| Sunday, 29th January 2023, 10:47 pm

മുകുന്ദന്‍ ഉണ്ണി പേഴ്‌സണല്‍ എക്‌സ്പീരിയന്‍സില്‍ നിന്നുമുണ്ടായത്: വീനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുകുന്ദന്‍ ഉണ്ണി അസോയിസേറ്റ്‌സ് എന്ന ചിത്രത്തിന്റെ ഐഡിയ ലഭിക്കുന്നത് പേഴ്‌സണല്‍ എക്‌സ്പീരിയന്‍സില്‍ നിന്നുമാണെന്ന് വിനീത് ശ്രീനിവാസന്‍. സംവിധായകന്‍ അഭിനവ് സുന്ദര്‍ നായകിന്റെ അനുഭവങ്ങളില്‍ മുകുന്ദന്‍ ഉണ്ണിയെ പോലുള്ള വ്യക്തികള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുകുന്ദന്‍ ഉണ്ണിക്ക് നെഗറ്റീവ് വരുമെന്ന് തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും പക്ഷെ താന്‍ പ്രതീക്ഷിച്ചതിലും കുറവാണ് വന്നതെന്നും വിനീത് പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”രജനികാന്ത് പറഞ്ഞ ഒരു സാധനമുണ്ട്. നല്ലവനായിട്ട് ഇരിക്കണം റൊമ്പ നല്ലവനായി ഇരിക്കരുതെന്ന് രജനികാന്ത് ഏതൊ സിനിമയില്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ അത് ഇടക്കിടക്ക് പറയാറുണ്ട്. ഭയങ്കര ഇമ്പോട്ടന്റായ ഒരു കാര്യമാണത്.

അങ്ങേയറ്റം നിഷ്‌കളങ്കരായി ലോകത്തെ കണ്ടതുകൊണ്ട് കാര്യമില്ല. നമ്മുടെ ഉള്ളില്‍ നന്മയുണ്ടാകണം. അതിനൊപ്പം തന്നെ ചുറ്റില്‍ എന്താണ് ഉള്ളതെന്നതിനെക്കുറിച്ച് ഒരു ബോധവും വേണം. മുകുന്ദന്‍ ഉണ്ണിക്ക് വിമര്‍ശനങ്ങള്‍ വരുമെന്നുള്ളത് ആദ്യമെ ഞങ്ങള്‍ പ്രിപ്പയര്‍ ചെയ്തിട്ടുണ്ട്.

പക്ഷെ ഞാന്‍ പ്രതീക്ഷിച്ചതിലും ഒരുപാട് കുറവാണ് വന്നത്. കാരണം ആളുകള്‍ക്ക് ചുറ്റുമുള്ള ലോകത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. അഭിനവിന് ഫീല്‍ ചെയ്തിട്ടുള്ള ലോകത്തില്‍ മുകുന്ദന്‍ ഉണ്ണിയെ പോലുള്ള വ്യക്തികള്‍ ഉണ്ടെന്നാണ് അവന് തോന്നിയിട്ടുള്ളത്.

അവന്റെ പേഴ്‌സണല്‍ എക്‌സ്പീരിയന്‍സില്‍ നിന്നാണ് അവന് മുകുന്ദന്‍ ഉണ്ണിയെക്കുറിച്ചുള്ള ഐഡിയ വന്നത്. ദുഷ്ടനെ പന പോലെ വളര്‍ത്തുമെന്ന് പറയുന്നതിനോട് ചേര്‍ന്നു നില്‍ക്കുന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായിട്ട് തന്നെയാണ് കാണിക്കുന്നതും,” വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

content highlight: actor vineeth sreenivasan about mukundan unni associates

We use cookies to give you the best possible experience. Learn more