മലയാളം നടിമാര്‍ ഒരു പ്രത്യേക വിഭാഗമാണ്, അവര്‍ സ്‌ക്രീനില്‍ വന്നാല്‍ വല്ലാത്തൊരു മാജിക്കായിരിക്കും: വിശാല്‍
Film News
മലയാളം നടിമാര്‍ ഒരു പ്രത്യേക വിഭാഗമാണ്, അവര്‍ സ്‌ക്രീനില്‍ വന്നാല്‍ വല്ലാത്തൊരു മാജിക്കായിരിക്കും: വിശാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 20th September 2023, 9:01 am

തനിക്കൊപ്പം അഭിനയിച്ച മലയാളി നടിമാരെ പറ്റി സംസാരിക്കുകയാണ് നടന്‍ വിശാല്‍. തനിക്കൊപ്പം അഭിനയിച്ച നായികമാരില്‍ കൂടുതലും മലയാളികളാണെന്നും അവര്‍ വളരെ ടാലന്റഡാണെന്നും വിശാല്‍ പറഞ്ഞു. മലയാളി നടിമാര്‍ ഒരു പ്രത്യേക വിഭാഗമാണെന്നും അവര്‍ സ്‌ക്രീനില്‍ വന്നാല്‍ വല്ലാത്തൊരു മാജിക്കായിരിക്കുമെന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വിശാല്‍ പറഞ്ഞു.

‘തമിഴ് സിനിമയില്‍ നായികമാരായി മലയാളികളാണ് കൂടുതലും വരുന്നത്. എന്റെ മിക്ക സിനിമകളിലും മലയാളികളാണ് നായികമാരായത്. മീര ജാസ്മിന്‍, മംമ്ത മോഹന്‍ദാസ്, ലക്ഷ്മി മേനോന്‍ അങ്ങനെ ഒരുപാട് പേരുണ്ട്.

മലയാളം നടിമാര്‍ വളരെ ടാലന്റഡാണ്. അവര്‍ ഒരു പ്രത്യേക വിഭാഗമാണ്. എന്തുകൊണ്ടാണെന്ന് അറിയില്ല. എന്നാല്‍ അവര്‍ സ്‌ക്രീനില്‍ വന്നാല്‍ വല്ലാത്തൊരു മാജിക്കായിരിക്കും,’ വിശാല്‍ പറഞ്ഞു.

ഫഹദും ടൊവിനോയും ദുല്‍ഖറും മികച്ച നടന്മാരാണെന്നും പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും വിശാല്‍ പറഞ്ഞു.

‘ഫഹദ് ഒരു ഫന്റാസ്റ്റിക് ആക്ടറാണ്. ടൊവിനോക്ക് അസാമാന്യ അഭിനയമാണ്. ദുല്‍ഖര്‍ ഒരു ഫിനോമിനല്‍ ആക്ടറാണ്. കാളിദാസും അഭിനയിക്കുന്നുണ്ട്. ലാല്‍ സാറിന്റെ മകന്‍ പ്രണവ് ബ്രില്യന്റായാണ് അഭിനയിച്ചത്. ഞാനത് പ്രതീക്ഷിച്ചതേയില്ല. ഫാമിലി ഫ്രണ്ടെന്ന നിലയില്‍ പ്രണവിനെ നന്നായി അറിയാം. പ്രണവിന്റെ സിനിമ കണ്ടപ്പോള്‍ വളരെയധികം സന്തോഷവും അഭിമാനവും തോന്നി,’ വിശാല്‍ പറഞ്ഞു.

വിജയ്‌യെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യണമെന്നത് തന്റെ വലിയ ആഗ്രഹമാണെന്നും വിശാല്‍ പറഞ്ഞു. അതിനെപ്പറ്റി കുറേ നാളുകളായി ചിന്തിക്കുന്നുണ്ട്. ഇപ്പോള്‍ തന്റെ ഏറ്റവും വലിയ സ്വപ്നവും അതു തന്നെയാണെന്നും വിശാല്‍ പറഞ്ഞു.

മാര്‍ക്ക് ആന്റണിയാണ് ഒടുവില്‍ പുറത്ത് വന്ന വിശാലിന്റെ സിനിമ. ടൈം ട്രാവല്‍ ഴോണറിലൊരുങ്ങിയ സിനിമ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ എസ്.ജെ. സൂര്യയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Content Highlight: Actor Vishal is talking about the Malayalee actresses who acted with him