നടന്‍, ഹാസ്യതാരം, ഗായകന്‍, ഇന്റര്‍വ്യൂവര്‍, ടെലിവിഷന്‍ താരം, സാമൂഹ്യപ്രവര്‍ത്തകന്‍ അങ്ങനെ ജീവിതത്തില്‍ ഒട്ടനവധി വേഷങ്ങളില്‍ നിറഞ്ഞാടിയ താരമാണ് തമിഴ് സിനിമകളിലൂടെ നമ്മളെയെല്ലാം പൊട്ടിച്ചിരിപ്പിച്ച വിവേക്. തമിഴില്‍ മാത്രമല്ല ദക്ഷിണേന്ത്യയൊട്ടാകെ വിവേകിനും സിറ്റുവേഷനുകള്‍ക്കനുസരിച്ച് ഇംപ്രവൈസ് ചെയ്‌തെടുത്ത വിവേകിന്റെ കോമഡികള്‍ക്കും ആരാധകരേറെയായിരുന്നു.
നിമിഷനേരത്തേക്ക് മാത്രം ചിരിപ്പിച്ച് കടന്നുപോകുന്ന കോമഡി കഥാപാത്രങ്ങളല്ലായിരുന്നു വിവേകിന്റേത്. സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കും ജാതീയതയ്ക്കും പാട്രിയാര്‍ക്കിക്കുമെതിരെ ആ കഥാപാത്രങ്ങള്‍ സംസാരിച്ചു. മസാല ആക്ഷന്‍ ചിത്രങ്ങളില്‍ വരെ വിവേകിന്റെ കഥാപാത്രങ്ങള്‍ മൂര്‍ച്ചയുള്ള ആക്ഷേപഹാസ്യങ്ങളുമായെത്തി ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്നുപോയി.
ഓരോ സിനിമയും എഴുത്തുകാരന്റെയും സംവിധായകന്റെയും വീക്ഷണങ്ങളാണെന്നിരിക്കലും, ഷൂട്ടിംഗ് സമയത്ത് ഇംപ്രവൈസ് ചെയ്യുന്ന ഡയലോഗുകളിലൂടെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ നിലപാടുകള്‍ അറിയിച്ചു കൊണ്ടേയിരുന്നു.
തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരങ്ങളിലും വെള്ളിത്തിരയില്‍ തിളങ്ങി നിന്ന വിവേക് കേരളത്തിലെ ഇന്നത്തെ യുവാക്കളുടെ കുട്ടിക്കാലത്തെ ഒഴിച്ചുകൂടാനാകാത്ത തമിഴ് സിനിമാ ഓര്‍മ്മയാണ്. എണ്‍പതുകളില്‍ സിനിമയിലെത്തി തൊണ്ണൂറുകളില്‍ വളര്‍ന്ന് രണ്ടായിരങ്ങളില്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്ന വിവേകിനെ പെട്ടെന്ന് സിനിമകളില്‍ നിന്നും കാണാതായത് മലയാളികള്‍ക്കിടയില്‍ വരെ ചോദ്യങ്ങളുയര്‍ത്തിയിരുന്നു.
തമിഴ് സിനിമയെയും ജനതയെയും പുതുപാഠങ്ങള്‍ പഠിപ്പിച്ച വിവേക്
1980കളില്‍ ചെന്നൈ സെക്രട്ടറിയേറ്റില്‍ ജോലി ചെയ്തുവന്നിരുന്ന സമയത്ത്, ഒഴിവുസമയങ്ങളില്‍ മദ്രാസ് ഹ്യൂമര്‍ ക്ലബില്‍ സ്റ്റാന്റ് അപ്പ് കോമഡി ചെയ്തതാണ് തൂത്തുക്കുടി സ്വദേശിയായിരുന്ന വിവേകാനന്ദന് സിനിമയിലേക്ക് വഴി തുറന്നത്. സംവിധായകന്‍ കെ. ബാലചന്ദറിനുവേണ്ടി തിരക്കഥയില്‍ അസിസ്റ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം സിനിമയിലെത്തുന്നത്.
ബാലചന്ദറിന്റെ മനത്തില്‍ ഉരുതി വീണ്ടും എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തുകൊണ്ട് അഭിനയജീവിതത്തിന് തുടക്കം കുറിച്ചു. 1987ല്‍ തുടങ്ങിയ കരിയറില്‍ സഹതാരങ്ങളിലൊരാളായും ചെറിയ വേഷങ്ങളും ചെയ്തു വന്ന വിവേകിന് ഒരു ബ്രേക്ക് ലഭിക്കുന്നത് തൊണ്ണൂറുകളുടെ പകുതിയോടെയാണ്. ആ സമയം മുതല്‍ സിനിമയിലെ പ്രധാന ഹാസ്യതാരമാകാന്‍ കഴിഞ്ഞു.
നായകന്റെ സുഹൃത്തായി മുഴുനീള വേഷങ്ങളിലെത്തിയ വിവേക് അജിത്ത്, വിക്രം, രജനീകാന്ത്, വിജയ്, സൂര്യ, പ്രശാന്ത് തുടങ്ങി എല്ലാ ഹീറോകള്‍ക്കൊപ്പവും അഭിനയിച്ചു. 2000, 2001 വര്‍ഷങ്ങളില്‍ അന്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച വിവേക് തമിഴിലെ ഏറ്റവും തിരക്കേറിയ താരങ്ങളിലൊരാളായിരുന്നു. സെന്തില്‍ – ഗൗണ്ടമണി എന്നിവര്‍ തമിഴ് സിനിമയില്‍ നിറഞ്ഞു നിന്ന കാലത്താണ് പതിയെ കടന്നുവന്ന് വടിവേലുവിനൊപ്പം വിവേകും ഹാസ്യലോകം കീഴടക്കിയത്.
ആക്ഷേപഹാസ്യങ്ങളായിരുന്നു വിവേകിന് തന്റേതായ സ്ഥാനം നേടിക്കൊടുത്തത്. സമൂഹത്തിലെ വിവിധ പ്രശ്ങ്ങള്‍ക്കെതിരെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ സംസാരിച്ചു. സിനിമയിലെ സിറ്റുവേഷനുകള്‍ക്ക് ചേരുംവിധം സമൂഹത്തിലെ ജീര്‍ണ്ണതകള്‍ക്കെതിരെ കുറിക്കുക്കൊള്ളുന്ന കൗണ്ടറുകള്‍ ഇംപ്രവൈസ് ചെയ്യുന്നത് വിവേകിനെ സംവിധായകര്‍ക്ക് പ്രിയപ്പെട്ടവനാക്കി. വിക്രം നായകനായ സാമി എന്ന ആക്ഷന്‍ ചിത്രത്തിലെ വിവേകിന്റെ വെങ്കിട്ടരാമ അയ്യങ്കാറിന്റെ ഡയലോഗുകള്‍ ഇന്നും ചര്‍ച്ചാവിഷയമാണ്.
ഒരിക്കല്‍ സിനിമകളില്‍ താന്‍ ഇംപ്രവൈസ് ചെയ്യുന്ന കോമഡി രംഗങ്ങളെക്കുറിച്ച് വിവേക് പറഞ്ഞതിങ്ങനെയാണ്, ‘ നോക്കൂ നിങ്ങള്‍… ഞാന്‍ വായിക്കുന്ന പുസ്തകങ്ങളാണിത്. വളരെ ഗൗരവമായി ഈ ലോകത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കാറുണ്ട്. ലോകം ചിന്തിക്കേണ്ട പലവിധ വിഷയങ്ങളെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. പക്ഷേ പറഞ്ഞു വരുമ്പോള്‍ അത് കോമഡിയാവുകയാണ്.’
ഹാസ്യത്തിലൂടെ ജനമനസ്സുകളില്‍ ഇടംനേടിയ വിവേകിനെ പുരസ്‌കാരങ്ങളും തേടിയെത്തി. റണ്‍, സാമി, പേരഴകന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ബെസ്റ്റ് കൊമേഡിയനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ്‌സ് സൗത്ത് അദ്ദേഹത്തിന് ലഭിച്ചു. ഉന്നരുഗേ നാന്‍ ഇരുന്താല്‍, റണ്‍, പാര്‍ത്ഥിപന്‍ കനവ്, അന്യന്‍, ശിവാജി എന്നീ ചിത്രങ്ങള്‍ക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യതാരത്തിനുള്ള പുരസ്‌കാരവും ലഭിച്ചു.
