| Saturday, 28th January 2023, 4:47 pm

മാറ്റ് കൂടിവരുന്ന വിനീത് ശ്രീനിവാസന്‍; തങ്കത്തിലെ 'തനി തങ്കം' കണ്ണാപ്പി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്യാം പുഷ്‌ക്കരന്റെ തിരക്കഥയില്‍ ശഹീദ് അരാഫത്ത് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് തങ്കം. വിനീത് ശ്രീനിവാസന്‍, ബിജുമേനോന്‍, ഗിരീഷ് കുല്‍ക്കര്‍ണി, വിനീത് തട്ടില്‍ ഡേവിഡ്, അപര്‍ണ ബാലമുരളി തുടങ്ങി നിരവധി അഭിനേതാക്കള്‍ അസാധ്യ പ്രകടനം കാഴ്ചവെച്ച ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ സിനിമയാണ് തങ്കം.

ഈ തങ്കത്തില്‍ പത്തരമാറ്റ് തനി തങ്കമായ അനവധി കഥാപാത്രങ്ങളുണ്ട്. എന്നാല്‍ അതില്‍ ആദ്യം എടുത്ത് പറയേണ്ടത് വിനീത് ശ്രീനിവാസനെയാണ്. തങ്കത്തിലെ തനി തങ്കമാണ് വിനീത്. മുമ്പ് ഇറങ്ങിയ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിലെ പ്രകടനത്തോടെ സിനിമാസ്വാദകരെ ഞെട്ടിച്ച നടനാണ് വിനീത്. കണ്ണന്‍ എന്നാണ് തങ്കത്തിലെ വിനീത് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. കണ്ണാപ്പിയെന്നാണ് അദ്ദേഹത്തെ അടുത്ത് അറിയുന്നവര്‍ വിളിക്കുക.

ഭാര്യയും മക്കളുമുള്ള ചെറിയ കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകുന്ന കണ്ണാപ്പിയുടെ സാന്നിധ്യം ഫസ്റ്റ് ഹാഫ് വരെയാണ് പ്രേക്ഷകര്‍ക്ക് നേരിട്ട് കാണാന്‍ കഴിയുക. എന്നാല്‍ കാണുന്ന പ്രേക്ഷകര്‍ സിനിമയുടെ അവസാനം വരെ കണ്ണാപ്പിയെ അന്വേഷിച്ച് അഭിനേതാക്കളുടെ ഒപ്പമുണ്ട്. സ്വന്തം ഭാര്യക്കും ആത്മാര്‍ത്ഥ സുഹൃത്തിനും പോലും പൂര്‍ണമായി അങ്ങോട്ട് മനസ്സിലാക്കി എടുക്കാന്‍ പറ്റാത്ത കഥാപാത്രമാണ് കണ്ണന്‍.

കണ്ണന്‍ ഒരുപാട് കള്ളങ്ങള്‍ പറയാറുണ്ടെന്ന് അവസാനത്തോട് അടുക്കുമ്പോള്‍ അപര്‍ണയും ഓര്‍ത്തെടുത്ത് പറയുന്നുണ്ട്. അതുപോലെയാണ് പ്രേക്ഷകരും കണ്ണനെ ഓര്‍ക്കുന്നത്. ഓരോ സീനിലും കണ്ണന്‍ പറയാതെ പ്രകടിപ്പിച്ച കാര്യങ്ങളില്‍ നിന്നും പിന്നീട് പ്രേക്ഷകര്‍ക്ക് ഊഹിക്കാന്‍ കഴിയും.

കണ്ണാപ്പി എന്നൊക്കെ വിളിക്കുമ്പോള്‍ അതു ചിലപ്പോള്‍ ഒരു കല്ലുകടിയായേക്കാമായിരുന്നു. എന്നാല്‍ തിരക്കഥയുടെ കെട്ടുറപ്പുകൊണ്ടും വിനീതിന്റെ അവതരണം കൊണ്ടും കണ്ണന്‍ പ്രേക്ഷകരുടെയും കണ്ണാപ്പിയാകും. മനുഷ്യന്‍, ജീവിതത്തില്‍ പലയിടത്തും പലവേഷങ്ങള്‍ കെട്ടുന്നതിന്റെ കാഴ്ചകള്‍ സിനിമ പറയുന്നു. ഇത്തരം അവസ്ഥകള്‍ അഭിനയത്തിലൂടെയും പെരുമാറ്റത്തിലൂടെയും ശരീരഭാഷയിലൂടെയുമൊക്കെ പ്രേക്ഷകരിലെത്തിക്കുക എളുപ്പമല്ല. എന്നാല്‍ എത്ര മനോഹരമായാണ് വിനീത് ആ ദൗത്യം നിര്‍വഹിച്ചത്.

