| Monday, 8th May 2023, 1:30 pm

സിനിമയിലെ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് അവരാണ്; ലാലേട്ടനും മമ്മൂക്കയുമായുള്ള ബന്ധം ഒരു മെസ്സേജിലൂടെയോ കോളിലൂടെയോ മാത്രമുള്ളതല്ല: വിനീത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഖില്‍ സത്യന്‍ സംവിധാനവും തിരക്കഥയും ചെയ്ത പാച്ചുവും അത്ഭുതവിളക്കും മികച്ച പ്രേക്ഷക പിന്തുണയോട് കൂടി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഏറെ നാളത്തെ ഇടവേളക്ക് ശേഷമാണ് വിനീത് ശക്തമായ ഒരു കഥാപാത്രവുമായി വെള്ളിത്തിരയിലെത്തുന്നത്.

മലയാള സിനിമയിലേക്കുള്ള വിനീതിന്റെ തിരിച്ചുവരവായിട്ടാണ് പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ റിയാസ് എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ കണക്കാക്കുന്നത്.

ചിത്രത്തിന്റെ ഭാഗമായി കൗമുദി മൂവീസിനു നല്‍കിയ അഭിമുഖത്തില്‍ സിനിമാ ഇന്‍ഡസ്ട്രിയിലെ തന്റെ സൗഹൃദങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് വിനീത്. സിനിമയില്‍ ഏറ്റവും അടുത്ത സുഹൃത്ത് ആരാണെന്ന ചോദ്യത്തിനായിരുന്നു വിനീത് മറുപടി നല്‍കിയത്.

ഫിലിം ഇന്‍ഡസ്ട്രിയിലെ സൗഹൃദങ്ങള്‍ ഒരു മെസ്സേജിലൂടെയോ ഫോണ്‍ കോളിലൂടെയോ ആയിരുന്നില്ല എന്നും എല്ലാവര്‍ക്കും അവരുടേതായ തിരക്കുകള്‍ ഉണ്ടായിരുന്നെങ്കിലും നേരിട്ടു കാണുമ്പോഴുള്ള ബോണ്ടിങ് വലുതാണെന്നുമാണ് വിനീത് പറയുന്നത്.

സിനിമയില്‍ തനിക്ക് കൂടുതല്‍ അടുപ്പമുള്ളത് മനോജ്.കെ.ജയന്‍, ഹരിഹരന്‍, ലക്ഷ്മി ഗോപാല സ്വാമി, എസ്.കുമാര്‍ എന്നിവരുമൊക്കെയായിട്ടാണെന്നും ലാലേട്ടനും മമ്മൂക്കയും പോലുള്ളവരെ എപ്പോള്‍ കണ്ടാലും പഴയ സ്‌നേഹവും സൗഹൃദവും മനസില്‍ ഉണ്ടാകുമെന്നും വിനീത് പറയുന്നു.

‘സിനിമയില്‍ എനിക്ക് എല്ലാവരുമായിട്ട് സൗഹൃദമുണ്ട്. പക്ഷേ ഈ ഫീല്‍ഡില്‍ ഓരോരുത്തരും അവരുടേതായ വര്‍ക്കുകളില്‍ ബിസിയായിരിക്കും. എനിക്കാണെങ്കിലും എന്റെ ഡാന്‍സ് കമിറ്റ്മന്റ്സ്, സ്‌കൂള്‍ വര്‍ക്ക്, പ്രൊഫഷനല്‍ കമിറ്റ്‌മെന്റ്സ് അങ്ങനെ എന്റേതായ തിരക്കുകളുണ്ടാവും. അത് കൊണ്ടു തന്നെ ഒരു ഡെയ്ലി മെസ്സേജോ വിളിയോ ആരുമായും ഉണ്ടാവില്ല.

