| Monday, 23rd January 2023, 11:40 pm

സൂര്യയുടെ മീശയൊക്കെ വെച്ചിട്ട് ആരാടാ ബൈക്കില്‍ പോകുന്നതെന്ന് വിചാരിച്ചു, നോക്കുമ്പോള്‍ ശരിക്കും സൂര്യ: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈയില്‍ വെച്ച് മകളെ ബൈക്കില്‍ കൂട്ടി വീട്ടിലേക്ക് കൊണ്ടു പോവുന്ന സൂര്യയെ താന്‍ ഒരു ദിവസം കണ്ടിട്ടുണ്ടെന്ന് വിനീത്. ഒരു സാധാരണക്കാരനെ പോലെ ഹെല്‍മറ്റ് ഒക്കെ വെച്ചിട്ടാണ് അദ്ദേഹം പോയതെന്നും വിനീത് പറഞ്ഞു.

തനിക്ക് അദ്ദേഹത്തെ കണ്ടപ്പോള്‍ മനസിലായില്ലെന്നും സൂര്യയുടെ മീശ വെച്ചിട്ട് ആരാണെന്ന് സൂക്ഷിച്ച് നോക്കിയപ്പോഴാണ് അദ്ദേഹം തന്നെയാണന്ന് മനസിലായതെന്നും വിനീത് പറഞ്ഞു. സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ചെന്നെയില്‍ വെച്ച് ഒരുദിവസം ഞാന്‍ കാര്‍ ഓടിച്ച് പോവുകയായിരുന്നു. സൂര്യയുടെ മീശ വെച്ചിട്ട് ഒരാള്‍ ബൈക്കില്‍ വരുകയായിരുന്നു. സിങ്കത്തിലെ മീശയൊക്കെയായിരുന്നു. ആരാടാ സൂര്യയുടെ മീശയൊക്കെ വെച്ചിട്ടെന്ന് ഞാന്‍ വിചാരിച്ചു.

നോക്കുമ്പോള്‍ അത് ശരിക്കും സൂര്യയായിരുന്നു. നോക്കുമ്പോള്‍ പുള്ളി സ്‌കൂളില്‍ നിന്നും മോളെ പിക്ക് ചെയ്തിട്ട് പോവുകയായിരുന്നു. മോള്‍ ബൈക്കിന്റെ പുറകില്‍ ഉണ്ട്. ഫേസ് കാണാവുന്ന രീതിയിലെ ഹെല്‍മെറ്റായിരുന്നു ധരിച്ചത്. കുട്ടിയെ സ്‌കൂളില്‍ നിന്നും കൂട്ടികൊണ്ടു പോവുന്ന ഒരു സാധാരണ വ്യക്തിയെ പോലെയായിരുന്നു അന്ന് എനിക്ക് അനുഭവപ്പെട്ടത്.

സിങ്കം അല്ലെ പോകുന്നത്. ഏതെങ്കിലും പൊലീസുകാര്‍ ചിലപ്പോള്‍ സല്യൂട്ട് അടിച്ചിട്ടുണ്ടാവും. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിട്ട് പൊലീസ് ആവാനായിട്ട് വന്ന ഇഷ്ടം പോലെ പൊലീസുകാര്‍ ഉണ്ട് അവിടെ. അദ്ദേഹത്തെ കണ്ടിട്ട് പൊലീസുകാര്‍ സല്യൂട്ട് ചെയ്യുന്നത് ധ്യാന്‍ കണ്ടിട്ടുണ്ടെന്ന് അവന്‍ പറഞ്ഞിട്ടുണ്ട്,” വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ശ്യാം പുശ്കരന്‍, ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ നിര്‍മിക്കുന്ന തങ്കം ജനുവരി 26നാണ് റിലീസ് ചെയ്യുന്നത്. വിനീത് ശ്രീനിവാസന്‍, ബിജു മേനോന്‍, അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്നത്.

കൂടാതെ നിരവധി മറാഠി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളായുണ്ട്. തൃശൂരിലുള്ള മുത്ത്, കണ്ണന്‍ എന്നീ രണ്ട് സ്വര്‍ണ ഏജന്റുമാരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഒരു ക്രൈം ഡ്രാമയായി എത്തുന്ന തങ്കം പറയുന്നത്.

content highlight: actor vineeth sreenivasan about surya

We use cookies to give you the best possible experience. Learn more