ഫസ്റ്റ് ഹാഫില്‍ അപ്രതീക്ഷിതനാകുന്ന വീനീത് അതുവരെയുള്ള ഒരോ സീനിലും പ്രകടമാക്കിയ മുഖഭാവമൊക്കെ അപ്പോഴാണ് പ്രേക്ഷകരും ശ്രദ്ധിക്കുക. സിനിമയുടെ ഓരോ ഷോട്ടിലും കണ്ണന്‍ പറയാന്‍ ശ്രമിക്കുന്ന തന്റെ നിസ്സഹായവസ്ഥയും ദുരൂഹതയുമുണ്ട്. കാറിന്റെ കീ മിസ്സാവുന്ന സീനില്‍ ബിജു മേനോന്‍ വിളിച്ച് ആ കാര്യം പറയുമ്പോള്‍ പെട്ടെന്ന് അദ്ദേഹത്തിന്റെ മാനറിസം മാറുന്നു. ഒരു കീ മറന്നുപോയതിന് എന്തിനാണ് കണ്ണന്‍ ഇത്രയും ചൂടായതെന്ന് സിനിമയുടെ അവസാനത്തോട് അടുക്കുമ്പോള്‍ പ്രേക്ഷകന് മനസിലാകും.

വിനീത് സിനിമയില്‍ ജീവിക്കുകയായിരുന്നുവെന്ന് പറയാന്‍ സാധിക്കും. കണ്ണന്‍ എന്ന കഥാപാത്രത്തിന്റെ മുഖത്ത് കാണുന്ന ദുരൂഹതയാണ് സിനിമ മുഴുവനും ഉള്ളത്. കണ്ണാപ്പിയാകാന്‍ വിനീതിനല്ലാതെ മറ്റൊരു നടനും സാധിക്കില്ലെന്ന് പോലും ഒരു വേള തോന്നാം. അത്രമാത്രം അഭിനയം കൊണ്ടും മാനറിസം കൊണ്ടും ആ കഥാപാത്രത്തെ വിനീത് ശ്രീനിവാസന്‍ മനോഹരമാക്കുന്നുണ്ട്.

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിലെ മുകുന്ദന്‍ ഉണ്ണിയില്‍ നിന്നും കണ്ണാപ്പിയിലേക്ക് എത്തുമ്പോള്‍ പ്രകടമായ അനവധി മാറ്റങ്ങള്‍ വിനീതിലുണ്ട്. വളരെ തന്മയത്വത്തോടെ കഥാപാത്രങ്ങളെ അനശ്വരമാക്കാന്‍ വിനീതിന് കഴിയുന്നുണ്ട്. വിനീത് – ബിജുമേനോന്‍ കോമ്പിനേഷന്‍ കിടിലനാണ്. അവരുടെ കെമിസ്ട്രി, ആഴത്തിലുള്ള സൗഹൃദമൊക്കെ ഒരു രക്ഷയുമില്ല. ഇരുവരുടെയും സൗഹൃദം പ്രേക്ഷകരില്‍ എത്തിക്കാന്‍ സംവിധായകന്‍ എടുത്ത എഫേര്‍ട്ടും അഭിനന്ദനീയമാണ്.

മികച്ച നടന്മാരുടെ ലിസ്റ്റിലേക്ക് അനായാസം വിനീതും എത്തിക്കഴിഞ്ഞു. സംവിധായകനായും നടനായും പ്രേക്ഷകരെ അദ്ദേഹം തൃപ്ത്തിപ്പെടുത്തുന്നുണ്ട്. ചെയ്യുന്ന വേഷങ്ങളില്‍ പരീക്ഷണങ്ങള്‍ കൊണ്ടുവരാനും കഥാപാത്രത്തെ ആഴത്തില്‍ പ്രേക്ഷകരില്‍ എത്തിക്കാനും വിനീത് എന്ന അസാധ്യ നടന് സാധിക്കുന്നുണ്ട്. തങ്കത്തിലെ പത്തരമാറ്റ് തങ്കമാണ് വിനീതിന്റെ കണ്ണാപ്പി.

content highlight: actor vineeth sreenovasan performance in the movie thankam

We use cookies to give you the best possible experience. Learn more