കൊല്ലം: അഴിമതിരഹിത രാഷ്ട്രീയം എന്നതിന് പര്യായമാണ് ബി.ജെ.പിയെന്ന് നടനും ചവറയില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ വിവേക് ഗോപന്‍.
താന്‍ ചെറുപ്പം മുതലെ ബി.ജെ.പി അനുഭാവിയാണെന്നും കുറച്ചുകാലം ശാഖയില്‍ പോയിട്ടുണ്ടെന്നും വിവേക് പറഞ്ഞു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി വിവേക് മനസ്സുതുറന്നത്.
‘ഞാന്‍ ചെറുപ്പം മുതലേ ബി.ജെ.പി അനുഭാവി ആയിരുന്നു. വീട്ടുകാരും അയല്‍ക്കാരും ആ പ്രദേശത്തുള്ളവരും ബി.ജെ.പി അനുഭാവികളാണ്. കുറച്ചു കാലം ശാഖയില്‍ പോയിട്ടുണ്ട്. തിരുവനന്തപുരത്തെ പുത്തന്‍ ചന്ത ശാഖയിലായിരുന്നു പോയിരുന്നത്. പഠിപ്പിലും മറ്റു കാര്യങ്ങളിലും തിരക്കായതോടെ ശാഖയില്‍ പോകുന്നത് നിര്‍ത്തി. സജീവമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ലെങ്കിലും അനുഭാവിയായി തുടര്‍ന്നു’, വിവേക് പറഞ്ഞു.
നിര്‍ണായക ഘട്ടങ്ങളില്‍ തീരുമാനം എടുക്കാനുള്ള പ്രധാനമന്ത്രിയുടെ കഴിവും കാര്യപ്രാപ്തിയും എന്നെ അദ്ദേഹത്തിന്റെ ആരാധകനാക്കിയെന്നും വിവേക് പറയുന്നു. യുവാക്കളാണ് രാഷ്ട്രീയത്തിലേക്ക് വരേണ്ടതെന്നും ഇപ്പോഴത്തെ തന്റെ പ്രായവും പക്വതയും അതിന് അനിയോജ്യമാണെന്നും വിവേക് കൂട്ടിച്ചേര്‍ത്തു.
‘ഇന്നത്തെ സാഹചര്യത്തില്‍ അഴിമതിരഹിത രാഷ്ട്രീയം എന്നതിന് പര്യായം ബി.ജെ.പി ആണ്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും എന്ന ഉറപ്പിലാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്’, വിവേക് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക