'കെ റെയില്‍ ഇല്ലെങ്കില്‍ ആരും ചാകില്ല'; ശ്രീനിവാസന്റെ അഭിപ്രായം പങ്കുവെച്ച് വിനായകന്‍; അനുകൂലിച്ചതോ? ട്രോളിയതോ?
Kerala News
'കെ റെയില്‍ ഇല്ലെങ്കില്‍ ആരും ചാകില്ല'; ശ്രീനിവാസന്റെ അഭിപ്രായം പങ്കുവെച്ച് വിനായകന്‍; അനുകൂലിച്ചതോ? ട്രോളിയതോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd February 2022, 5:14 pm

കൊച്ചി: സംസ്ഥാനത്ത് സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെ നടനും തരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ഇതുമായി ബന്ധപ്പെട്ട അഭിപ്രായത്തിന്റ സ്‌ക്രീന്‍ ഷോട്ട് ഫേസ്ബുക്കിലൂടെ പങ്കുവെച്ച് നടന്‍ വിനായകന്‍. ‘കെ റെയില്‍ ഇല്ലെങ്കില്‍ ആരും ചാകില്ല’ എന്ന ശ്രീനിവാസന്റെ അഭിപ്രായമാണ് വിനായകന്‍ പങ്കുവെച്ചിരിക്കുന്നത്.

ഇതോടെ, ഒരു ഇടതുപക്ഷ അനുഭാവിയായ വിനായകന്‍ ശ്രീനിവാസന്റെ അഭിപ്രായം ഷെയര്‍ ചെയ്തതു വഴി എന്താണ് ഉദ്ദേശിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.

ഇനി ശ്രീനിവാസന്റെ നിലപാടിനെ അനുകൂലിച്ചതാണോ? അതോ ഇടത് അനുകൂലിയായ വിനായകന്‍ സ്‌ക്രീന്‍ ഷോട്ട് പങ്കുവക്കുക വഴി തന്റെ സ്ഥിരം ശൈലിയില്‍ ശ്രീനിവാസനെ ട്രോളിയതാണോ? എന്ന ചോദ്യമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. മുമ്പ് ആന്റണി പെരുമ്പാവൂര്‍, ദിലീപ് തിടങ്ങിയവരെയും വിനായകന്‍ ഇതുപോലൈ തന്റെ വാളില്‍ ചര്‍ച്ചയാക്കിയിരുന്നു.

കെ റെയില്‍ ഇല്ലെന്നു കരുതി ആരും മരിച്ചൊന്നും പോകില്ലെന്നും ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം കഴിഞ്ഞിട്ട് പദ്ധതി നടപ്പാക്കിയാല്‍ പോരേയെന്നുമായിരുന്നു ശ്രീനിവാസന്‍ പറഞ്ഞിരുന്നത്.

‘ഭക്ഷണം പാര്‍പ്പിടം തുടങ്ങി പ്രാഥമിക ആവശ്യങ്ങള്‍ ഇനിയും നടപ്പാക്കാനുണ്ട്. ഇതൊക്കെ കഴിഞ്ഞിട്ട് പോരെ അതിവേഗ റെയില്‍ നടപ്പാക്കുന്നത്. കടം മേടിച്ചിട്ടേ ഈ പദ്ധതി നടപ്പാക്കാനാകൂ, പിന്നീട് കടം കിട്ടാതാകും. കോണ്‍ഗ്രസ് അവര്‍ ഭരണത്തിലിരിക്കുന്ന സമയത്ത് തന്നെ ഈ പദ്ധതിയെക്കുറിച്ച് ആലോചിച്ചെന്നാണ് അറിഞ്ഞത്. ഇപ്പോള്‍ ഭരണത്തിലില്ലാത്തതുകൊണ്ടായിരിക്കുമോ ഇതിനെ എതിര്‍ക്കുന്നത് എന്ന് എനിക്ക് അറിയില്ല. അവര്‍ക്കും ചിലപ്പോള്‍ നേട്ടം എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇതിനെ എതിര്‍ക്കുമായിരുന്നില്ല.

അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പാക്കിയിട്ട് മതി കെ റെയിലില്‍ പോകുന്നത്. ഇതൊന്നുമില്ലാതെ ആളുകള്‍ യാത്ര ചെയ്യുന്നില്ലേ. സില്‍വര്‍ ലൈന്‍ വരാത്തതുകൊണ്ട് ആളുകള്‍ മരിച്ചുപോകുകയൊന്നുമില്ലല്ലോ,’ എന്നായിരുന്നു ശ്രീനിവാസന്റെ പ്രതികരണം.

അതേസമയം, സില്‍വര്‍ ലൈനിന് ഇപ്പോള്‍ അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തു. കേരളം നല്‍കിയ ഡി.പി.ആര്‍ പൂര്‍ണമല്ലെന്നും പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു.

റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവാണ് പാര്‍ലമെന്റില്‍ കേന്ദ്ര നിലപാട് പറഞ്ഞത്. സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. സാമൂഹിക ആഘാത പഠനത്തിനുള്ള നടപടികള്‍ മാത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും റെയില്‍വെ മന്ത്രി അറിയിച്ചു.

കേരളത്തില്‍ നിന്നുള്ള എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രനും കെ. മുരളീധരനും ലോകസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ടെക്നിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട് ഡി.പി.ആറില്‍ ഇല്ലെന്ന് മന്ത്രി പറഞ്ഞു.

ഏറ്റെടുക്കേണ്ട റെയില്‍വേ, സ്വകാര്യ ഭൂമി എന്നിവയുടെ കണക്ക് കാണിക്കണം. പരിസ്ഥിതി പഠനം നടത്തണം. ഇവയൊക്കെ പരിശോധിച്ചതിനു ശേഷം മാത്രമേ പദ്ധതിക്ക് അനുമതി നല്‍കാനാകൂ എന്ന് മന്ത്രി പറഞ്ഞു.

എന്നാല്‍ മന്ത്രിയുടെ പ്രതികരണത്തെക്കുറിച്ച് അറിയില്ലെന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചാല്‍ പ്രതികരിക്കാമെന്നുമാണ് കെ റെയില്‍ അധികൃതരുടെ പ്രതികരണം.