ഇരുന്നൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ട വിവേക് അവസാന കാലത്ത് വളരെ കുറഞ്ഞ ചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചത്. തമിഴ് സിനിമാലോകം അദ്ദേഹത്തെ ബോധപൂര്‍വം തഴയുകയാണെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതിനൊപ്പം മകന്റെ അകാല മരണവും വിവേകിനെ സിനിമയില്‍ മാറിനില്‍ക്കാന്‍ പ്രേരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നടന്‍ സന്താനത്തിന്റെ വരവും തമിഴ് സിനിമയിലെ കോമഡിയുടെ രീതികള്‍ മാറിയതും 2005ന് ശേഷമുള്ള വര്‍ഷങ്ങളില്‍ വിവേകിന്റെ കരിയറിനെ ബാധിച്ചു. എന്നാല്‍ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ തീരുമാനിച്ച വിവേക് വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്തുകൊണ്ടു തിരിച്ചുവന്നു. നാന്‍ താന്‍ ബാല, പാലക്കാട് മാധവന്‍, ബൃന്ദാവനം, വെള്ളൈ പൂക്കള്‍ എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ഇതിനൊപ്പം വേലയില്ലാ പട്ടധാരി, യെന്നൈ അറിന്താല്‍, വെയ് രാജ വെയ്, ബിഗില്‍ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളിലും പഴയ തമാശകളുടെ ഓര്‍മ്മ പുതുക്കുന്ന വേഷങ്ങളുമായി അദ്ദേഹം എത്തി.
സിനിമയില്‍ തിരക്കേറിയ നടനായി നില്‍ക്കുന്ന സമയത്ത് തന്നെ അദ്ദേഹം സാമൂഹ്യവിഷയങ്ങളില്‍ ഇടപെട്ടു. മുന്‍ പ്രസിഡന്റ് എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മ്മയില്‍ അദ്ദേഹം ആരംഭിച്ച ഗ്രീന്‍ കലാം പദ്ധതി കാലാവസ്ഥ വ്യതിയാനം തടയുന്നതിനായി പ്രവര്‍ത്തിക്കുകയാണ്. സംസ്ഥാനം മുഴുവന്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കി വരികയാണ് ഈ സംഘടന.
തമിഴ്‌നാട് സര്‍ക്കാരിന്റെ പ്ലാസ്റ്റിക് ഫ്രീ തമിഴ്‌നാട് ക്യാംപെയ്‌നിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരിലൊരാളാണ് വിവേക്. അബ്ദുള്‍ കലാം അടക്കമുള്ളവരുമായി വിവേക് നടത്തിയ ഇന്റര്‍വ്യൂകളും അദ്ദേഹം അവതാരകനായ പരിപാടികളും ഇന്നും ഏറെ പ്രസിദ്ധമാണ്.
ഏപ്രില്‍ 16 വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ വിവേകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ സിനിമാലോകം മാത്രമല്ല ദക്ഷിണേന്ത്യ മുഴുവന്‍ ആശങ്കപ്പെട്ടിരുന്നു. എങ്കിലും ഇത്രയും വേഗം വിവേക് വിട പറയുമെന്ന് ആരും കരുതിയിരുന്നില്ല.
നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞതുപോലെ വിവേകിനെ ഓരോ തവണ സ്‌ക്രീനില്‍ കാണുമ്പോഴും നമുക്ക് ഏറെ പരിചയമുള്ള ഒരാളെപ്പോലെ തോന്നിയ നടനായിരുന്നു വിവേക്. അതുകൊണ്ട് തന്നെയായിരിക്കണം അദ്ദേഹത്തിന്റെ മരണം മലയാളികളെയടക്കം ഇത്രയേറെ വേദനിപ്പിക്കുന്നത്. മാത്രമല്ല, ഇപ്പോള്‍ വരുന്ന പല എഴുത്തുകളില്‍ നിന്നും ഹാസ്യനടന്‍ എന്നതിനപ്പുറത്തേക്ക് കൂടെ വളര്‍ന്നുയര്‍ന്നിരുന്ന വിവേകിനെ നമ്മളെല്ലാവരും തിരിച്ചറിയാന്‍ കൂടി തുടങ്ങിയിരിക്കുകയാണ്.