|

ആ സിനിമയിലെ ക്ലൈമാക്‌സില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രം സിദ്ദിഖ് ഇക്ക എന്നെ വിളിച്ചു: വിനീത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ നായകനായി മലയാള സിനിമയില്‍ വന്ന ആര്‍ട്ടിസ്റ്റാണ് വിനീത്. ഒരു കാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്ന അദ്ദേഹത്തെ മലയാളികള്‍ക്ക് സുപരിചിതമാണ്. മലയാളത്തിന് പുറമേ തമിഴിലും, തെലുങ്കിലും, നായകനായി തിളങ്ങാന്‍ വിനീതിന് സാധിച്ചിട്ടുണ്ട്. നടന്‍ എന്നതിലുപരി മികച്ച ഡാന്‍സര്‍ എന്ന നിലയിലും വിനീത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഹിറ്റ്‌ലര്‍ സിനിമയിലെ ക്ലൈമാക്‌സ് ഷോട്ടില്‍ തന്നെ അഭിനയിക്കാന്‍ വിളിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് വിനീത്.

തമിഴ്‌നാട്ടില്‍ താന്‍ രണ്ട് സിനിമകള്‍ ചെയ്യതുകൊണ്ടിരിക്കുമ്പോള്‍ അവിടെ ഹോട്ടലില്‍ മമ്മൂട്ടി, സിദ്ദിഖ്, ലാല്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നുവെന്നും അന്ന് പൊളളാച്ചിയില്‍ രണ്ട് ഹോട്ടലുകള്‍ മാത്രമേ ഉണ്ടായിരുന്നുവെന്നും വിനീത് പറയുന്നു. സംവിധായകന്‍ സിദ്ദിഖ് തന്റെ അടുത്ത് ക്ലൈമാക്‌സിലെ ഒരു രംഗം അഭിനയിക്കുമോ എന്ന് ചോദിച്ചിരുന്നുവെന്നും അങ്ങനെയാണ് ആ സീനില്‍ താന്‍ അഭിനയിച്ചതെന്നും വിനീത് പറയുന്നു.

‘പൊള്ളാച്ചിയില്‍ ഞാന്‍ കുഞ്ഞുമോന്‍ സാറിന്റെ ശക്തി എന്ന തമിഴ് പടവും കാതല്‍ ദേസം എന്ന സിനിമയും സൈഡ് ബൈ സെഡായി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഒരു കൊല്ലം മുഴുവന്‍ ആ രണ്ട് പടങ്ങള്‍ മാത്രം ചെയുകയായിരുന്നു. ശക്തിയുടെ ഷൂട്ടിങ് നടക്കുമ്പോള്‍ സിദ്ദിഖ്-ലാല്‍ ടീം, മമ്മൂക്ക എല്ലാവരും അവിടെ ഉണ്ട്. അന്ന് പൊള്ളാച്ചിയില്‍ രണ്ട് ഹോട്ടലുകള്‍ മാത്രമേ ഉള്ളൂ. അവിടെയാണ് ആര്‍ട്ടിസ്റ്റുകളൊക്കെ ഉണ്ടാകാറുള്ളത്.

മമ്മൂക്ക ഒരു ഹോട്ടലില്‍ ഉണ്ട്. അവിടെ മുകേഷേട്ടനും ഉണ്ട്. അവിടെ താഴത്തെ റൂമിലാണ് ഞാന്‍ ഉള്ളത്. അപ്പോള്‍ ഞാന്‍ മുകേഷേട്ടനെ കണ്ട് സംസാരിക്കാന്‍ പോയി. അപ്പോള്‍ സിദ്ദിഖ് ഏട്ടന്‍ ചോദിച്ചു, നാളെ രാവിലെ ഒരി സീക്വന്‍സ് ഉണ്ട്, വിനീത് ഒന്നു വന്ന് ചെയ്യുമോ ഒരു ഒരു മണിക്കൂറിന്റെ കാര്യമെ ഉള്ളൂ. അങ്ങനെയാണ് ആ ക്ലൈമാക്‌സ് ഷോട്ടില്‍ അഭിനയിച്ചത്,’ വിനീത് പറഞ്ഞു.

Content Highlight: Actor vineeth  about His  Character in Hitler movie