|

മമ്മൂക്കയുടെ ആ രണ്ട് സീനുകള്‍ വളരെ തീവ്രമായത്; ഞാന്‍ ഏറെ എന്‍ജോയ് ചെയ്തു: വിനീത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നടനാണ് വിനീത്. ഹരിഹരന്‍ സമ്മാനിച്ച മികച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം. നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ വിനീത് ഒരുകാലത്ത് മലയാളത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നായകനായി തിളങ്ങാന്‍ വിനീതിന് സാധിച്ചിരുന്നു. കരിയറിന്റെ തുടക്കത്തില്‍ തന്നെ പത്മരാജന്‍, ഫാസില്‍, സിബി മലയില്‍ തുടങ്ങിയ സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കാന്‍ വിനീതിന് സാധിച്ചിട്ടുണ്ട്.

വിനീതിന്റേതായി തിയേറ്ററില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്‌സ്. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകനായത്. ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് വിനീത്.

‘ഞാന്‍ സിനിമയിലേക്ക് വന്നപ്പോള്‍ മുതല്‍ക്ക് മമ്മൂക്കയെ കാണുന്നതാണ്. അദ്ദേഹത്തിന്റെ കൂടെയുള്ള ഓരോ മൊമന്റുകളും ശരിക്കും മെസ്മറൈസിങ്ങാണ്. ഞാന്‍ മാത്രമല്ല, മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്ത ഓരോരുത്തരും ഇത് തന്നെയാണ് പറയുക.

ഡൊമിനിക്കില്‍ വര്‍ക്ക് ചെയ്യുന്ന സമയത്തും അതുപോലെ തന്നെയായിരുന്നു. മുമ്പ് അഭിനയിച്ച ബാവൂട്ടിയുടെ നാമത്തില്‍ എന്ന സിനിമയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ അദ്ദേഹം നടത്തിയ പ്രിപ്പറേഷനും ആ കഥാപാത്രമായിട്ട് ട്രാന്‍സ്‌ഫോം ചെയ്യുന്ന രീതിയുമൊക്കെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.

അത് എന്റെ ചെറിയ ഒരു ഒബ്‌സര്‍വേഷന്‍ മാത്രമായിരുന്നു. തന്റെ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ വളരെ നാച്ചുറലായിട്ടാണ് അദ്ദേഹം ഓരോന്നും ചെയ്യുന്നത്. ഡൊമിനിക്കിലും അങ്ങനെ തന്നെയായിരുന്നു. മമ്മൂക്കയുടെ ഇന്റന്‍സായ രണ്ടുമൂന്ന് സീനുകള്‍ ഈ സിനിമയില്‍ ഉണ്ടായിരുന്നു.

ഞാന്‍ വളരെ എന്‍ജോയ് ചെയ്തിട്ടാണ് ആ സീനുകള്‍ ചെയ്തത് എന്നതാണ് സത്യം. ആ സീനും മമ്മൂക്കയുടെ പെര്‍ഫോമന്‍സുമൊക്കെ ഞാന്‍ വളരെ എന്‍ജോയ് ചെയ്തിരുന്നു. അദ്ദേഹത്തില്‍ നിന്ന് എനിക്ക് അപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുമായി,’ വിനീത് പറഞ്ഞു.

Content Highlight: Actor Vineeth Talks About Mammootty

Video Stories