ഹരിഹരന്‍ മലയാളികള്‍ക്ക് സമ്മാനിച്ച മികച്ച നടന്മാരില്‍ ഒരാളാണ് വിനീത്. നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ വിനീത് ഒരുകാലത്ത് മലയാളത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നായകനായി തിളങ്ങാന്‍ വിനീതിന് സാധിച്ചു. നടന്‍ എന്നതിലുപരി മികച്ച ഡാന്‍സര്‍ എന്ന നിലയിലും വിനീത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
കരിയറിന്റെ തുടക്കത്തിൽ മോഹൻലാലിനൊപ്പം നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, അമൃതം ഗമയ, കമലദളം തുടങ്ങിയ സിനിമകളിലെല്ലാം അഭിനയിക്കാൻ വിനീതിന് കഴിഞ്ഞിട്ടുണ്ട്. കമലദളം എന്ന സിബി മലയിൽ ചിത്രത്തിൽ അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് വിനീത്.
സിനിമയ്ക്കായി ഡാൻസ് റിഹേഴ്‌സൽ നടത്തുമ്പോൾ മോഹൻലാൽ തന്നെയും വിളിച്ചിരുത്തുമെന്നും മാസ്റ്റർ കാണിക്കുന്ന ചുവടുകൾ ഒപ്പിയെടുത്ത് അവതരിപ്പിക്കുന്നതിൽ മിടുക്കനായിരുന്നു മോഹൻലാലെന്നും വിനീത് പറയുന്നു. സിനിമ റിലീസായി വലിയ വിജയമായപ്പോൾ മോഹൻലാൽ ഒരിക്കൽ തന്നെ വിളിച്ച് നന്ദി പറഞ്ഞെന്നും വിനീത് കൂട്ടിച്ചേർത്തു. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം എന്നീ ചിത്രങ്ങൾ കഴിഞ്ഞ് മോഹൻലാലിന്റെ പ്രണവം നിർമാണക്കമ്പനി ഒരുക്കുന്ന ചിത്രത്തിലേക്ക് അവസരം വന്നപ്പോൾ വലിയ സന്തോഷമായി.സിബിസാർ ചിത്രത്തിലേക്ക് വിളിച്ചപ്പോൾ കഥയൊന്നും പറഞ്ഞിരുന്നില്ല, ഒരു ചെറിയ ഔട്ട് ലൈൻ മാത്രം പറഞ്ഞു. ബാക്കി കഥയെല്ലാം സെറ്റിൽ പോയതിനുശേഷമാണ് കേട്ടത്.
കാത്തിരുന്നതുപോലെ നൃത്തത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം. സിനിമയ്ക്കുവേണ്ടി അന്ന് ലാലേട്ടനെ നൃത്തം പഠിപ്പിച്ചത് നടുവനാർ പരമശിവം എന്ന ഡാൻസറായിരുന്നു. അദ്ദേഹം നേരത്തേ രാജശില്പിക്കുവേണ്ടി ലാലേട്ടനെ നൃത്തം പഠിപ്പിച്ചിരുന്നു. ഡാൻസ് റിഹേഴ്‌സൽ നടത്തുമ്പോൾ ലാലേട്ടൻ എന്നെയും വിളിച്ചിരുത്തും. ആനന്ദനടനം, പ്രേമോദാരനായ് എന്നീ ഗാനങ്ങൾ ചിത്രീകരിക്കുമ്പോഴും ഞാൻ ലാലേട്ടനൊപ്പം പോയിരുന്നു.
മാസ്റ്റർ കാണിക്കുന്ന ചുവടുകൾ ഒപ്പിയെടുത്ത് അവതരിപ്പിക്കുന്ന മിടുക്ക് ലാലേട്ടനിൽ ഞാൻ കണ്ടു. ആ സിനിമ റിലീസ്‌ചെയ്‌തപ്പോൾ ഞാൻ തലശ്ശേരിയിലെ വീട്ടിലായിരുന്നു. ഒരുദിവസം രാവിലെ ആറുമണിക്ക് ഒരു ഫോൺ കോൾ വന്നു. ഉറക്കത്തിൽനിന്ന് ഓടിച്ചെന്ന് എടുത്തപ്പോൾ മറുതലയ്ക്കൽ ലാലേട്ടൻ. അദ്ദേഹം ‘മോനേ നമ്മുടെ ചിത്രം വലിയ ഹിറ്റാണ്… താങ്ക്യൂ സോ മച്ച്’ എന്നെനോട് പറഞ്ഞു. അതാണ് ലാലേട്ടൻ,’വിനീത് പറയുന്നു.
Content Highlight: Actor Vineeth About Mohanlal