| Friday, 13th August 2021, 5:40 pm

'അവരുടെ സിനിമകളിലെ ഒരു പാട്ടെങ്കിലും കേള്‍ക്കാത്ത ദിവസമുണ്ടായിരുന്നില്ല എനിക്ക്'; ശ്രീദേവിയുടെ ഓര്‍മ്മ ദിനത്തില്‍ വിനീത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അന്തരിച്ച നടി ശ്രീദേവിയുടെ ജന്മദിനത്തില്‍ ഓര്‍മ്മക്കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടനും നര്‍ത്തകനുമായ വിനീത്. ജനപ്രിയ താരമായിരുന്ന ശ്രീദേവിയുടെ 57ാം ജന്മദിനമായിരുന്നു ഇന്ന്.

സോഷ്യല്‍ മീഡിയയിലാകെ ശ്രീദേവിയേയും അവരുടെ സിനിമകളേയും ഓര്‍ക്കുകയാണ് ചലച്ചിത്ര ലോകം. നടന്‍ വിനീത് ശ്രീദേവിയോടൊപ്പമുള്ള ഒരു പഴയ ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

വളരെ വൈകാരികമായാണ് വിനീതിന്റെ കുറിപ്പ്. ശ്രീദേവിയുടെ ചിത്രത്തിലെ ഒരു പാട്ടെങ്കിലും കേള്‍ക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നെന്ന് വിനീത് ഓര്‍ക്കുന്നു.

നിത്യ ഹരിതയായ അഭിനയ ദേവതയെന്നാണ് വിനീത് ശ്രീദേവിയെ വിശേഷിപ്പിക്കുന്നത്.’ ഇന്ന് ശ്രീദേവിയുടെ ജന്മദിനത്തില്‍ ഞാന്‍ ആ അഭിനയ ദേവതയെ സ്മരിക്കുന്നു. ആ അതുല്യ പ്രതിഭയുടെ സിനിമകളിലെ ഒരു പാട്ടെങ്കിലും കേള്‍ക്കാത്ത ദിവസമുണ്ടായിരുന്നില്ല എനിക്ക്. അഭിനേതാക്കള്‍ക്ക് വലിയൊരു പ്രചോദനമാണ് ശ്രീദേവി. ഓര്‍മ്മപ്പൂക്കള്‍,’ വിനീത് കുറിച്ചു.

2018ലാണ് ദുബൈയിലെ ഹോട്ടല്‍ മുറിയില്‍ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാത് ടബ്ബില്‍ മുങ്ങി മരിച്ച നിലയിലായിരുന്നു. ശ്രീദേവിയുടെ ആരാധകരുടേയും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇതിനൊപ്പം മകള്‍ ജാന്‍വി കപൂര്‍ പങ്കുവെച്ച കുറിപ്പും ശ്രദ്ധേയമായിട്ടുണ്ട്.

‘ എന്റെ പ്രിയപ്പട്ട അമ്മയ്ക്ക് ജന്മദിനാശംസകള്‍… ഞാന്‍ അമ്മയെ വല്ലാതെ മിസ്സ് ചെയ്യുന്നു. എന്റെ വിജയങ്ങള്‍ എല്ലാം എന്റെ അമ്മയ്ക്കായാണ് ഞാന്‍ സമര്‍പ്പിക്കുന്നത്,’ ജാന്‍വി കുറിച്ചു.

1963ല്‍ ജനിച്ച ശ്രീദേവി നാലാമത്തെ വയസിലാണ് സിനിമയില്‍ എത്തുന്നത്. 1967ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ കാന്തന്‍ കരുണ ‘യിലുടെയായിരുന്നു അരങ്ങേറ്റം. 2013ല്‍ രാജ്യം ശ്രീദേവിയെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Vineeth Remember Actress Sreedevi

We use cookies to give you the best possible experience. Learn more