അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടന്‍ വിശാല്‍. പുനീതിന്റെ നേതൃത്വത്തില്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന 1,800 കുട്ടികളുടെ തുടര്‍വിദ്യാഭ്യാസ ചെലവുകളാണ് താരം ഏറ്റെടുത്തിരിക്കുന്നത്.
തന്റെ പുതിയ ചിത്രമായ ‘എനിമി’യുടെ പ്രീ-റിലീസ് ചടങ്ങിനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
‘പുനീത് രാജ്കുമാറിന്റെ വിയോഗം സിനിമാ ഇന്‍ഡസ്ട്രിയുടെ മാത്രം നഷ്ടമല്ല. സമൂഹത്തിനു തന്നെ തീരാനഷ്ടമാണ്. 1,800 കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് അദ്ദേഹം നോക്കിനടത്തിയിരുന്നു.
അദ്ദേഹത്തിന്റെ ആ കര്‍തവ്യം തുടരുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. അദ്ദേഹത്തിനായി അവരുടെ വിദ്യാഭ്യാസം ഞാന്‍ ഏറ്റെടുക്കും,’ വിശാല്‍ പറഞ്ഞു.
പുനീത് നല്ലൊരു നടന്‍ മാത്രമായിരുന്നില്ല, തന്റെ പ്രിയപ്പെട്ട സുഹൃത്തായിരുന്നുവെന്നും, സൂപ്പര്‍സ്റ്റാറുകളില്‍ ഇത്രയധികം വിനയം വെച്ചുപുലര്‍ത്തുന്ന ഒരു നടനെ ഞാന്‍ കണ്ടിട്ടില്ലെന്ന് വിശാല്‍ പറഞ്ഞു.
സാമൂഹിക പ്രതിബദ്ധതയുള്ള ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ചെയ്തിരുന്നുവെന്നും, അദ്ദേഹം തുടങ്ങിവെച്ച ആ നല്ല പ്രവര്‍ത്തികള്‍ താന്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭിനയത്തോടൊപ്പം ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും പുനീത് സജീവമായിരുന്നു. 26 അനാഥാലയങ്ങള്‍, 25 വൃദ്ധസദനങ്ങള്‍, 1,800 കുട്ടികളുടെ വിദ്യാഭ്യാസം 19 ഗോശാലകള്‍ തുടങ്ങി നിരവധിയായ സേവനങ്ങളായിരുന്നു കന്നഡ ജനതയ്ക്കായി അദ്ദേഹം ചെയ്തിരുന്നത്.
കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ പുനീത് നല്‍കിയിരുന്നു.
കര്‍ണാടകയിലെ പ്രളയസമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് 5 ലക്ഷം രൂപയാണ് പുനീത് നല്‍കിയത്.
സ്വന്തം നിര്‍മാണകമ്പനികള്‍ക്കല്ലാത്ത സിനിമകള്‍ക്കായി പാടുന്നതിന് ലഭിക്കുന്ന പ്രതിഫലവും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി പുനീത് മാറ്റിവെക്കാറുണ്ട്. ഒടുവില്‍ മരണശേഷം അദ്ദേഹത്തിന്റെ കണ്ണുകളും ദാനം ചെയ്തിരുന്നു.
വിശാല്‍, ആര്യ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറാണ് ‘എനിമി’. മംമ്ത മോഹന്‍ദാസ്, മൃണാളിനി രവി, പ്രകാശ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം നവംബര്‍ നാലിന് തിയറ്ററുകളിലെത്തും.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actor Vishal takes on charitable activities led by late Kannada superstar Puneeth Rajkumar