എങ്കിലും നമ്മള്‍ ഇന്‍ഡസ്ട്രിയിലെ എല്ലാവരും തമ്മില്‍ ഒരു ബോണ്ട് ഉണ്ടായിരുന്നു. പിന്നെ ഞാന്‍ റെഗുലര്‍ ആയി വിളിക്കുന്നതില്‍ ഒന്ന് മനോജ് .കെ.ജയനാണ്. അദ്ദേഹം ഞാനുമായി വളരെ ക്ളോസ് ആണ്. അതുകൊണ്ട് തന്നെ എപ്പോഴും എന്തെങ്കിലുമൊക്കെ ഉണ്ടെങ്കില്‍ ഞാന്‍ മനോജേട്ടനെയാണ് വിളിക്കാറുള്ളത്.

പിന്നെ എനിക്ക് ഫ്രണ്ടെന്ന് പറയാന്‍ പറ്റില്ല ഒരു ഗുരുതുല്ല്യനായി ഞാനെന്നും കാണുന്ന ഒരാളാണ് ഹരിഹരന്‍ സാര്‍. അദ്ദേഹവുമായിട്ട് എനിക്കൊരു കോണ്‍സ്റ്റന്റ് ഇന്ററാക്ഷന്‍ ഉണ്ട്. പിന്നെ ലക്ഷ്മി ഗോപാല സ്വാമി എന്റെ നല്ലൊരു സുഹൃത്തും സഹപ്രവര്‍ത്തകയുമാണ്.

അതുപോലെ ക്യാമറാമാന്‍ എസ്.കുമാറേട്ടന്‍. അദ്ദേഹം വളരെ സീനിയര്‍ ആണ്. എങ്കിലും എന്നെയൊരു യങ്ങര്‍ ബ്രദര്‍ ആയി കണ്ട് ഇടക്കിടെ വിളിക്കാറുണ്ട്. ഇങ്ങനെയൊരു ബോണ്ടിങ് എല്ലാവരുമായിട്ടുമുണ്ട്. നമ്മളിപ്പോള്‍ പതിനഞ്ച് വര്‍ഷം കഴിഞ്ഞ് ഒരു ആര്‍ടിസ്റ്റിനെ നാളെ കാണുകയാണെങ്കില്‍ ആ പതിനഞ്ച് വര്‍ഷം മുമ്പുള്ള അതേ ബോണ്ടിങ് തന്നെയായിരിക്കും ഇപ്പോഴും.

ലാലേട്ടനാണെങ്കില്‍ പോലും അദ്ദേഹം അദ്ദേഹത്തിന്റെ പ്രൊജക്ട്‌സ്, ട്രാവല്‍ ആയിട്ടൊക്കെ ഒരുപാട് ബിസിയാണെങ്കിലും ഒരു ഫങ്ഷനില്‍ വെച്ച് എന്നെ കാണുമ്പോള്‍ വന്ന് ഹഗ് ചെയ്യും. അതൊക്കെ എത്രയോ വര്‍ഷങ്ങളായി നമുക്ക് അദ്ദേഹത്തില്‍ നിന്ന് കിട്ടുന്ന സ്നേഹമാണ്.

അതിപ്പോള്‍ മമ്മൂക്കയാണെങ്കിലും അങ്ങനെ തന്നെയാണ്. ഞാന്‍ ഇവരെക്കുറിച്ച് പറഞ്ഞത് നമ്മുടെ ഫിലിം ഇന്‍ഡസ്ട്രിയിലെ മഹാരഥന്മാരായ രണ്ട് വ്യക്തികളാണിവര്‍. നമ്മളൊക്കെ അവരെ കണ്ട് പഠിച്ച് വളര്‍ന്ന ആര്‍ടിസ്റ്റുകളാണ്. അവരുടെയൊക്കെ സ്നേഹം അനുഭവിച്ചിരുന്നത് ഒരു മെസ്സേജിലൂടെയോ ഫോണ്‍ കോളിലൂടെയോ ആയിരുന്നില്ല. അങ്ങനെ എല്ലാവരുമായുള്ള ഒരു ആത്മബന്ധം ഫിലിം ഇന്‍ഡസ്ട്രിയില്‍ എനിക്കുണ്ട്’വിനീത് പറഞ്ഞു.

Content Highlight: Actor Vineeth about his Friends on Malayalam Film Industry

We use cookies to give you the best possible experience. Learn more