| Saturday, 26th March 2022, 3:13 pm

അര്‍ജുന്‍ റെഡ്ഡി എടുക്കാന്‍ നോക്കിയിട്ട് പൊളിഞ്ഞു പോയി എന്നൊക്കെ പറയുന്നവര്‍ ഇപ്പോഴും ഉണ്ട്; 'അജിത് മേനോന്‍' പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിന് ശേഷം ഗിരീഷ് എ.ഡി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമായിരുന്നു സൂപ്പര്‍ ശരണ്യ. അനശ്വര രാജന്‍, മമിത ബൈജു, അര്‍ജുന്‍ അശോകന്‍ നസ്‌ലിന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.

സാധാരണ ക്യാമ്പസ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി പെണ്‍കുട്ടികളുടെ കോളേജ്- ഹോസ്റ്റല്‍ ജീവിതം മനോഹരമായി ആവിഷ്‌കരിച്ച ചിത്രമായിരുന്നു സൂപ്പര്‍ ശരണ്യ. ഒരു പെണ്‍കുട്ടിയുടെ കോളേജ് കാലവും പിന്നീട് ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളുമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം.

നിരവധി സ്പൂഫുകള്‍ ഒത്തുചേര്‍ന്ന ഒരു സിനിമ കൂടിയായിരുന്നു സൂപ്പര്‍ ശരണ്യ. ചിത്രത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു വിനീത് വാസുദേവന്‍ അവതരിപ്പിച്ച അജിത്ത് മേനോന്‍.

ഇന്ത്യയാകെ ശ്രദ്ധ നേടുകയും വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടതുമായ അര്‍ജുന്‍ റെഡ്ഡിയുടെ സ്പൂഫ് ആയിട്ടായിരുന്നു അജിത് മേനോന്റെ കഥാപാത്രം എത്തിയത്. അര്‍ജുന്‍ റെഡ്ഡിയെന്ന ടോക്സിക് കാമുകനെ അജിത്ത് മേനോനിലൂടെ കളിയാക്കുകയായിരുന്നു ചിത്രം.

എന്നാല്‍ അജിത് മേനോന്‍ എന്ന കഥാപാത്രം അര്‍ജുന്‍ റെഡ്ഡിയുടെ സ്പൂഫ് ആണെന്ന് മനസിലാകാത്തവര്‍ ഇപ്പോഴും ഉണ്ടെന്ന് പറയുകയാണ് വിനീത് വാസുദേവന്‍. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അജിത് മേനോന്‍ എന്ന കഥാപാത്രം അര്‍ജുന്‍ റെഡ്ഡിയുടെ സ്പൂഫ് ആണെന്ന് മനസിലാകാത്തവര്‍ ഇപ്പോഴും ഉണ്ടെന്നാണ് കരുതുന്നത്. ചിലര്‍ കമന്റിന്റെ അടിയിലൊക്കെ വന്നിട്ട് അര്‍ജുന്‍ റെഡ്ഡി എടുക്കാന്‍ നോക്കിയിട്ട് പൊളിഞ്ഞു പോയി എന്നൊക്കെ പറയുന്നുണ്ട്.

നമ്മുടെ അര്‍ജുന്‍ റെഡ്ഡിയുടെ അത്രയൊന്നും വന്നിട്ടില്ല, ഇവനൊക്കെ ഏതാ, അങ്ങനെയാക്കെ പറയുന്ന കമന്റുകളും കാണാറുണ്ട്. രസകരമായ കമന്റുകളാണ്. അപ്പോള്‍ എനിക്ക് തോന്നും. ഇതൊന്നും അവര്‍ക്ക് മനസിലാക്കാന്‍ പറ്റിയിട്ടില്ലെന്ന്.

അതേസമയം ചിലര്‍ വന്നിട്ട് എടോ ഇത് സ്പൂഫാണ് അതുപോലും മനസിലാക്കാന്‍ പറ്റിയിട്ടില്ലേ എന്നൊക്കെ ചോദിച്ച് ഇവര്‍ക്ക് മറുപടി കൊടുക്കുന്നുമുണ്ട്.

