലെ നിര്‍മാതാക്കളെയോ സംവിധായകരെയേ അവരുടെ മക്കളെയൊന്നുമല്ല. കഷ്ടപ്പെട്ട് ഉയര്‍ന്നുവരുന്നവരെ ചവിട്ടി താഴ്ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയാണ് ആ ഡയലോഗ് ഉപയോഗിച്ചിരിക്കുന്നത്,’ യഷ് പറഞ്ഞു.
content highlight: actor yash talks about nepotism dialogue in kgf2