| Sunday, 6th November 2022, 4:43 pm

ഇങ്ങനെ പറയുന്നത് കഷ്ടമാണ്, ഞാന്‍ ഫുഡ് കഴിക്കുന്നതുകൊണ്ട് സിനിമക്കൊന്നും സംഭവിക്കില്ല എന്ന് സംവിധായകനോട് പറഞ്ഞു: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകനായും നടനായും തന്റെ കഴിവ് തെളിയിച്ച താരമാണ് വിനീത് ശ്രീനിവാസന്‍. അഭിനവ് സുന്ദര്‍ ഡയറക്ട് ചെയ്യുന്ന മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സാണ് വിനീതിന്റെ പുതിയ ചിത്രം.

വിനീത് ശ്രീനിവാസന്‍ ഭക്ഷണപ്രിയനാണെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ തന്നെ എപ്പോഴും പറയാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങള്‍ കിട്ടുന്ന സ്ഥലങ്ങളും ഭക്ഷണങ്ങളെക്കുറിച്ചും വിനീത് സംസാരിക്കാറുണ്ട്.

അഭിമുഖത്തില്‍ സിനിമയിലെ കഥാപാത്രത്തിന് വേണ്ടി തടി കുറക്കാനായി ഭക്ഷണം നിയന്ത്രിച്ചതിനെക്കുറിച്ച് പറയുകയാണ് വിനീത്. സംവിധായകനൊപ്പം മൈല്‍സ്‌റ്റോണ്‍ മേക്കേസിന് നല്‍കിയ അഭിമുഖത്തിലാണ് സെറ്റില്‍ വെച്ചുണ്ടായ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.

”അഭി എന്നോട് തടി കുറക്കണമെന്ന് പറഞ്ഞിരുന്നു. ഹൃദയം കഴിഞ്ഞ സമയത്ത് എനിക്ക് നല്ല തടിയായിരുന്നു. മൊത്തില്‍ 8 കിലോ കുറച്ചിട്ടാണ് ഞാന്‍ മുകുന്ദന്‍ ഉണ്ണിക്ക് വേണ്ടി വന്ന് ജോയിന്‍ ചെയ്യുന്നത്. സെറ്റില്‍ പത്തിരുപത് ദിവസം ഞാന്‍ പിടിച്ച് നിന്നു. 20 ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ കഥാപാത്രത്തെ വിട്ടു. എനിക്ക് കഴിക്കേണ്ടി വന്നു,” വിനീത് പറഞ്ഞു.

താന്‍ അദ്ദേഹം ഡയറ്റിങ് നിര്‍ത്തിയത് അറിഞ്ഞില്ലെന്നും പിന്നീട് മുഖത്തെ പിമ്പിള്‍ കണ്ടാണ് മനസിലായക്കിയതെന്ന് സംവിധായകന്‍ പറഞ്ഞു.

”ഞാന്‍ ഇതൊന്നും അറിയുന്നില്ലായിരുന്നു. ഒരു ദിവസം സെറ്റില്‍ വന്നപ്പോള്‍ വിനീത് ഏട്ടന്റെ മുഖത്ത് ഒരു പിമ്പിള്‍ കണ്ടു. ഓയിലി ആയ ഫുഡ് കഴിച്ചോയെന്ന് ചോദിച്ചപ്പോള്‍ കോസ്റ്റിയൂം ഡിസൈനറായ ഗായത്രിയാണ് പറഞ്ഞത് ഇന്നലെ ബിരിയാണി കഴിച്ചെന്ന്. അങ്ങനെയാണ് ഞാന്‍ കാര്യം അറിയുക.

ഒരു ദിവസം നോക്കുമ്പോള്‍ മുഖം വീര്‍ത്തിരിക്കുന്നു. എക്‌സൈസ് ചെയ്തില്ലേ എന്ന് ചോദിച്ചപ്പോഴാണ് പറയുന്നത് ഇന്ന് ചെയ്തില്ലെന്ന്. മുഴുവന്‍ റുട്ടീന്‍ തെറ്റി തുടങ്ങി. ഡെയ്‌ലി ബീഫ്, പോര്‍ക്ക് ഇതെല്ലാമാണ് കഴിക്കുന്നത്,” അഭിനവ് പറഞ്ഞു.

ഷൂട്ടിങ്ങിന്റെ തിരക്കില്‍ താന്‍ അമിതമായി ഫുഡ് കഴിക്കാതിരിക്കാന്‍ സംവിധായകന്‍ കോസ്റ്റിയൂം ഡിസൈനര്‍ക്ക് മെസേജ് അയച്ച കാര്യവും വിനീത് അഭിമുഖത്തില്‍ പറഞ്ഞു.

”ഇവന്‍ എന്ത് നിയന്ത്രണമാണെന്നോ… ഇങ്ങനെയൊക്കെ ആള്‍ക്കാര്‍ ചോദിക്കാന്‍ തുടങ്ങിയാല്‍ ഭയങ്കര കഷ്ടമാണ്. എല്ലാം സിനിമയുടെ റിസല്‍ട്ടിന് വേണ്ടിയാണെങ്കിലും പത്തിരുപത് ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ എല്ലാം വിട്ടു.

അഭിക്ക് ഭയങ്കര തിരക്കായിരിക്കും. എന്നിട്ട് കോസ്റ്റിയൂം ഡിസൈനര്‍ക്ക് മെസേജ് അയക്കും ഡെയ്‌ലി. വിനീത് ഏട്ടന്‍ പുറത്ത് നിന്ന് ഫുഡ് കഴിക്കാതെ നോക്കണം, ഫുഡ് കഴിക്കാന്‍ പ്രേരിപ്പിക്കരുത് തുടങ്ങി അവരോട് എന്നെ നോക്കാന്‍ പറയും.

എന്നാല്‍ അവര്‍ രാവിലെ വന്നിട്ട് ആ മെസേജ് എല്ലാം എനിക്ക് കാണിച്ച് തരും. എന്നിട്ട് പറയും അഭിയോട് പോകാന്‍ പറ നമുക്ക് കഴിക്കാമെന്ന്. കോഴിക്കോട് എത്തിയപ്പോള്‍ എന്റെ കണ്‍ട്രോള്‍ എല്ലാം പോയി.

മൂന്ന് ദിവസത്തെ ഷൂട്ടേ ഉള്ളു ഇവിടെ, എന്നോട് ഡയറ്റ് എന്നൊന്നും പറയരുത്. ഇത് കാരണം നിന്റെ സിനിമക്ക് ഒന്നും സംഭവിക്കില്ല. ഞാന്‍ ഫുഡ് കഴിക്കുമെന്ന് അവനോട് പറഞ്ഞ്,” വിനീത് പറഞ്ഞു.

content highlight: actor vineeth sreenivasan about director abhinav sunder

We use cookies to give you the best possible experience. Learn more