ദുല്‍ഖറിന്റെ ഒരു സീനുണ്ടായിരുന്നല്ലോ, ആ സീനിനെ പറ്റിയും ഇങ്ങനെ കമന്റ് വന്നിരുന്നു. ദുല്‍ഖറിന്റെ അടുത്തുപോലും എത്തിയില്ലെന്നും താന്‍ ഇങ്ങനെ കളിച്ചിട്ടൊന്നും കാര്യമില്ലെന്നും പറഞ്ഞ്.

അജിത് മേനോനെ ചെയ്യാനായി അര്‍ജുന്‍ റെഡ്ഡിയിലെ ചില സീനൊക്കെ ഞാന്‍ വീണ്ടും വീണ്ടും കാണുമായിരുന്നു. ഇതില്‍ തന്നെ ഡിലീറ്റഡ് ആക്കിയ ഒരുപാട് സീനുണ്ട്. നസ്‌ലിന്റെ കഥാപാത്രത്തെ ഞാന്‍ പിടിച്ച് വാട്ടുന്നതൊക്കെ.

ആ സീനിലൊക്കെ ഞാന്‍ അര്‍ജുന്‍ റെഡ്ഡിയിലെ ജസ്റ്റര്‍ പിടിക്കാന്‍ ശ്രമിച്ചിരുന്നു. അതുപോലെ ശരണ്യയുടെ അച്ഛന്‍ വരുന്ന സീനില്‍ ഇയാള്‍ കൈ കെട്ടി ദൂരെ നിന്ന് നോക്കുന്നത്. അതൊക്കെ അതുപോലെ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. ഇതൊക്കെ ട്രൈ ചെയ്തതാണ്. എത്ര ശതമാനം വിജയിച്ചിട്ടുണ്ടെന്ന് അറിയില്ല, വിനീത് പറയുന്നു.

ഓരോ ദിവസം സെറ്റില്‍ വരുമ്പോഴും ഗിരീഷ് ഓരോ പുതിയ പുതിയ സീന്‍ ആഡ് ചെയ്തിട്ടുണ്ടാകുമെന്നും മറ്റേ ട്രാക്ക് ഇങ്ങനെ പോകുമ്പോള്‍ അജിത് മേനോന്‍ ട്രാക്ക് ഇങ്ങനെ കൂടിക്കൊണ്ടിരിക്കുകയായിരുന്നെന്നും വിനീത് പറയുന്നു.

ഓരോ സിനിമകളിലേയും സ്പൂഫ് ഞങ്ങള്‍ ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും. അങ്ങനെ ഓരോ ദിവസം കഴിയുന്നതിന് അനുസരിച്ച് അജിത് മേനോന്റെ ട്രാക്ക് ഇങ്ങനെ കൂടാന്‍ തുടങ്ങി. ഒടുവില്‍ അജിത് മേനോന്റെ മാത്രം സിനിമയായി ഇത് മാറുമോ എന്ന ഘട്ടം വരെയെത്തി.

അതുപോലെ തണ്ണീര്‍മത്തനിലും ഡിലീറ്റ് ആക്കിയ കുറേ സീനുണ്ട്. ഞാന്‍ ഗൈഡായി വന്നിട്ട് ഞാനും വിനീതേട്ടനും വാള്‍പയറ്റ് നടത്തുന്ന രംഗവും അക്ഷരശ്ലോകത്തിന്റെ കോമ്പറ്റീഷനും എല്ലം. വാള്‍പയറ്റ് നടത്തുമ്പോള്‍ ജയ്‌സണ്‍ അടുത്ത് നില്‍ക്കുന്നതും ജയ്‌സാ എന്ന് ചോദിച്ച് അവന് നേരെ വാള്‍ വീശുന്നതുമായ സീനുകളായിരുന്നു. അതൊന്നും പക്ഷേ എടുത്തില്ല, വിനീത് വാസുദേവന്‍ പറയുന്നു.

Content Highlight: Actor Vineeth Vasudevan About Arjun Reddy Spoof and Ajith Menon Super Sharanya

We use cookies to give you the best possible experience. Learn more