ഹരിഹരന്‍ മലയാളികള്‍ക്ക് സമ്മാനിച്ച മികച്ച നടന്മാരില്‍ ഒരാളാണ് വിനീത്. നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ വിനീത് ഒരുകാലത്ത് മലയാളത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നായകനായി തിളങ്ങാന്‍ വിനീതിന് സാധിച്ചു. നടന്‍ എന്നതിലുപരി മികച്ച ഡാന്‍സര്‍ എന്ന നിലയിലും വിനീത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
2010ന് ശേഷം സിനിമയില്‍ അത്ര സജീവമല്ലാതിരുന്ന വിനീത് ലൂസിഫര്‍ എന്ന ചിത്രത്തിലൂടെ ഡബ്ബിങ്ങും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. തുടര്‍ച്ചയായി രണ്ട് വര്‍ഷം മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സ്റ്റേറ്റ് അവാര്‍ഡ് നേടി വിനീത് എല്ലാവരെയും ഞെട്ടിച്ചു. ഇപ്പോള്‍ തന്റെ പ്രിയപ്പെട്ട നടനെ കുറിച്ച് സംസാരിക്കുകയാണ് വിനീത്.
ഫഹദ് ഫാസിലിന്റെ വലിയൊരു ആരാധകനാണ് താനെന്നും വെറും കണ്ണുകള്‍ കൊണ്ട് മാത്രം അഭിനയിക്കാന്‍ കഴിയുന്ന അത്ഭുത സിദ്ധി ഫഹദിനുണ്ടെന്നും വിനീത് പറയുന്നു. ഫഹദിന്റെ കഥാപാത്രങ്ങളെല്ലാം അദ്ദേഹം തന്നെ ചെയ്തതാണെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെന്നും എന്നും അത്ഭുതത്തോടെ കാണുന്ന നടനാണ് ഫഹദെന്നും വിനീത് പറഞ്ഞു. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വെറും കണ്ണുകൊണ്ട് അഭിനയിക്കുന്ന ആക്റ്ററാണ് ഫഹദ് ഫാസില്‍. അതായത് രൂപമാറ്റങ്ങള്‍ ഇല്ലാതെ കണ്ണുകൊണ്ട് കഥാപാത്രങ്ങളായി മാറാന്‍ അദ്ദേഹത്തിന് കഴിയും. അതിനുള്ള അപൂര്‍വ സിദ്ധി അദ്ദേഹത്തിനുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ടേക്ക് ഓഫിലെ ആ ഓഫീസര്‍ ആയാലും തൊണ്ടിമുതലിലെ കള്ളനായാലും ജോജി ആയാലും അതെല്ലാം ഒരാളാണെന്ന് തന്നെ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്.
ആദ്യത്തെ കാര്യം അദ്ദേഹം കാണാന്‍ വളരെ മിടുക്കനായിട്ടുള്ള അഭിനേതാവാണ്. അപ്പോള്‍ ഇങ്ങനത്തെയുള്ള കഥാപാത്രങ്ങളായി മാറുക എന്ന് പറഞ്ഞാല്‍ അത് അദ്ദേഹത്തിന്റെ ഒരു അപാര സിദ്ധിയാണ്. അത് ഞാന്‍ എന്നും അത്ഭുതത്തോടെ കണ്ടിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ വലിയൊരു ആരാധകനാണ് ഞാന്‍,’ വിനീത് പറയുന്നു.
Content Highlight: Actor Vineeth Talks About Fahad Fasil