| Friday, 20th January 2023, 7:10 pm

'ആ സിനിമയുടെ കഥ എന്നോട് പറഞ്ഞു, ഒന്നും മനസിലായില്ലെന്ന് കണ്ടപ്പോള്‍ പിന്നെ കാണാമെന്ന് പറഞ്ഞ് തിരിച്ചുപോയി'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആമേന്‍ എന്ന ചിത്രത്തിന്റെ കഥ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യം പറഞ്ഞത് തന്നോടാണെന്ന് വിനീത് ശ്രീനിവാസന്‍. കഥ കേട്ടിട്ട് തനിക്ക് ഒന്നും മനസിലായില്ലെന്നും ഇത് മനസിലാക്കിയ ലിജോ പിന്നെ കാണാം എന്ന് പറഞ്ഞു പോകുകയായിരുന്നുവെന്നും വിനീത് പറഞ്ഞു.

തന്റെ ചാപ്പാകുരിശ് സിനിമ കണ്ടിട്ട് ലിജോ വിളിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ ജല്ലിക്കട്ടാണ് തനിക്ക് ഇഷ്ടപെട്ട സിനിമയെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു. മൂവിമാന്‍ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ആമേന്റെ കഥ ലിജോ എന്റെ അടുത്ത് പണ്ട് വന്ന് പറഞ്ഞിട്ടുണ്ട്. എനിക്ക് ഒന്നും മനസിലായില്ലായിരുന്നു. ഞാന്‍ ഒന്നും മനസിലാകാത്ത പോലെ കുറേ നേരം നിന്നു. എനിക്ക് മനസിലായിട്ടില്ലെന്ന കാര്യം ലിജോക്കും മനസിലായി.

ലിജോ എന്തൊക്കെയോ ഓവറോള്‍ കഥയാണ് എന്നോട് വന്ന് പറഞ്ഞത്. എനിക്ക് മനസിലാകാത്തത് കൊണ്ട് നമുക്ക് കാണാം എന്നൊക്കെ പറഞ്ഞ് ലിജോ പോയതാണ്. പിന്നെ ചാപ്പാ കുരിശ് കണ്ടിട്ട് എന്നെ വിളിച്ചിരുന്നു. ഇടക്ക് വിളിച്ച് ഞങ്ങള്‍ സംസാരിക്കാറുണ്ട്.

ലിജോയുടെ ലാസ്റ്റ് കണ്ട സിനിമ ജല്ലിക്കട്ടായിരുന്നു. കണ്ടിട്ട് ഞാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടമായ പടമാണ്. ഏറ്റവും ഇഷ്ടം ആമേന്‍ ആണ്. അതാണ് ലിജോയുടെ ഏറ്റവും സ്ലോ ആയിട്ടുള്ള പടം. അദ്ദേഹത്തിന്റെ സിനിമകളിലെ പാട്ടുകളൊക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ്.

വൈഡ് ഫ്രെയിം വരുമ്പോള്‍ ഭയങ്കര പാഷനായിട്ടാണ് അതിനെ നോക്കികാണുന്നത്. എന്റെ രീതി അതല്ലെങ്കിലും ഞാന്‍ അദ്ദേഹത്തിന്റെ സിനിമകള്‍ ആസ്വാദിക്കാറുണ്ട്. ഇപ്പോള്‍ ലിജോയുടെയും മമ്മൂട്ടി അങ്കിളിന്റെയും പടം ഇറങ്ങി. മമ്മൂട്ടി അങ്കിളിന്റെ ഇപ്പോഴുള്ള ലൈനപ്പ് ഭയങ്കര രസമാണ്. റോഷാക്ക് എനിക്ക് ഭയങ്കര ഇഷ്ടമായി. തിയേറ്ററില്‍ ഞാന്‍ ഞെട്ടിത്തരിച്ച് ഇരുന്നിട്ടുണ്ട്,” വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

തങ്കമാണ് വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം. ബിജു മേനോനും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്യം പുഷ്‌കരന്‍ രചന നിര്‍വഹിച്ച ചിത്രം സംവിധാനം ചെയ്യുന്നത് സഹീദ് അരാഫത്താണ്.

content highlight: actor vineeth sreenivasn about lijo jose pellissery

We use cookies to give you the best possible experience. Learn more