| Thursday, 17th March 2022, 4:15 pm

മൂന്ന് സീനില്‍ അഭിനയിക്കാന്‍ പോയതാണ്, എന്റെ ഭാഗ്യത്തിന് 50 സീനായി; നവ്യ നായരെ ആദ്യമായി കണ്ട അനുഭവം പങ്കുവെച്ച് വിനായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാന്ത്രികം എന്ന ചിത്രത്തില്‍ അതിഥിതാരമായെത്തി മലയാളികളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ താരമാണ് വിനായകന്‍. ഹാസ്യനടന്‍, വില്ലന്‍, നായകന്‍ എന്ന നിലയിലും കമ്മട്ടിപ്പാടത്തിന്റെ സംഗീത സംവിധായകരില്‍ ഒരാള്‍ എന്ന നിലയിലും പേരെടുത്ത വിനായകന്‍ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും വ്യക്തിമുദ്ര പതിപ്പിച്ച താരം, സ്റ്റോപ്പ് വയലന്‍സ്, വെള്ളിത്തിര, ചതിക്കാത്ത ചന്തു, ഛോട്ടാ മുംബൈ തുടങ്ങിയ ചിത്രങ്ങളിലൂടെ മോളിവുഡിലെ സ്ഥിരം സാന്നിധ്യമായി മാറി. ഹാസ്യതാരം എന്ന നിലയില്‍ കരിയര്‍ ആരംഭിച്ച താരം നായകനായും സ്വഭാവനടനായും വെള്ളിത്തിരയില്‍ തിളങ്ങിയപ്പോള്‍ കമ്മട്ടിപ്പാടത്തിലൂടെ സംസ്ഥാന അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി.

വി.കെ. പ്രകാശിന്റെ സംവിധാനത്തില്‍ നവ്യ നായര്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ”ഒരുത്തീ” എന്ന ചിത്രത്തിലും താരം ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഇപ്പോഴിതാ, നവ്യ നായരുമായുള്ള ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് സംസാരിക്കുകയാണ് വിനായകന്‍. ഒരുത്തീ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ്സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഞാന്‍ നവ്യയെ ആദ്യമായിട്ട് കാണുന്നത് വെള്ളിത്തിര എന്ന ചിത്രത്തിലൂടെയാണ്. ആ സിനിമയില്‍ ഒരു മൂന്ന് സീന്‍ മാത്രം അഭിനയിക്കാന്‍ ചെന്നതാണ്. പിന്നെ എന്റെ ഭാഗ്യത്തിന് അതൊരു പത്തന്‍പത് സീന്‍ അഭിനയിക്കാനുള്ള ഒരു ക്യാരക്ടറായി മാറി.

അന്നാണ് നവ്യയെ കാണുന്നത്. ഞാന്‍, സുധീഷ്,പൃഥ്വി, നവ്യ, ഞങ്ങള്‍ നാല് പേര്‍ ഒരുമിച്ച് അഭിനയിച്ചു. പിന്നീട് ചതിക്കാത്ത ചന്തു എന്ന സിനിമയിലാണ് നവ്യയും ഞാനും ഒരുമിച്ച് അഭിനയിച്ചത്. അതല്ലാതെ വേറെ പടങ്ങളൊന്നും ചെയ്തിട്ടില്ല. പിന്നെ കല്യാണം കഴിഞ്ഞ് അവര്‍ തിരിച്ചുവന്ന ഈ ചിത്രത്തില്‍ കൂടെ അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷം,” താരം പറയുന്നു.

സിനിമാതാരം എന്ന പരിഗണന മറ്റുള്ളവര്‍ തന്നാലും സ്വീകരിക്കാറില്ലെന്നും കാരണം അത് ചില നേരങ്ങളില്‍ താന്‍ സുഖിച്ചു പോകുമെന്നും താരം പറയുന്നുണ്ട്.

ഏറെ കാലത്തിന് ശേഷം ബോട്ട് കണ്ടക്ടറുടെ റോളിലാണ് നവ്യ ഒരുത്തീയിലെത്തുന്നത്. ചിത്രത്തില്‍ പ്രധാന്യമുള്ള പൊലീസ് ഓഫീസറുടെ കഥാപാത്രമാണ് വിനായകന്‍ അവതരിപ്പിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം നവ്യ നായര്‍ വീണ്ടും ബിഗ് സ്‌ക്രീനുകളില്‍ കാണുന്നതിന്റെ ത്രില്ലിലും കൂടിയാണ് പ്രേക്ഷകര്‍.

ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികളെ മനോധൈര്യംകൊണ്ട് നേരിടുന്ന സാധാരണക്കാരിയായ വീട്ടമ്മയുടെ കഥപറയുന്ന ചിത്രത്തില്‍ രാധാമണിയെന്ന കേന്ദ്രകഥാപാത്രമായാണ് നവ്യ നായര്‍ വീണ്ടും ബിഗ് സ്‌ക്രീനിലെത്തുന്നത്. പെണ്‍പോരാട്ടത്തിന്റെ കഥപറയുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ഏവരും നോക്കിക്കാണുന്നത്.

കുടുംബ പശ്ചാത്തലത്തില്‍ അതീജീവനത്തിന്റെയും സ്നേഹബന്ധങ്ങളുടെയും കഥയാണ് ചിത്രം പറയുന്നത്. കെ.പി.എ.സി. ലളിത അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്‍, ജയശങ്കര്‍ കരിമുട്ടം, മനു രാജ്, മാളവിക മേനോന്‍, ചാലി പാല എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

എസ്. സുരേഷ് ബാബുവാണ് തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് കെ.വി.അബ്ദുള്‍ നാസറാണ്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. ചിത്രത്തിന്റൈ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡും ചേര്‍ന്നാണ്.

Content Highlight: Actor Vinayakan  shares his experience with Navya Nair in the Film Vellithira

We use cookies to give you the best possible experience. Learn more