കെ.ജി.എഫ്. എന്ന ചിത്രത്തിലൂടെ ആരാധകരുടെ റോക്കിഭായ് ആയ നടനാണ് യാഷ്. മലയാളത്തില്‍ തനിക്ക് അറിയാവുന്ന ഒരേയൊരു പാട്ട് പലവട്ടം കാത്തുനിന്നു ഞാന്‍… എന്ന ഗാനമാണെന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. വിനീത് ശ്രീനിവാസന്‍ പാടിയ പാട്ടില്‍ സലീം കുമാറാണ് അഭിനയിച്ചത്.
ഈ കാര്യം അറിഞ്ഞപ്പോള്‍ തനിക്ക് ഉണ്ടായ സന്തോഷത്തെക്കുറിച്ച് പറയുകയാണ് വിനീത്. റോക്കി ഭായിയോട് ഇഷ്ടം തോന്നിയെന്നും ഏതെങ്കിലും മലയാളി സുഹൃത്തുക്കളായിരിക്കും പാട്ട് കേള്‍പ്പിച്ചു കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇതേക്കുറിച്ച് വിനീത് പറഞ്ഞത്.
”ആ അഭിമുഖം ഞാനും കണ്ടിരുന്നു. അത് കണ്ടപ്പോള്‍ എനിക്ക് റോക്കി ഭായിയോട് ഒരു ഇഷ്ടം തോന്നി. ഇദ്ദേഹം നമ്മുടെ ആളാണെന്ന് തോന്നി. മലയാളികളുടെ ഏറ്റവും വലിയ ഗുണം എന്താണെന്ന് ചോദിച്ചാല്‍ അവര്‍ നമ്മുടെ സിനിമകളും പാട്ടും എല്ലാം ബാക്കി ആളുകളെ കാണിക്കും.
അതായത് വേറെ നാട്ടില്‍ ചെന്ന് ഇതാണ് ഞങ്ങളെ ലാലേട്ടന്‍, മമ്മൂക്ക എന്നൊക്കെ പറഞ്ഞ് നമ്മുടേത് അവരെ കാണിക്കും. എന്നാല്‍ ബാക്കിയുള്ള ഭാഷകളിലെ ആളുകള്‍ അങ്ങനെ അല്ല. അവര്‍ വെറുതെ റൂമില്‍ ഇരുന്ന് കേള്‍ക്കുകയേ ഉള്ളു. നമ്മുടെ ആളുകള്‍ കേള്‍ക്കുകയും ചെയ്യും ബാക്കി ആളുകളെ കൊണ്ട് കേള്‍പ്പിക്കുകയും ചെയ്യും. അദ്ദേഹം അങ്ങനെ കേട്ടതായിരിക്കും,” വിനീത് പറഞ്ഞു.
അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സാണ് വിനീതിന്റെ പുതിയ ചിത്രം. വളരെ വ്യത്യസ്തമായ പ്രൊമോഷന്‍ പരിപാടികളാണ് അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നടത്തിക്കൊണ്ടിരുന്നത്. അഡ്വ. മുകുന്ദന്‍ ഉണ്ണി, കോര്‍പറേറ്റ് ലോയര്‍, എന്ന പേരില്‍ ഫേസ്ബുക്ക് പേജ് നിര്‍മിച്ച് അതിലൂടെയാണ് ചിത്രത്തിന്റെ വെറൈറ്റി പ്രൊമോഷന്‍ നടത്തുന്നത്.
വേറിട്ട പ്രൊമോഷന്‍ ചെയ്യാനുള്ള കാരണം നേരത്തെ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞിരുന്നു. ”സിനിമയിലെ കഥാപാത്രത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് തുടങ്ങി ആളുകളുമായി സംസാരിക്കാമെന്നത് ഡയറക്ടറുടെ ഐഡിയ ആയിരുന്നു.
നന്മയുള്ള മുകുന്ദന്‍ ഉണ്ണിയെന്ന ചിന്ത ആളുകളില്‍ നിന്നും മാറ്റാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്. ആരും സംസാരിക്കാത്ത രിതിയില്‍ സംസാരിക്കുന്ന വ്യക്തി എന്ന ഇമേജ് ഉണ്ടാക്കാനാണ് അത്തരം പോസ്റ്റുകള്‍ ഇട്ടത്,” എന്നായിരുന്നു വിനീത് പറഞ്ഞത്.
content highlight: actor vineeth sreenivasn about his song and yash