ചാക്യാര്‍ ഒരു ജാതിപ്പേരാണ്, ആ വിളിയില്‍ വലിയ ദോഷമൊന്നും ഞാന്‍ കാണുന്നില്ല: വിനീത് വാസുദേവന്‍
Entertainment news
ചാക്യാര്‍ ഒരു ജാതിപ്പേരാണ്, ആ വിളിയില്‍ വലിയ ദോഷമൊന്നും ഞാന്‍ കാണുന്നില്ല: വിനീത് വാസുദേവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 24th February 2023, 7:14 pm

ചാക്യാര്‍ കൂത്ത് കാലാകാരനാണ് താനെന്നും അതുകൊണ്ട് തന്നെ പേരിന്റെ കൂടെ ചാക്യാര്‍ എന്ന് ചേര്‍ക്കുന്നതില്‍ പ്രശ്‌നമില്ലെന്നും നടനും സംവിധായകനുമായ വിനീത് വാസുദേവന്‍. ചാക്യാര്‍ കൂത്തില്‍ പങ്കാളികളാകുന്ന മറ്റ് കമ്മ്യൂണിറ്റിയിലുള്ളവരെയും അങ്ങനെ തന്നെ വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചാക്യാര്‍ കൂത്തെന്ന കലാരൂപം കൊണ്ടാണ് താന്‍ ജീവിക്കുന്നതെന്നും അതുകൊണ്ട് തന്നെ ആ കലാരൂപത്തെ താന്‍ ബഹുമാനിക്കുന്നുണ്ടെന്നും പക്ഷെ അതിന്റെ പേരില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘യഥാര്‍ത്ഥത്തില്‍ ചാക്യാര്‍ എന്ന് പറയുന്നത് ഒരു ജാതിപ്പേരാണ്. എന്റെ അച്ഛനും മുത്തച്ഛനുമൊക്കെ ചാക്യാര്‍ കൂത്തെന്ന് പറയുന്ന കലാരൂപം ചെയ്യുന്നവരാണ്. പക്ഷെ ചാക്യാര്‍ കൂത്ത് ചെയ്യുന്ന എല്ലാവരെയും അങ്ങനെയാണ് വിളിക്കുന്നത്. ചാക്യാര്‍ കൂത്തിന്റെ ഭാഗമാകുന്ന മറ്റ് കമ്മ്യൂണിറ്റിയില്‍ പെടുന്നവരെയും അങ്ങനെ തന്നെ വിളിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

പക്ഷ അങ്ങനെ അല്ലാത്തത് കൊണ്ട് ഞാന്‍ എന്റെ പേരില്‍ നിന്നും ചാക്യാര്‍ എടുത്ത് മാറ്റി. എന്റെ കൂട്ടുകാരൊക്കെ എന്നെ അങ്ങനെ തന്നെയാണ് ഇപ്പോഴും വിളിക്കുന്നത്. ഞാന്‍ ആ വിളിയില്‍ വലിയ ദോഷമൊന്നും കാണുന്നില്ല. ആ കലാരൂപം കൊണ്ടാണ് ഞാന്‍ ജീവിക്കുന്നത്.

എന്റെ പൂര്‍വീകരായ ഒരുപാട് ആളുകളില്‍ നിന്നും കിട്ടിയതാണ് ഇതൊക്കെ. അതുകൊണ്ട് തന്നെ ഞാന്‍ അതിനെ കാര്യമായി തന്നെ ബഹുമാനിക്കുന്നുണ്ട്. ചാക്യാര്‍ എന്ന വാക്കിനെയും ഞാന്‍ റെസ്‌പെക്ട് ചെയ്യുന്നുണ്ട്. എന്നാല്‍ അതുകൊണ്ട് ഉണ്ടാകുന്ന വിവേചനങ്ങള്‍ക്ക് ഞാന്‍ എതിരാണ്,’ വിനീത് വാസുദേവന്‍ പറഞ്ഞു.

ആന്റണി വര്‍ഗീസിനെ നായകനാക്കി സംവിധാനം ചെയ്ത പൂവനാണ് വിനീതിന്റെ ഏറ്റവും പുതിയ സിനിമ. സംവിധാനത്തിന് പുറമെ ചിത്രത്തില്‍ പ്രധാന വേഷത്തിലും താരം എത്തിയിരുന്നു. ഹരിയെന്ന ചെറുപ്പക്കാരന്റെ ജീവിതത്തില്‍ പൂവന്‍ കോഴി വരുത്തുന്ന പ്രശ്‌നങ്ങളാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന് തിയേറ്ററില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

content highlight: actor vineeth vasudevan about castism