| Tuesday, 23rd May 2023, 1:49 pm

ഇവരോടൊത്ത് പ്രവര്‍ത്തിക്കുന്നത് വലിയ ഉത്തരവാദിത്തമുള്ള ജോലിയാണ്: വിനീത്

സ്പോര്‍ട്സ് ഡെസ്‌ക്

അഭിനയത്തോട് പണ്ടുമുതലേ വലിയ പാഷനുണ്ടായിരുന്ന ആളാണ് താനെന്നും എന്നാല്‍ അതിനുവേണ്ടി കാര്യമായ തയ്യാറെടുപ്പുകളൊന്നും നടത്തിയിരുന്നില്ലെന്നും നടന്‍ വിനീത്.

സിനിമയിലെ മാസ്റ്റേഴ്‌സ് ആയിട്ടുള്ള ഭരതന്‍, പത്മരാജന്‍, ഫാസില്‍, സിബി മലയില്‍ എന്നിവരുടെ കൂടെയൊക്കെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തനിക്ക് ലഭിച്ച വലിയൊരു അംഗീകാരമായാണ് കാണുന്നതെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറഞ്ഞു.

‘അഭിനയത്തോട് എനിക്ക് പണ്ടുമുതലേ വലിയ പാഷനുണ്ടായിരുന്നു. പക്ഷേ അതിനുവേണ്ടി കാര്യമായ തയ്യാറെടുപ്പുകളെടുക്കുകയോ അക്കാദമിക്കായി പഠിക്കുകയൊന്നും ചെയ്തിരുന്നില്ല.

സിനിമ എനിക്കൊരു സ്വപ്‌നലോകമാണ്. ഈയൊരു പ്രൊഫഷന്റെ ഏറ്റവും ഭംഗിയും അത് തന്നെയാണ്. അതുല്യമായ ടാലന്റുള്ളയാളുകളുമായിട്ട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ വളരെ മികച്ചൊരു അനുഭവമായിരിക്കും.

സിനിമയിലെ മാസ്റ്റേഴ്‌സ് ആയിട്ടുള്ള ഭരതന്‍, പത്മരാജന്‍, ഫാസില്‍, സിബി മലയില്‍ എന്നിവരൊക്കെ അഭിനയിക്കാന്‍ വിളിച്ചത് തന്നെ എനിക്ക് കിട്ടിയ ഒരു അംഗീകാരമായാണ് കാണുന്നത്. പക്ഷേ ഇവരുടെയൊക്കെ സിനിമയില്‍ അഭിനയിക്കുന്നത് വലിയ ഉത്തരവാദിത്തമുള്ള ജോലിയാണ്.

ഇവരുടെ കൂടെയൊക്കെ വര്‍ക്ക് ചെയ്യുന്നതിലുള്ള മൂല്യം നമ്മള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍, നമ്മളില്‍ കലാപരമായ വളര്‍ച്ചയുണ്ടാവും.

ഞാന്‍ ചെയ്തതെല്ലാം നല്ല ക്വാളിറ്റിയുള്ള സിനിമകള്‍ തന്നെയാണ്. അതെല്ലാം തന്നെ ശ്രദ്ധിക്കപ്പെടുകയും അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു. ഞാന്‍ ചെയ്ത നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളൊക്കെ പുതുമയുള്ളവയായിരുന്നു. ‘ബാവൂട്ടിയുടെ നാമത്തിലും’, ‘മഴവില്ലിലും’ ചെയ്ത കഥാപാത്രങ്ങളൊക്കെ ഉദ്ദാഹരണങ്ങളാണ്.

‘അരികെ’ യിലെ എന്റെ അഭിനയത്തിന് മമ്മൂക്കയില്‍ നിന്നും കിട്ടിയ അഭിനന്ദനം എനിക്കൊരു അനുഗ്രഹമായിരുന്നു. ഒരു കഥാപാത്രത്തെ അഗാധമായ രീതിയില്‍ അവതരിപ്പിക്കുകയെന്നത് എഴുത്തുകാരന്റെയും സംവിധായകന്റെയും കഴിവാണ്’, നടന്‍ പറഞ്ഞു.

വിനീതിന്റെ ഏറ്റവും പുതിയ ചിത്രം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ‘പാച്ചുവും അത്ഭുതവിളക്കും’ ആണ്. ഫഹദ് ഫാസില്‍ നായകനായെത്തുന്ന ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് വിനീത് അവതരിപ്പിക്കുന്നത്.

ഫഹദ് ഫാസില്‍ ഏറെ നാളുകള്‍ക്ക് ശേഷം ചെയ്യുന്ന ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം കൂടിയാണ് ‘പാച്ചുവും അത്ഭുതവിളക്കും’.

Content Highlights: Actor Vineeth about malayalam directors

We use cookies to give you the best possible experience. Learn more